നടിയുടെ ലഹരിമരുന്ന് കടത്ത്; അന്വേഷണം സിനിമാ രംഗത്തേക്ക്

Web Desk
Posted on December 28, 2018, 9:54 pm

കൊച്ചി: തൃക്കാക്കരയില്‍ പിടിയിലായ നടി അശ്വതി ബാബുവിന്റെ ലഹരിമരുന്ന് കേസില്‍ അന്വേഷണം സിനിമാ സീരിയല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുവാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. പ്രമുഖ സീരിയല്‍ താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്‌തേക്കും. നടി താമസിച്ചിരുന്ന കൊച്ചി പാലച്ചുവടിലെ ഫഌാറ്റില്‍ മയക്കുമരുന്ന് വ്യാപകമായി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ഇവിടെ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുവാന്‍ ആളുകള്‍ എത്താറുണ്ടായിരുന്നുവെന്നും ഇവര്‍ക്കായി പ്രത്യേക പാര്‍ട്ടികള്‍ അശ്വതിബാബുവും സംഘവും ഒരുക്കിയിരുന്നതായും വെളിപ്പെട്ടത്.

പാര്‍ട്ടികളില്‍ പങ്കെടുക്കുവാന്‍ സിനിമാസീരിയല്‍ മേഖലകളിലെ ചില താരങ്ങള്‍ എത്തിയിരുന്നുവെന്നും വിവരം ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിനിമാ സീരിയല്‍ മേഖലകളിലേക്ക് മയക്ക് മരുന്ന് കേസിന്റെ അന്വേഷണം വ്യാപിപ്പിക്കുവാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. അശ്വതി ബാബു സ്ഥിരമായി ഗോവയില്‍ പോയിരുന്നതായി അന്വേഷണ സംഘം സ്ഥിരികരിച്ചു. മയക്കുമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുക്കാനായിരുന്നു നടി ഗോവയില്‍ പോയിരുന്നത്. ഗോവയോടൊപ്പം ബംഗളൂരുവിലും പാര്‍ട്ടികളില്‍ നടി സജീവമായി പങ്കെടുത്തിരുന്നു. കൊച്ചി സിറ്റി ഷാഡോ പൊലീസ് നടിയുടെ ഫഌറ്റില്‍ നിന്നും പിടികൂടിയ എംഡിഎംഎയും എത്തിച്ചത് ബാംഗ്ലൂരില്‍ നിന്നാണെന്ന് നേരത്തെ ചോദ്യം ചെയ്യലില്‍ നടി സമ്മതിച്ചിരുന്നു.

വിഷാദരോഗത്തില്‍ നിന്ന് രക്ഷതേടിയാണ് ലഹരി ഉപയോഗിക്കുന്നതെന്നും മൊഴിയിലുണ്ട്. വന്‍കിട ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ചാണ് നടി മയക്കുമരുന്ന് കൈമാറിയിരുന്നത്. കൊച്ചി കേന്ദ്രീകരിച്ച് പെണ്‍വാണിഭവും നടത്തിയിരുന്നതായി ആദ്യഘട്ടത്തില്‍ തന്നെ പൊലീസ് നിഗമനത്തിലെത്തിയിരുന്നു. ഈ കണ്ടെത്തലുകള്‍ ശരിയാണെന്ന് തെളിഞ്ഞതോടെയാണ് മയക്ക് മരുന്ന് കേസ് സിനിമാസീരിയല്‍ മേഖലകളിലേക്കും വ്യാപിപിക്കുന്നത്. കൊച്ചിയിലെ സെക്‌സ് റാക്കറ്റുമായി ബന്ധം സൂചിപ്പിക്കുന്നതടക്കമുള്ള ശബ്ദ സന്ദേശങ്ങള്‍ നടിയുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനായി നടിയെ കസ്റ്റഡിയില്‍ വാങ്ങുവാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.