വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്ത സംഘത്തിലെ പ്രധാനികള്‍ പിടിയില്‍

Web Desk
Posted on February 06, 2019, 5:55 pm

നെടുങ്കണ്ടം: വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്ത സംഘത്തിലെ പ്രധാനികള്‍ പിടിയില്‍. കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികളടക്കം അഞ്ച് പേര്‍ പിടിയില്‍.  കൊല്ലം വയനകുളം കുന്നത്തു വളത്തുങ്കല്‍ സെയ്ദലി (22), മങ്കുഴി വടക്കേതില്‍ ആസിഫ് അലി (21), വാളത്തുങ്കല്‍  എണപ്പള്ള തൊടിയില്‍ നൗഷര്‍ (21), ആലപ്പുഴ തെക്കേക്കരയില്‍ ശില്‍പ്പാലയം ശരത് (20), തട്ടമല വെളിയില്‍ മുഹത്തര്‍ (21)എന്നിവരാണു പിടിയിലായത്.  പുലര്‍ച്ചെ നാലിന് കാറില്‍ ഒളിപ്പിച്ച് 1.300 കിലോഗ്രാം കഞ്ചാവ് കടത്തുവാന്‍ ശ്രമിക്കുന്നതിനിടെയാണ് അഞ്ചുപേരെയും പിടികുടുന്നത്.

ആസിഫ് അലി കൊല്ലം കടപ്പാക്കടയിലും ശരത് തൂക്കുപാലത്തെ സ്വകാര്യ കോളജിലേയും വിദ്യാര്‍ഥികളാണ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രാധാന കണ്ണികളാണിവരെന്ന് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കമ്പത്തു നിന്നും 15000 രൂപക്കാണ് കഞ്ചാവ് വാങ്ങിയത്.  ഇവരെ കേന്ദ്രീകരിച്ച് ജില്ലാ എക്‌സൈസ് വിഭാഗം അന്വേഷണം ആരംഭിച്ചു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും എക്‌സൈസ്
കസ്റ്റഡിയിലെടുത്തു. കമ്പംമെട്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എം കുഞ്ഞുമുഹമ്മദ്, പ്രിവന്റീവ് ഓഫിസര്‍ പി ജി രാധാകൃഷ്ണന്‍, കെ ജെ ബിനോയി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അനുപ്,ടി എ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.