19 April 2024, Friday

അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ അറസ്റ്റില്‍ ; പത്ത് കോടിയുടെ എല്‍എസ്ഡി പിടിച്ചെടുത്തു

Janayugom Webdesk
ന്യൂഡല്‍ഹി
June 6, 2023 11:33 pm

അന്താരാഷ്ട്ര തലത്തില്‍ വേരുകളുള്ള രാജ്യവ്യാപക മയക്കുമരുന്ന് ശൃഖലയെ പിടികൂടി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. പത്ത് കോടി രൂപയില്‍ അധികം വില വരുന്ന ലൈസെര്‍ജിക് ആസിഡ് ഡൈതലാമൈഡ് (എല്‍എസ്ഡി ) സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു. ആറുപേരെ അറസ്റ്റ് ചെയ്തു. മാനസിക വിഭ്രാന്തി ഉണ്ടാക്കുന്ന രാസ മയക്കുമരുന്നായ എല്‍എസ്ഡിയുടെ 15,000 സ്റ്റാമ്പുകളാണ് എന്‍സിബി പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്തവരുമായ ആറു പേരാണ് അറസ്റ്റിലായത്.

അറസ്റ്റിലായവരില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. വിപണി മൂല്യ പ്രകാരം പത്തര കോടി വില വരുന്ന സ്റ്റാമ്പുകളാണ് പിടികൂടിയത്. രാജ്യത്ത് എല്‍എസ്ഡി സ്റ്റാമ്പുകളുടെ വിപുലമായ ശേഖരം പിടികൂടുന്നത് ആദ്യമെന്നാണ് എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിങ് വ്യക്തമാക്കിയത്. ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് എല്‍എസ്ഡി സ്റ്റാമ്പ് കച്ചവടം തുടര്‍ന്നത്. നിയമ വിരുദ്ധമായ ആയുധ, മയക്കു മരുന്ന്, അശ്ലീല വീഡിയോ, തീവ്രവാദം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പ്രയോജനപ്പെടുത്തുന്ന ഡാര്‍ക്ക് വെബ് എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇടപാടുകള്‍ക്കായി ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെ ഡിജിറ്റല്‍ പണമിടപാടിലൂടെയായിരുന്നു പ്രവര്‍ത്തനമെന്ന് എന്‍സിബി വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ പൊലീസ് സംവിധാനത്തെ മറികടന്ന് നിയമ വിരുദ്ധമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സംശയം ഉയര്‍ന്നതോടെയാണ് എന്‍സിബി ഡാര്‍ക്ക് വെബില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്.

പോളണ്ട്, നെതര്‍ലന്റ്, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ഇടപാടുകള്‍ നടത്തുന്ന സംഘത്തിന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശൃംഖലയുണ്ടെന്നാണ് എന്‍സിബി വ്യക്തമാക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഈ മയക്കുമരുന്ന് രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗത്തിലുണ്ട്. ദശാശം ഒരു ഗ്രാം കൈവശം വയ്ക്കുന്നത് വാണിജ്യ പരിധിയായി കണക്കാക്കി, അവര്‍ക്കെതിരെ നര്‍ക്കോട്ടിക് ആന്റ് സൈക്കോട്രോപിക് സബ്‌സ്റ്റെന്‍സ് (എല്‍ഡിപിഎസ്) പ്രകാരം ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ വ്യവസ്ഥയുണ്ട്. വാണിജ്യ അളവു പരിധി പ്രകാരം പിടിച്ചെടുത്ത സ്റ്റാമ്പുകള്‍ കൈവശം വയ്ക്കാവുന്ന പരിധിയുടെ 2,500 ഇരട്ടിയാണെന്ന് സിങ് പറഞ്ഞു. 2021 ല്‍ കര്‍ണാടകയിലും 2022 ല്‍ കൊല്‍ക്കത്തിയിലും എന്‍സിബി 5000 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടിയിരുന്നു.

Eng­lish Sum­ma­ry: drug mafia arrest­ed; LSD worth 10 crores seized
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.