10 September 2024, Tuesday
KSFE Galaxy Chits Banner 2

ലഹരി കൂടുന്നു.….….….……കേസും

Janayugom Webdesk
September 14, 2022 12:06 pm

കാസര്‍കോട്  ജില്ലയില്‍  വര്‍ഷം ഇതുവരെ ലഹരി സംബന്ധിച്ച 1819 കേസുകള്‍
കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ ഇതുവരെയായി മദ്യം, കഞ്ചാവ് , മഴക്കുമരുന്ന് സംബന്ധിച്ച 1819 കേസുകളാണ് എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജില്ലയിലെ പൊലീസ് സ്റ്റേഷന്‍പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ ഇതിലും എത്രയോ കൂടുതല്‍ വരും. എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തതില്‍ 680 അബ്കാരി കേസുകളും 56 നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) കേസുകളും 1083 സിഗരറ്റ് ആന്റ് അദര്‍ ടുബാക്കോ പ്രൊഡക്റ്റ്‌സ് ആക്റ്റ് 2003(കോട്പ) പ്രകാരമുള്ള കേസുകളും ഉള്‍പ്പെടും. 233.5 ഗ്രാം എംഡിഎംഎയും 10.778 കിലോ കഞ്ചാവും ഐസ്‌മെത്ത്(മെതാംഫെറ്റമീന്‍) 4.7 ഗ്രാമും ഒരു കഞ്ചാവ് ചെടിയും 1.5 മില്ലിഗ്രം ക്ലോനെക്‌സിഫാനും .36 ഗ്രാം ഹാഷിഷ് ഓയിലും 10.52 ഗ്രാം ബ്രൗണ്‍ഷുഗറും 1567 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും 185.3 ലിറ്റര്‍ ചാരായവും 5870 ലിറ്റര്‍ വാഷും 1095 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 699.15 ലിറ്റര്‍ ബീയറും 42024.42 ലിറ്റര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യവും പിടികൂടിയിരുന്നു. കോട്പാ കേസുകളില്‍ 302900 രൂപ പിഴ ചുമതിയിരുന്നു. ലഹരി വേട്ടക്കിടെ എക്‌സൈസ് വകുപ്പ് 36,47000 രൂപ കുഴല്‍പ്പണവും പിടികൂടിയിരുന്നു. അബ്കാരി കേസില്‍ 411 പ്രതികളെയും എന്‍ഡിപിഎസ് കേസില്‍ 56 പേരെയുമാണ് അറസ്റ്റു ചെയ്തിട്ടുള്ളത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഓരോ മാസവും ലഹരി ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എക്‌സൈസും പൊലീസും നിരവധി ഓരോ ദിവസവും നിരവധി കേസുകള്‍ പിടികൂടുന്നുണ്ടെങ്കിലും ജില്ലയില്‍ എത്തുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ ചെറിയൊരു ശതമാനം മാത്രമാണ് പിടികൂടാനാവുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും കൈകോര്‍ത്താര്‍ മാത്രമേ ലഹരി വിമുക്ത ജില്ല എന്ന ലക്ഷ്യത്തിലെത്താനാവൂ. എക്‌സൈസ് ഡെപ്യൂട്ടീ കമ്മീഷണര്‍ ഡി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലയിലെ എക്‌സൈസ് ടീം കഴിഞ്ഞ കാലങ്ങളിലും ഉത്സവ സീസണുകളിലെല്ലാം ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതോടൊപ്പം പൊലീസും കാര്യക്ഷമമായ ഇടപെടലാണ് നടത്തിയത്. എന്നാല്‍ ജില്ലയില്‍ എംഡിഎംഎയുടെ വരവ് കൂടിയത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുള്ള എംഡിഎംഎ പോലുള്ള ലഹരി കച്ചവടം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുകയാണ്. പല തരത്തില്‍, രൂപത്തില്‍ ലഹരി കുട്ടികളിലേക്കെത്തുമ്പോള്‍ നശിച്ചു പോകുന്നത് പുതുതലമുറയാണ്. കഞ്ചാവ് വില്പന നഗരങ്ങളിലും ഗ്രാമങ്ങളിലും സജീവമാണ്. 60 ശതമാനം സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും അറിഞ്ഞോ അറിയാതയോ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കളാണ് ഈ ചതിക്കുഴിയില്‍ വീണവരില്‍ പലരും. 20നും 25നും ഇടയില്‍ പ്രായമുള്ളവര്‍. പെണ്‍കുട്ടികള്‍ പോലും ഇതിന് അടിപ്പെടുന്നു. പല രൂപത്തില്‍ ഇത് യുവാക്കളിലെത്തുന്നു. മിഠായി രൂപത്തിലും, ഗുളിക രൂപത്തിലും, സ്റ്റാമ്പ് രൂപത്തിലും, ഇലക്ട്രോണിക്ക് സിഗരറ്റ് രൂപത്തിലും ഇത് വിദ്യാര്‍ത്ഥികളിലെത്തുന്നതായും അധികൃതര്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇതില്‍ ഭൂരിഭാഗവും.

ആശങ്കയോടെ രക്ഷിതാക്കള്‍
വിദ്യാര്‍ഥികളെയാണ് ലഹരി മാഫിയസംഘങ്ങള്‍ പ്രധാനമായും വലയിലാക്കുന്നത്. കഞ്ചാവ്, ഹാഷിഷ്, ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍, ചരസ്, ഓപ്പിയം, എംഡിഎംഎ, മാജിക് മഷ്‌റൂം തുടങ്ങിയ മാരകവിഷമുള്ള ലഹരിയുടെ വന്‍ശേഖരവുമായാണ് ഇരകളെ വലവീശുന്നത്. ഒരുകാലത്ത് നഗരങ്ങള്‍ കേന്ദ്രീകരിച്ച ലഹരിവ്യാപാരം ഗ്രാമങ്ങളിലേക്കും അപകടകരമായി വ്യാപിക്കുകയാണ്. അതുകൊണ്ട് തന്നെ ചുറ്റുംലഹരി പടരുമ്പോള്‍ മക്കളില്‍ ഒരു കണ്ണ് നല്ലതാണ്. കുട്ടികള്‍ വൈകി വീട്ടിലെത്തുന്നതും സ്വഭാവത്തിലെ മാറ്റവും കണ്ടാല്‍ ശ്രദ്ധിക്കണം. രാത്രി ഒരു കാര്യവുമില്ലാതെ ടൗണില്‍ ചുറ്റിത്തിരിയുന്ന കുട്ടികളുണ്ട്. നഗരത്തില്‍ ചുറ്റിത്തിരിയുന്ന കുട്ടികളില്‍ ചിലരെങ്കിലും ലഹരിക്കാരുടെ വലയിലാണ് വീഴുന്നത്. ശരീരഭാഷയിലും പെരുമാറ്റത്തിലുമെല്ലാം സമൂലമാറ്റം. കാര്യമന്വേഷിച്ചാല്‍ വ്യക്തമായ ഉത്തരമില്ല, ശത്രുക്കളെപ്പോലെ കാണും രക്ഷിതാക്കളെ. പിന്നീടാണറിയുക മകന്‍ മാരകമായ മയക്കുമരുന്നിന്റെ ദൂഷിത വലയത്തിലകപ്പെട്ടു കഴിഞ്ഞെന്ന്. ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകാത്ത വിധം മയങ്ങിവീഴുകയാണ് യൗവ്വനം. വിദ്യാര്‍ഥികളും കുട്ടികളും മാരകവിഷമായ ന്യൂജെന്‍ മയക്കുമരുന്നുകളുടെ ചതിക്കുഴിയിലകപ്പെടുന്നു. ഉപയോഗത്തിനൊപ്പം കടത്തുകാരും വില്പനക്കാരുമായും മാറുന്നു. യുപി സ്‌കൂളുകളില്‍വരെ കണ്ണുവച്ച ലഹരി മാഫിയ, കുരുന്നുകളെപ്പോലും വലവീശിപ്പിടിക്കുന്നു. നിരവധി പെണ്‍കുട്ടികളടക്കം ലഹരിക്കടിമപ്പെട്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന സംഭവങ്ങളുണ്ട്.

കരുതലിന്റെ ചുവടുകളുമായി സുരക്ഷാശ്രീയും
ലഹരിക്കടിപ്പെടുന്ന ബാല്യവും കൗമാരവും. സമൂഹത്തിന് തന്നെ വെല്ലുവിളിയാകുന്ന പൊതുപ്രശ്‌നങ്ങളില്‍ ജാഗ്രതാ പൂര്‍വം ഇടപെടുകയാണ് കുടുംബശ്രീയും. സുരക്ഷാശ്രീ എന്ന പേരിലുള്ള ദീര്‍ഘകാല പദ്ധതിയിലൂടെ ലഹരിക്കെതിരായ ചുവട് വെപ്പ് നടത്തുകയാണ് കുടുംബശ്രീ. സുരക്ഷിത ബാല്യം, സുരക്ഷിത കൗമാരം, സംതൃപ്ത കുടുംബം തുടങ്ങിയ സന്ദേശമുണര്‍ത്തി മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ പരിപാടികളാണ് ജില്ലാ മിഷന്‍ ആസുത്രണം ചെയ്തിരിക്കുന്നത്. ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, ഗൃഹസന്ദര്‍ശനം, കൗണ്‍സിലിങ്, സാംസ്‌കാരിക മതില്‍, തെരുവ് നാടകങ്ങള്‍, ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍, ലഹരി വിരുദ്ധ സുരക്ഷാ സേന തുടങ്ങി വൈവിധ്യങ്ങളായ പദ്ധതികളാണ് സുരക്ഷാശ്രീ വഴി നടപ്പാക്കുക. ഉത്രാടം, ഓണം നാളുകളില്‍ എല്ലാ വീടുകളിലും കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു.

കുട്ടികളിലെ ഉപയോഗം പഠിക്കാന്‍ സാമൂഹ്യനീതി വകുപ്പും
കുട്ടികളിലും കൗമാരക്കാരിലും വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലഹരിയുടെ ആധിക്യത്തെയും വിതരണത്തെയും കുറിച്ച് പഠനം നടത്താന്‍ സാമൂഹ്യനീതി വകുപ്പ് ഒരുങ്ങുന്നു. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇടയില്‍ ലഹരി ഉപയോഗത്തില്‍ മുമ്പെങ്ങുമില്ലാത്ത വര്‍ദ്ധന ഉണ്ടായതിനെ തുടര്‍ന്നാണ് സാമൂഹ്യ നീതി വകുപ്പ് ഇത്തരമൊരു പഠനത്തിലേക്ക് കടന്നത്. റിപ്പോര്‍ട്ടുകളിലെ കണ്ടെത്തല്‍ പരിശോധിച്ച ശേഷമാകും മറ്റ് നടപടികളിലേക്ക് സാമൂഹ്യ നീതി വകുപ്പ് കടക്കുകയെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. .ലഹരി ഉപയോഗം വ്യാപകമായതിനാല്‍ തന്നെ ഇത് ബാല ലൈംഗിക ചൂഷണം അടക്കമുള്ള ഗുരുതര പ്രശ്‌നങ്ങളിലേക്കും എത്താന്‍ സാദ്ധ്യതയുണ്ടെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കരുതലുമായി പൊലീസും എക്‌സൈസും
മയക്കുമരുന്ന് വ്യാപനത്തിനെതിരെയുള്ള കരുതലുമായി നാടും പൊലീസ്, എക്‌സൈസ് അധികൃതരുമുണ്ട്. മയക്കുമരുന്ന് മാഫിയയെ തളയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമമുണ്ടാക്കി കര്‍ശന നടപടിയുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഗുരുതരമായ ഒന്നില്‍ കൂടുതല്‍ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതികളുടെയും അവരെ വില്‍പ്പനക്ക് സഹായിക്കുന്നവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ പുരോഗമിക്കുകയാണ്. നേരത്തെ ഇത്തരക്കാര്‍ പിടിയിലായാല്‍ അഭിഭാഷകരെവച്ച് കോടതികളില്‍നിന്ന് ജാമ്യമെടുത്ത് പുറത്തിറക്കാന്‍ മാഫിയാ സംഘങ്ങള്‍ രംഗത്തെത്തുമായിരുന്നു. ഇനി ഇത്തരക്കാരെ അഴിക്കാനാവാത്ത പൂട്ടിടാനാണ് പൊലീസും എക്‌സൈസും ശ്രമിക്കുന്നത്. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലടക്കം പിടിമുറുക്കിയ മയക്ക് മരുന്ന് മാഫിയയെ പ്രതിരോധിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മയക്ക് മരുന്ന് സംഘത്തിന്റെ വലയിലകപ്പെടുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. എം.ഡി.എം.എ പോലുള്ള മാരക ലഹരിമരുന്നുകള്‍ വില്‍പന നടത്തുന്ന റാക്കറ്റുകളെ തടയാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍, യുവജന സംഘങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ് എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

എം ഡി എം എ വിപണനം വ്യാപകം
ജില്ലയില്‍ എം ഡി എം എ അടക്കമുള്ള മയക്കുമരുന്നുകളുടെ വിപണനം വ്യാപകമാകുന്നു. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ ലക്ഷ്യമിട്ട് ജില്ലയില്‍ എം ഡി എം എയുടയും കഞ്ചാവ് അടക്കമുള്ള മറ്റ് ലഹരിവസ്തുക്കളുടെയും കച്ചവടം പൊടിപൊടിക്കുകയാണ്. എംഡിഎംഎക്ക് ഒരിക്കല്‍ അടിമപ്പെട്ടാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വലിയ പ്രയാസമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വന്‍തോതില്‍ എം ഡി എം എ ഉള്‍പ്പെടെയുള്ള മാരകലഹരിമരുന്നുകള്‍ വില്‍പ്പനക്ക് കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രപകാരം പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്. ബംഗളൂരു, ദല്‍ഹി, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് എം ഡി എം എ മയക്കുമരുന്ന് വിതരണത്തിനെത്തിക്കുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബസുകളിലും സ്വകാര്യവാഹനങ്ങളിലും ട്രെയിനുകളിലും എം ഡി എം എ കടത്തിക്കൊണ്ടുവരുന്നുണ്ട്. കോളജ് വിദ്യാര്‍ഥികള്‍ അടക്കം എം ഡി എം എ കടത്തിലെ കണ്ണികളാണ്. കഴിഞ്ഞ ദിവസം ബേഡകം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ എം ഡി എം എ കടത്തുന്നതിനിടെ പിടിയിലായത് കോളജ് വിദ്യാര്‍ഥികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.