കോഴിക്കോട് സ്കൂളിൽ വെച്ച് മദ്യപിച്ച പെൺകുട്ടികൾ തല കറങ്ങി വീണു

Web Desk
Posted on September 20, 2019, 8:49 am

കോഴിക്കോട്: സ്കൂളിൽ വെച്ച് മദ്യപിച്ച പെൺകുട്ടികൾ തല കറങ്ങി വീണു. നഗരത്തിലെ ഒരു പ്രമുഖ എയ്ഡഡ് സ്‌കൂളിലെ മൂന്ന് പെണ്‍കുട്ടികളെയാണ് ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയെന്നപേരില്‍ രഹസ്യമായാണ്  ചികിത്സ നടത്തിയത്.

വീട്ടില്‍ രക്ഷിതാവ് സൂക്ഷിച്ച മദ്യം പത്താംക്ലാസിലെ ഒരു വിദ്യാര്‍ഥിനി സ്‌കൂളില്‍ എത്തിക്കുകയായിരുന്നു. ഉച്ചഭക്ഷണശേഷം സ്വയംമദ്യപിക്കുകയും മറ്റ് രണ്ട് സഹപാഠികള്‍ക്കുകൂടി മദ്യം നല്‍കുകയും ചെയ്തു. മദ്യപിച്ച മൂവരില്‍ രണ്ടുപേര്‍ക്ക് തലകറക്കം വന്നതോടെ ഇവര്‍ കക്കൂസിലേക്ക് ഓടി. അവിടെ ഇരുവരും കുഴഞ്ഞുവീണു. മൂന്നാമത്തെ വിദ്യാര്‍ഥിനി അധ്യാപകരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. രക്ഷിതാക്കളെയും വിവരമറിയിച്ചു. നിരീക്ഷണത്തിനുശേഷം വൈകീട്ടോടെ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി സ്‌കൂള്‍അധികൃതര്‍ക്കോ രക്ഷിതാക്കള്‍ക്കോ പരാതിയില്ലാത്തതിനാല്‍ പോലീസ് നടപടിയുണ്ടായില്ല.

സിറ്റി പോലീസ് ചീഫ് എ.വി. ജോര്‍ജ് വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണ ക്ലാസെടുക്കാന്‍ പോലീസ് തയ്യാറാണെന്നും അതിനുള്ള സംവിധാനമുണ്ടെന്നും സിറ്റി പോലീസ് ചീഫ് എ.വി. ജോര്‍ജ്  പറഞ്ഞു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികള്‍ മാത്രമുള്ള വിദ്യാലയങ്ങളാണെങ്കില്‍ സിറ്റി വനിതാസെല്‍ സി.ഐ.യെ സമീപിച്ചാല്‍ കൗണ്‍സലിങ്ങും തുടര്‍സഹായങ്ങളും ലഭിക്കും. വിദ്യാലയങ്ങളിലെ അധ്യാപകരക്ഷാകര്‍ത്തൃസമിതികളില്‍ ആവശ്യമെങ്കില്‍ അതത് സ്റ്റേഷന്‍ പരിധികളിലെ സി.ഐ.മാരോ എസ്.ഐ.മാരോ പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിദ്യാലയങ്ങളില്‍ നേരിട്ടെത്തി അന്വേഷണറിപ്പോര്‍ട്ട് നല്‍കണം. ഇത്തരം കാര്യങ്ങള്‍ വിദ്യാലയാധികൃതര്‍ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.