കാസർകോട്: പഠനയാത്രയ്ക്കിടെ മദ്യപിച്ച് ലക്കുകെട്ട് വിദ്യാർത്ഥിനികളോടും നാട്ടുകാരോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ. നാട്ടുകാർ നടത്തിയ തിരച്ചിലിൽ വാഹനത്തിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു. ബുധനാഴ്ച വൈകീട്ട് കണ്ണൂർ പിണറായി പോലീസ് സ്റ്റേഷൻ പരിധിയിലെ മമ്പറം കായലോട്ടാണ് സംഭവം. കാസർകോട് മൊഗ്രാൽ പുത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ വെൽഡിങ് ട്രേഡ്സ്മാൻ കണ്ണൂർ പഴയങ്ങാടി സ്വദേശി കെ എം ബിജു (46)വിനെയാണ് പിണറായി പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. മൊഗ്രാൽ പുത്തൂർ ഗവ. ടെക്നിക്കൽ സ്കൂളിലെ ഫാഷൻ ഡിസൈനിങ് ഡിപ്പാർട്ട്മെന്റിനു കീഴിൽ പഠിക്കുന്ന ഇരുപത്തി അഞ്ചോളം വിദ്യാർത്ഥിനികളുമായി വയനാട്ടിലേക്ക് പഠനയാത്രയ്ക്ക് ബുധനാഴ്ച രാവിലെ ബസ്സിൽ പുറപ്പെട്ടതായിരുന്നു രണ്ട് അധ്യാപകരും രണ്ട് അധ്യാപികമാരും ഉൾപ്പെട്ട സംഘം. മമ്പറം കായലോട്ട് എത്തിയപ്പോൾ ചായ കുടിക്കാനായി ബസ് നിർത്തി. ഇതിനിടെ മദ്യപിച്ച് ലക്കുകെട്ട ബിജു അവിടെയുണ്ടായിരുന്ന നാട്ടുകാരെ അസഭ്യം പറഞ്ഞു. ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി.
രംഗം വഷളായതോടെ ഡ്രൈവർ ബസ് വിടാൻ ശ്രമിച്ചെങ്കിലും മദ്യപിച്ച അധ്യാപകനെ സംഘത്തിൽനിന്ന് മാറ്റിനിർത്താതെ യാത്ര തുടരാൻ വിടില്ലെന്ന് നാട്ടുകാർ ശഠിച്ചു. ഒടുവിൽ ബിജുവിനെ ഒഴിവാക്കിയാണ് ബസ് പുറപ്പെട്ടത്. ഇതിനിടെ, അൽപദൂരം പിന്നിട്ട ശേഷം മറ്റൊരു വാഹനത്തിലെത്തി പഠനസംഘത്തിന്റെ ബസ്സിൽ കയറാനുള്ള പ്രതിയുടെ ശ്രമം പിന്നാലെയെത്തിയ നാട്ടുകാർ തടഞ്ഞു. ശേഷം നടത്തിയ പരിശോധനയിലാണ് ബിജു ഇരുന്നിരുന്ന സീറ്റിനടിയിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയത്. വിവര മറിഞ്ഞെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം യാത്ര തുടരാൻ മറ്റുള്ളവർക്ക് അനുമതി നൽകി. രാത്രി സ്കൂൾ സൂപ്രണ്ടിന്റെ ജാമ്യത്തിലാണ് ബിജുവിനെ വിട്ടയച്ചത്. അതിനിടെ, ഭരണപക്ഷ അധ്യാപക സംഘടനാ പ്രവർത്തകൻ ഉൾപ്പെട്ട കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമിച്ചതായി ആരോപണമുണ്ട്. സംഭവം വിവാദമായതോടെ സ്കൂളിൽ ഇന്ന് അടിയന്തര പിടിഎ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.