ശൂന്യതയിലേയ്ക്ക് തുറക്കുന്ന മരണങ്ങള്‍

Web Desk
Posted on October 19, 2017, 1:00 am

കുഞ്ഞുറുമ്പ് മുതല്‍ നീലത്തിമിംഗലം വരെയുള്ള ഓരോ ജീവിതത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ചില മരണങ്ങള്‍ക്ക് ശൂന്യതയിലേക്കുള്ള വാതിലുകള്‍ തുറന്നിടാനേ കഴിയുകയുള്ളു. ആഘോഷിക്കേണ്ടത് ജന്മദിനങ്ങളല്ല. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ വിവേകിയാണോ എന്ന് നിരീക്ഷിക്കുന്നത് മരണദിനത്തിലാണ്. ശൂന്യതയിലേയ്ക്ക് വാതില്‍ തുറന്നിടുന്ന മരണങ്ങള്‍ ഈ വിവേകികളുടേതാണ്. സമീപകാലത്തുണ്ടായ ചില മരണങ്ങള്‍ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഒരുപോലെ ശൂന്യത സൃഷ്ടിച്ചതായിരുന്നു.
അഷ്ടമുടിക്കായലിന്റെ തീരപ്രദേശം പൊതുമലയാളത്തിന് നല്‍കിയ അധ്യാപക നേതാക്കളില്‍ പ്രമുഖനായിരുന്നു റഷീദ് കണിച്ചേരി. നല്ല അധ്യാപകനായും അധ്യാപകരുടെ ജീവിതസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആളായും റഷീദ് മാഷ് ജീവിതത്തെ അര്‍ഥമുള്ളതാക്കി. കിണാശേരിയിലെ ഒരു മതേതര വിവാഹവേദിയില്‍ അടുത്തിരുന്ന അദ്ദേഹം എന്റെ ചെവിയില്‍ ഒരു രഹസ്യം പറഞ്ഞു. വിവാഹിതരെ അനുമോദിച്ചുകൊണ്ട് മതരഹിത ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ വിശദീകരിച്ചതുകൊണ്ടാകാം അദ്ദേഹം ആ സ്വകാര്യം ഞാനുമായി പങ്കുവച്ചത്. മരണാനന്തരം ശരീരം എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ എഴുതിവച്ചിട്ടുണ്ടെന്നായിരുന്നു റഷീദ് മാഷ് പറഞ്ഞത്. അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം മരണാനന്തരം ശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി വിട്ടുകൊടുത്തു. കുട്ടികളെ ഹൃദയപക്ഷ രാഷ്ട്രീയ ബോധമുള്ളവരായും നല്ല വായനക്കാരായും രൂപപ്പെടുത്തിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ജാതിമത പരിഗണനകള്‍ കൂടാതെ മകളുടെ വിവാഹം നടത്തിയും റഷീദ് മാഷ് മാതൃകയായി. റഷീദ് മാഷിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഞാനൊരു തേന്മാവിന്‍ തൈ നട്ട് ശൂന്യതയെ പ്രാണവായുവുള്ളതാക്കാന്‍ ശ്രമിക്കട്ടെ.
സാഹിത്യചിന്തകനും നിരൂപകനും ഉത്തമബോധ്യമുള്ള മനുഷ്യവാദിയുമായിരുന്നു പ്രൊഫ. പി മീരാക്കുട്ടി. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ മരണം ആത്മഹത്യയായിരുന്നില്ല എന്ന് അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം സമര്‍ഥിച്ചു. മഹാകവി കുമാരനാശാന്റെയും വള്ളത്തോളിന്റെയും വി സി ബാലകൃഷ്ണപ്പണിക്കരുടെയും കവിതകള്‍ക്ക് നൂതന ദര്‍ശനം നല്‍കിയ അദ്ദേഹം മക്കയില്‍ പോകുവാനുള്ള സന്ദര്‍ഭം പോലും വേണ്ടെന്ന് വച്ച മതാതീത മനസിന്റെ ഉടമയായിരുന്നു. യുവകവികളെ പ്രത്യേകം ശ്രദ്ധിക്കുകയും അവരുടെ രചനകളെ പഠനവിധേയമാക്കുകയും ചെയ്ത പ്രൊഫ. പി മീരാക്കുട്ടിയുടെ ഓര്‍മയ്ക്ക് മുന്നില്‍ ഒരു ചെമ്പകത്തൈ നട്ട് ശൂന്യതയെ സുഗന്ധപൂരിതമാക്കാന്‍ ശ്രമിക്കട്ടെ.
മതാതീത ജീവിതം നയിച്ച മറ്റൊരു പ്രതിഭയായിരുന്നു മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടറായിരുന്ന ഡോ. വി സി ഹാരീസ്. കുട്ടികളുമായി സുദൃഢ സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹം നാടകം, സിനിമ, അഭിനയം, വിമര്‍ശനം, വിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പുതിയ ഉണര്‍വ് സൃഷ്ടിച്ചു. ഇഷ്ടപ്പെട്ട പാട്ടുകള്‍ കുട്ടികളോടൊപ്പം പാടിയിരുന്ന ഗുരുപരിവേഷമില്ലാത്ത ചങ്ങാതിയായിരുന്നു ഹാരീസ്. അദ്ദേഹത്തിന് ഇഷ്ടഗാനങ്ങള്‍ പാടിക്കേള്‍പ്പിച്ചാണ് കുട്ടികള്‍ മരണാനന്തരം യാത്രയയപ്പ് നല്‍കിയത്. ഹാരീസിന്റെ മൃതദേഹം പള്ളിപ്പറമ്പിലല്ല അടക്കിയത്. അദ്ദേഹം സമ്പാദിച്ച സ്വന്തം സ്ഥലത്ത് മതപരമായ ഒരു ചടങ്ങും കൂടാതെയാണ് സംസ്‌കരിച്ചത്. മനുഷ്യസ്‌നേഹികളുടെ തേങ്ങിക്കരച്ചില്‍ ആ അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരം ചലച്ചിത്രമേളയിലെ സംവാദ വേദികളില്‍ ഹാരീസിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഒരു വാകമരത്തൈ നട്ട് ആ ശൂന്യതയെ വര്‍ണശബളമാക്കാന്‍ ശ്രമിക്കട്ടെ.
വിപ്ലവബോധം ഒരു മണ്‍ചെരാതുപോലെ മനസില്‍ കൊണ്ടുനടന്ന കവിയായിരുന്നു പരവൂര്‍ ജോസുകുട്ടി. പരന്ന വായനയും അതിലൂടെ നേടിയ അഗാധമായ അറിവും അദ്ദേഹത്തെ മിതഭാഷിയാക്കി. രണ്ട് കവിതാ പുസ്തകങ്ങള്‍ പരവൂര്‍ ജോസുകുട്ടി മലയാളത്തിന് തന്നു. ഒരു വിവര്‍ത്തന ഗ്രന്ഥവും. മതവിശ്വാസത്തെ സധൈര്യം തിരസ്‌കരിച്ച് അദ്ദേഹം ജീവിച്ചു.

സ്‌നേഹബന്ധങ്ങള്‍ക്ക് വലിയ ആദരവും അംഗീകാരവും നല്‍കി. സഹപ്രവര്‍ത്തകരുടെ വേദനകളില്‍ ഒപ്പം നിന്നു. ഒരു നാടകത്തിന്റെ രചനയ്ക്കായി പി എം ആന്റണിക്ക് സങ്കേതമൊരുക്കിക്കൊടുത്തു. രാജ്യം അതിവേഗം ബഹുദൂരം പിന്നോട്ടുപോകുമ്പോഴും പരവൂര്‍ ജോസുകുട്ടി ഹൃദയപക്ഷ നക്ഷത്രദീപ്തിയില്‍ അടിയുറച്ചു വിശ്വസിച്ചു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഒരു ചെമ്പരത്തിക്കമ്പ് നട്ട് ആ ശൂന്യതയെ രക്താഭമാക്കാന്‍ ശ്രമിക്കട്ടെ.

വിവേകികള്‍ മരിക്കുന്നില്ല. പ്രാണവായു നല്‍കുന്ന വൃക്ഷജാലത്തെ നട്ടുവളര്‍ത്തുവാനാണ് അവര്‍ ശൂന്യസ്ഥലങ്ങള്‍ അവശേഷിപ്പിക്കുന്നത്.