August 12, 2022 Friday

ബിസിനസ് മാന്ദ്യം മറികടക്കാന്‍ സംരംഭകര്‍ക്കായി ഇ‑ഉന്നതി കണക്ടിങ് ഭാരത് ദ്വിദിന സമ്മേളനം ഹോട്ടല്‍ മാരിയറ്റില്‍

Janayugom Webdesk
കൊച്ചി
February 12, 2020 7:06 pm

വനിതകളുടെ നേതൃത്വത്തിലുള്ള സാമൂഹിക സംരംഭമായ ഇ‑ഉന്നതിയുടെ നേതൃത്വത്തിലുള്ള സംരംഭക സമ്മേളനത്തിന്റെ രണ്ടാം പതിപ്പ് ഫെബ്രുവരി ഫെബ്രുവരി 14, 15 തീയതികളില്‍ ഇടപ്പള്ളിയിലെ ഹോട്ടല്‍ മാരിയറ്റില്‍ നടക്കും. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ വുമണ്‍ 2020 സമ്മിറ്റി വിജയകരമായി നടപ്പാക്കിയതിന് ശേഷമാണ് ഇത്തവണ ഇ‑ഉന്നതി കണക്ടിങ് ഭാരത് എന്ന തലവാചകത്തില്‍ ദ്വിദിന അന്താരാഷ്ട്ര സമ്മേളനമായ എക്‌സ്‌പോ ആന്റ് കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രായ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ സംരംഭകര്‍ക്കും സമ്മിറ്റില്‍ പങ്കെടുക്കാം. സംരംഭകരുടെ ആശയങ്ങളും കഴിവുകളും വികസിപ്പിക്കാനും ബിസിനസിലെ വെല്ലുവിളികളെ നേരിടാന്‍ അവരെ സജ്ജരാക്കാനും ലക്ഷ്യമിട്ടാണ് സമ്മേളനം. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ സംരംഭകര്‍ക്ക് അവരുടെ സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള ശരിയായ മാര്‍ഗം കണ്ടെത്താനുള്ള അവസരമായിരിക്കും രണ്ട് ദിവസത്തെ സെഷനുകള്‍. ഫെബ്രുവരി 14ന് രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

സാമ്പത്തിക മാന്ദ്യവും ബിസിനസും എന്ന വിഷയത്തിലായിരിക്കും ഈ വര്‍ഷത്തെ സമ്മേളനം കേന്ദ്രീകരിക്കുക. നിലവിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അതിജീവിക്കുക, നിലനിര്‍ത്തുക, പടി പടിയായി ഉയരുക എന്നിങ്ങനെ മൂന്ന് വശങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകള്‍ മന്ദഗതിയിലുള്ള ബിസിനസ് ഘട്ടത്തെ ഫലപ്രദമായി നേരിടാനും ബിസിനസില്‍ പ്രത്യേകിച്ച് ചെറുകിട, ഇടത്തരം ബിസിനസുകള്‍ മുന്നോട്ട് കൊണ്ടുപോകാനുമുള്ള വിവിധ വഴികള്‍ ചര്‍ച്ച ചെയ്യും. വി സ്റ്റാര്‍ ക്രിയേഷന്‍ എം ഡി ഷീല കൊച്ചൗസേപ് ചിറ്റിലപ്പിള്ളി, കൊച്ചിന്‍ സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ പ്രസിഡന്റ് കെ കെ പിള്ള, ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ മെന്റര്‍ ലക്ഷ്മി രാമചന്ദ്രന്‍, ബികാഷ് ബാബു സ്വീറ്റ്‌സ് സഹ ഉടമ അമിത് സര്‍കാര്‍, സംവിധായകനും ഏരീസ് ഗ്രൂപ്പ് സിഇഒയും ഫൗണ്ടറുമായ സോഹന്‍ റോയ്, ഡോ.ഷാജി വര്‍ഗീസ്, സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍, റോഷി ജോണ്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെപി സേതുനാഥ് ആയിരിക്കും മോഡറേറ്റര്‍.

Eng­lish Sum­ma­ry: Dual Day Con­fer­ence for Busi­ness Entre­pre­neurs to Over­come Busi­ness Recession

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.