ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: ഏഴ് കോടിയുടെ ഭാഗ്യനേട്ടം കണ്ണൂര്‍ സ്വദേശിക്ക്

Web Desk
Posted on August 07, 2019, 9:13 pm

കണ്ണൂര്‍: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടിയുടെ ഭാഗ്യനേട്ടം കണ്ണൂര്‍ സ്വദേശിക്കും സുഹൃത്തുക്കൾക്കും. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ കണ്ണൂര്‍ പഴയങ്ങാടി ഏഴോം കണ്ണോം സ്വദേശി മീത്തലെ വളപ്പില്‍ ഹരിദാസന്റെ മകന്‍ നീരജ് ഹരിക്ക് പത്ത് ലക്ഷം യുഎസ് ഡോളര്‍(ഏഴ് കോടിയിലേറെ രൂപ) സമ്മാനമായി ലഭിച്ചു.

നീരജും സുഹൃത്തുക്കളായ ഒമ്പത് പേരും ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. ജബല്‍അലിയിലെ ലോജിസ്റ്റിക് കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് നീരജ്. നീരജിന്റെ സഹപ്രവത്തകര്‍ കൂടിയായ രതീഷ്‌കുമാര്‍, കൃഷ്ണപ്രസാദ്, ധനേഷ്, ചന്ദ്രന്‍, സുനില്‍, ഉല്ലാസ്, റിഹാന്‍, തമിഴ്‌നാട് സ്വദേശി ഷണ്‍മുഖം, പശ്ചിമബംഗാള്‍ സ്വദേശി സിദ്ദ് സരോവര്‍ എന്നിവരാണ് നീരജിന്റെ ഭാഗ്യസൗഹൃദത്തിലെ പങ്കാളികള്‍. നാല് വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന നീരജ് സുഹൃത്തുക്കളുമായി ചേര്‍ന്ന് മുന്‍പും ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിച്ചിരുന്നു. തളിപ്പറമ്പ് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരായി റിട്ട. ഹരിദാസന്റെയും ശോഭനയുടെയും മകനാണ് നീരജ്. സിജിയാണ് ഭാര്യ. ഓണാഘോഷത്തിനായി സെപ്റ്റംബര്‍ രണ്ടിന് നാട്ടിലെത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതിനിടയിലാണ് നീരജിന് വലിയ ഭാഗ്യനേട്ടം കൈവന്നത്.