ദുബായിയെ നാളെ കടലെടുക്കും

കെ രംഗനാഥ്
Posted on October 18, 2017, 9:23 am

ദുബായ്: ലോകത്തെ ഏറ്റവും പരിഷ്‌കൃത നഗരമായ ദുബായിയെ നാളെ  കടലെടുക്കും. അറബിക്കടലിന്റെ സംഹാരതാണ്ഡവത്തില്‍ ഭൂമുഖത്തെ ഏറ്റവും പൊക്കമേറിയ അംബരചുംബിയായ ബുര്‍ജ് ഖലിഫയുടെ മുകളറ്റം വരെ തിരമാലകള്‍ ആര്‍ത്തുയരും. ദീപാവലി പിറ്റേന്ന് തുലാംരാവിലുണ്ടാകാന്‍ പോകുന്ന ദുരന്തം.

മാനംമുട്ടെ കടല്‍ കയറുമ്പോള്‍ പരിഭ്രാന്തരായ പതിനായിരങ്ങള്‍ നാലുപാടും പരക്കം പായും. ദുബായ് നഗരഹൃദയം തന്നെ അറബിക്കടലില്‍ മുങ്ങും. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഈ സീമാതീതമായ പ്രകൃതിദുരന്തം കാണാന്‍ പക്ഷേ ദുബായ് നിവാസികള്‍ മാത്രമല്ല ലോകം തന്നെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. വരാനിരിക്കുന്ന ഈ ‘ദുരന്ത’ത്തില്‍ 828 മീറ്റര്‍ ഉയരമുള്ള അത്ഭുതസൗധമായ ബുര്‍ജ് ഖലിഫയേയും കടല്‍ വിഴുങ്ങുമെന്നായിട്ടും ദുബായ് സര്‍ക്കാരിനും ഒരു കുലുക്കവുമില്ല.

കാരണം അത് പ്രകൃതിദുരന്തത്തെ അതിന്റെ സര്‍വബീഭത്സാഭാവങ്ങളോടെയും ഒപ്പിയെടുത്ത സിനിമയായതുകൊണ്ടുതന്നെ. ‘ജിയോ സ്റ്റോം’ എന്ന ഈ ചിത്രം വ്യാഴാഴ്ചയാണ് ദുബായിലേയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേയും തിയേറ്ററുകളിലെത്തുക. ഹോളിവുഡ് താരങ്ങളായ കാതറിന്‍ വിന്നിക്, ജെറാര്‍ഡ് ബട്ട്‌ലര്‍, ആബി കോര്‍ന്നിഷ് എന്നിവരാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സാങ്കേതികവിദ്യകളിലൂടെ അത്ഭുതങ്ങള്‍ കാട്ടി നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ അമേരിക്കയ്ക്കും ഹോളിവുഡിനും ഒരു പുതുമയല്ലായിരിക്കാം. പക്ഷേ അറേബ്യന്‍ ഉള്‍ക്കടല്‍ പ്രദേശത്തെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ‘ജിയോ സ്റ്റോം’ പുതിയൊരനുഭവമായിരിക്കുമെന്നാണ് അബുദാബിയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിക്ക് ഫിലിം വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡെയ്ല്‍ ഹഡ്‌സന്റെ പക്ഷം.

ദുബായ് മാത്രമല്ല ലോകത്തെ മറ്റ് വന്‍ നഗരങ്ങളേയും പ്രകൃതിദുരന്തങ്ങള്‍ ഗ്രസിക്കുന്നതിന്റെ നേര്‍ക്കാഴ്ചയായ ‘ജിയോസ്റ്റോം’ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങളിലേയ്ക്കുള്ള ഒരു നിലക്കണ്ണാടി കൂടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദുബായ് നഗരത്തെ ‘കഥാപാത്ര’മാക്കി മുമ്പും ഹോളിവുഡ് ചിത്രങ്ങളുണ്ടായിട്ടുണ്ട്. ‘മിഷന്‍ ഇമ്പോസിബിള്‍-4’ എന്ന ചിത്രത്തില്‍ കമ്പ്യൂട്ടറിലൂടെ സൃഷ്ടിച്ച കൊടും മണല്‍ക്കാറ്റില്‍ ബുര്‍ജ് ഖലീഫ സുരക്ഷിതമാകുന്നതാണ് പ്രധാന രംഗമെങ്കില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഇന്‍ഡിപെന്‍ഡന്‍സ് ഡേ റിസര്‍ജന്‍സി‘ല്‍ ഭൂഗുരുത്വാകര്‍ഷണത്തെ ഭേദിക്കുന്ന അന്യഗ്രഹ ജീവികള്‍ ദുബായില്‍ താണിറങ്ങി ബുര്‍ജ് ഖലീഫയെ പൊക്കിയെടുത്തുകൊണ്ടുപോയി ലണ്ടനില്‍ പ്രതിഷ്ഠിക്കുന്നതാണ് ദൃശ്യവല്‍ക്കരിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം തന്നെ റിലീസ് ചെയ്ത ‘സ്റ്റാര്‍ ട്രെക്ക് ബിയേണ്ടി‘ല്‍ ഭീമാകാരനായ പല്ലിയുടെ ആകൃതിയുള്ള ക്രാള്‍ എന്ന ഏകാധിപതിയുടെ വിചിത്ര ജീവികളുടെ പട്ടാളത്തിന്റെ ദുബായ് ആക്രമണമാണ് വിഷയം.

ബോളിവുഡും കോളിവുഡും മോളിവുഡുമടക്കം ലോകസിനിമകളുടെയെല്ലാം പ്രിയങ്കരമായ ലൊക്കേഷനായ ദുബായില്‍ ‘ജിയോ സ്റ്റോമി‘ന്റെ ടിക്കറ്റുകള്‍ വരുന്ന അനേകം ആഴ്ചകളിലേയ്ക്ക് മുന്‍കൂട്ടി റിസര്‍വ് കഴിഞ്ഞുവെന്നും സമീപകാലത്തെ ഏറ്റവും വലിയ തട്ടുപൊളിപ്പന്‍ പടമായി ഇത് ചരിത്രം കുറിക്കുമെന്നുമാണ് തിയറ്റര്‍ ഉടമകളുടെ പ്രവചനം.