കാന്‍സര്‍: തലമുടി നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവുമേകി മെെലാഞ്ചി കിരീടം

കെ രംഗനാഥ്
Posted on November 20, 2019, 7:39 pm

ദുബായ്: കാന്‍സര്‍ ചികിത്സയ്ക്കുള്ള കീമോതെറാപ്പിയുടെ ഫലമായി തലമുടി പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവുമേകി മെെലാഞ്ചി കിരീടം. മുടി നഷ്ടപ്പെടുന്നവര്‍ മുടി വളരുന്നതുവരെ വിഗ്ഗോ തൊപ്പിയോ
ശിരോവസ്ത്രമോ ധരിക്കാറാണ് പതിവെങ്കിലും രോമരഹിതമായ തലയില്‍ മെെലാഞ്ചി കൊണ്ട് ചിത്രപ്പണി ചെയ്യിക്കുന്ന രോഗവിമുക്തരുടെ എണ്ണം ഗള്‍ഫിലെങ്ങും ഏറുന്നു. നഗ്നവും രോമരഹിതവുമായ ശിരസിനു ചന്തം ചാര്‍ത്താന്‍
മെെലാഞ്ചി തലയിലണിയുന്ന ശ്രീലങ്കന്‍ പ്രവാസി സഫാ മുനാഫര്‍ എന്ന സാറയുടെ ദുബായിലെ ‘ദുബായ് ഹെെന്ന ബെെ സാറ’ എന്ന സലൂണില്‍ ഇപ്പോള്‍ തിരക്കോട് തിരക്ക്.

അര്‍ബുദ രോഗവിമുക്തര്‍ ശിരോസൗന്ദര്യത്തിന് സാറയെയും മെെലാഞ്ചിയേയും കൂട്ടുപിടിക്കുന്നത് ഇതിനകം തന്നെ ഒരു തരംഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. സാധാരണ വിവാഹച്ചടങ്ങുകളിലും മതകര്‍മ്മങ്ങളിലുമാണ് മെെലാഞ്ചിയണിയല്‍ വ്യാപകമായി കണ്ടുവരുന്നത്. കെെകളിലും മുഖത്തുമുള്ള മെെലാഞ്ചി ചിത്രരചന ശിരസിലേയ്ക്ക് ഇതുവരെ പടര്‍ന്നുകയറാത്തത് മെെലാഞ്ചിയണിയുന്ന സ്ത്രീകളാരും തന്നെ കഷണ്ടികളല്ലാത്തതുതന്നെ കാരണമെന്ന് സാറ പറയുന്നു. എന്നാല്‍ അഡ്രിയാനാ ട്രൂയിക്ക എന്ന 49 വയസുള്ള ഇവിടത്തെ മെക്കാനിക്കല്‍ എന്‍ജിനീയറാണ് മെെലാഞ്ചിയുടെ തലവര നേരെ തലയിലേയ്ക്ക് തന്നെയാക്കിയത്. ഗര്‍ഭാശയ കാന്‍സര്‍മൂലം കീമോതെറാപ്പി നടത്തിയ അഡ്രിയാനയുടെ മുടി മുഴുവന്‍ കൊഴിഞ്ഞ് പൂര്‍ണ കഷണ്ടിയായി മാറിയിരുന്നു.

ഇതോടെ രണ്ടുംകല്‍പ്പിച്ച് അവര്‍ സാറയുടെ മുന്നിലെത്തി മെെലാഞ്ചി കലാപരീക്ഷണത്തിനായി തലവച്ചുകൊടുക്കുകയായിരുന്നു. സാറ നല്‍കിയ വിവിധ മെെലാഞ്ചി രൂപകല്‍പ്പനകളില്‍ നിന്നാണ് തന്റെ ശിരോലങ്കാരത്തിനു ചേര്‍ന്ന ഡിസെെന്‍ അഡ്രിയാനാ തെരഞ്ഞെടുത്തത്. കഷണ്ടിയിലെ മെെലാഞ്ചിയിടല്‍ കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരാത്മവിശ്വാസം. കഷണ്ടിയാണ് താനെന്ന അപകര്‍ഷതാബോധം നഷ്ടപ്പെട്ട പോലെ.
ചിത്രാങ്കിതമായ തന്റെ ശിരസുകാണുന്ന വഴിപോക്കര്‍ക്കും പെരുത്തു കൗതുകം. കഷണ്ടിയിലെ മെെലാഞ്ചി ചിത്രകല ഒരു തരംഗമായതോടെ സാറ ഇപ്പോള്‍ കാന്‍സര്‍ ചികിത്സ നടക്കുന്ന ആശുപത്രികളില്‍ കയറിയിറങ്ങി നടപ്പാണ്.
ബോധവല്‍ക്കരണത്തിലൂടെ കാന്‍സര്‍വിമുക്തി നേടിയവരെ കഷണ്ടിയില്‍ മെെലാഞ്ചിക്കിരീടമണിയുന്നതിനു ക്ഷണിക്കാന്‍.