ഇതും ദുബായ് ആണ്, അറിയാമോ ഒരുകാലത്ത് ഇവിടം അറിയപ്പെട്ടിരുന്നത് ഒരു മലയാളിയുടെ പേരിലാണ്. ഷെരീഫ് ഇബ്രാഹിം എന്നയാൾ ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. 1969 കളിലെ ദുബായുടെ അപൂർവ്വ ഫോട്ടോ പങ്കു വച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് എഴുതിയിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.
ഒന്ന് കണ്ണ് തുറന്ന് നോക്ക്. ഒന്നുകൂടെ കണ്ണ് തിരുമ്മി നോക്ക്. സ്വപ്നം കാണുകയല്ലെന്ന് ഉറപ്പായാല്‍ ഞാനൊരു കാര്യം പറയാം. നിങ്ങളൊക്കെ ഇപ്പോള്‍ നേരിട്ട് കാണുന്ന, ഫോട്ടോവിലൂടെ കാണുന്ന ബുര്‍ജ് ഖലീഫയും മെട്രോ റെയില്‍വേയും ബാത്ത്റൂമില്‍ വരെ എയര്‍കണ്ടീഷനും വലിയ ഫ്ലൈഓവറുകളും വലിയ എയര്‍പോര്‍ട്ടുകളും അംബരച്ചുമ്പികളായ കെട്ടിടങ്ങളുമുള്ള ദുബായുടെ 1969ലെ ഒരു ഫോട്ടോയാണിത്.
ഒരു മലയാളിയുടെ പേരിലാണ് മലയാളികളുടെ ഇടയില്‍ മാത്രമല്ല, മിക്ക ഇന്ത്യക്കാരുടേയും പാകിസ്ഥാനികളുടെയും കിഴക്കേ പാക്കിസ്ഥാനികളുടെയും (ഇപ്പോള്‍ ബംഗ്ലാദേശ്) ഇടയില്‍ ഈ സ്ഥലം അറിഞ്ഞിരുന്നത്… കാദര്‍ ഹോട്ടല്‍ മൂല. ഇത് ദൈറ ദുബായിലാണ്. ഇതാണ് അന്നത്തെ കാലത്തുള്ള ഏറ്റവും തിരക്കുള്ള ദുബായുടെ സ്ഥലം… മാര്‍ക്കറ്റ് നോക്കൂ ഇവിടെ കാണുന്ന സബഖ രസ്റ്റൊരന്റ് പോലും ഒരു മലയാളിയുടെതാണ്.
ഇത് ഒരു വെള്ളിയാഴ്ച്ച വൈകീട്ടുള്ള ഫോട്ടോയാണ്. അന്നാണ് ഇത്രയധികം തിരക്ക് ഉണ്ടാവുക. ഫിലിപ്പിനികളും നേപ്പാളികളും ശ്രീലങ്കക്കാരും ഇല്ലാതിരുന്ന ഒരു ദുബായ്. സംഭാവനക്ക് ഫണ്ട് പിരിവിന് രാഷ്ട്രീയ, സാമൂഹ്യ, മത നേതാക്കന്മാര്‍ വരാതിരുന്ന ദുബായ്. വന്നാല്‍ വരുന്നവര്‍ ഞങ്ങള്‍ക്ക് സംഭാവന തരേണ്ടി വരും. ഈ ഫോട്ടോവില്‍ ഞാനുണ്ടോ? ഉണ്ടാവാം അല്ലെ? ആര്‍ക്കറിയാം? എന്തായാലും അന്ന് ഞാന്‍ ദുബായില്‍ ഉണ്ട്. ഒരു പക്ഷെ ഈ ആള്‍ക്കൂട്ടത്തില്‍ എന്തെങ്കിലും വാങ്ങാന്‍ ഞാന്‍ ഉണ്ടായിക്കൂടെന്നില്ല.
ഷെരീഫ് ഇബ്രാഹിം
English Summary: This is also Dubai, the place was once known by a Malayalee