ദുബായില്‍ 17 പേര്‍ കൊല്ലപ്പെട്ട ബസപകടത്തിലെ ഇരകളുടെ ആശ്രിതര്‍ക്ക് വന്‍ നഷ്ടപരിഹാരത്തിന് ശുപാര്‍ശ

Web Desk
Posted on June 27, 2019, 4:50 pm

ദുബായ് : പെരുന്നാള്‍ അവധിക്കാലത്ത് 17 പേര്‍ കൊല്ലപ്പെട്ട ബസപകടത്തില്‍ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്ന് ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 34 ലക്ഷം ദിര്‍ഹം (ഏകദേശം 6.4 കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യമുണ്ട്. എട്ട് മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരാണ് ബസ്സപകടത്തില്‍ മരിച്ചത് .

ഒമാനില്‍ നിന്ന് ദുബായിലേക്ക് വരികയായിരുന്ന ബസാണ് ജൂണ്‍ ആറിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്നത് 31 യാത്രക്കാരാണ്. റാഷിദിയ മെട്രോ സ്‌റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ വച്ചിരുന്ന ശക്തമായ ബാരിക്കേഡിലേക്ക് ബസ് അമിത വേഗത്തില്‍ ഇടിച്ചുകയറുകയായിരുന്നു. പെരുന്നാള്‍ ആഘോഷിച്ച ശേഷം ഒമാനില്‍ നിന്ന് മടങ്ങിയെത്തിയവരായിരുന്നു ബസിലുണ്ടായിരുന്നതില്‍ ഭൂരിഭാഗം പേരും.

ബസ് ഓടിച്ചിരുന്ന 53കാരനായ ഒമാനി പൗരനെതിരായ കേസ് ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍ ബുധനാഴ്ച ട്രാഫിക് കോടതിക്ക് കൈമാറി. 17 പേരുടെ മരണത്തിനും 13 പേരുടെ പരിക്കുകള്‍ക്കും കാരണമായ അപകടമുണ്ടാക്കിയതിനുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.