Saturday
23 Feb 2019

പൊന്‍മുട്ടയിടുന്ന താറാവുകള്‍

By: Web Desk | Saturday 11 August 2018 10:53 AM IST


ഡോ. ബിനു എം
വെറ്ററിനറി സര്‍ജ്ജന്‍
കൊല്ലം
ഫോണ്‍: 9447590753

വിപണിയില്‍ ഇന്ന് പല മുട്ടകളും ലഭ്യമാണെങ്കിലും മുട്ട എന്ന വാക്ക് പരോക്ഷമായി താറാവു മുട്ടയെയാണ് സൂചിപ്പിക്കുന്നത്. താറാവു മുട്ടയുടെ സ്വീകാര്യതയാണ് ഇത് വിളിച്ചറിയിക്കുന്നത്. താറാവ് മുട്ട, താറാവ് ഇറച്ചി എന്നിവ യാതൊരു ആരോഗ്യപ്രശ്‌നവുമുണ്ടാക്കുന്നില്ല. ഉയര്‍ന്ന ഔഷധ മൂല്യവും പോഷക ഗുണങ്ങളും അടങ്ങിയ താറാവു മുട്ട, താറാവു ഇറച്ചി എന്നിവയുടെ ആരോഗ്യപരമായ മേന്മയാണ് ഈ സ്വീകാര്യതയുടെ അടിസ്ഥാനം. പക്ഷേ താറാവു വളര്‍ത്തലിന് നമ്മുടെ സംസ്ഥാനത്ത് വ്യാപകമായി ഈ സ്വീകാര്യതയില്ല എന്നതാണ് സത്യം. ചില സ്ഥലങ്ങളില്‍ മാത്രമായി താറാവ് വളര്‍ത്തല്‍ ചുരുങ്ങിയിരിക്കുന്നു. താറാവ് കൃഷിയുടെ അനുകൂല്യ സാഹചര്യങ്ങളെ കുറിച്ചുള്ള അജ്ഞതയാണ് ഈ അവസ്ഥയ്ക്ക് കാരണം.

അനുകൂല ഘടകങ്ങള്‍

കോഴികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ താറാവുകളില്‍ നിന്നും കൂടുതല്‍ മുട്ട ലഭിക്കുന്നു എന്നതാണ് പ്രധാന അനുകൂല ഘടകം. നല്ല മേല്‍ത്തരം ഇനത്തില്‍പ്പെട്ട താറാവുകളില്‍ നിന്നും വര്‍ഷത്തില്‍ ഏകദേശം 300 ല്‍ കൂടുതല്‍ മുട്ടകള്‍ കിട്ടുമ്പോള്‍ കോഴികളില്‍ നിന്നും സമാനസാഹചര്യത്തില്‍ അത്രയും മുട്ടകള്‍ ലഭിക്കുന്നില്ല. മാത്രമല്ല താറാവുകളെ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ വരെ ലാഭകരമായി മുട്ടയ്ക്കു വേണ്ടി വളര്‍ത്താവുന്നതാണ്. എന്നാല്‍ കോഴികളെ മുട്ടയിട്ടു തുടങ്ങിയാല്‍ പിന്നെ ഒരു വര്‍ഷത്തേക്ക് മാത്രമേ ആദായകരമായി വളര്‍ത്തുവാന്‍ സാധിക്കുകയുള്ളു. ആയതിനാല്‍ ഒരു ബാച്ചില്‍ ഉള്‍പ്പെട്ട താറാവുകളില്‍ നിന്നും പരമാവധി വരുമാനം ഉറപ്പാക്കാന്‍ കഴിയും.
താറാവുകളുടെ വളര്‍ച്ച താരതമ്യേന ദ്രുതഗതിയിലാണ്. അതോടൊപ്പം അവയ്ക്ക് പ്രതിരോധ ശക്തിയും കൂടുതലായതിനാല്‍ സാധാരണ കോഴികളില്‍ കണ്ടുവരുന്ന രോഗങ്ങള്‍ താറാവുകളെ ബാധിക്കില്ല എന്ന സത്യം അധികമാര്‍ക്കും അറിയില്ല. രോഗങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടം അതുകൊണ്ട് തന്നെ കുറവായിരിക്കും.
കോഴി വളര്‍ത്തലിനു വേണ്ട ആധുനിക രീതിയിലുള്ള ഷെഡുകളോ അനുബന്ധ സൗകര്യങ്ങളോ ഒന്നും തന്നെ താറാവുകള്‍ക്ക് ആവശ്യമില്ല. നല്ല വായുസഞ്ചാരമുള്ള ഒരു ഷെഡ് മാത്രം മതിയാകും. മറ്റു കാര്‍ഷികാവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ചതുപ്പ്, വെള്ളക്കെട്ട് എന്നിവയോടു കൂടിയ ഭൂപ്രകൃതിയിലും താറാവുകളെ വളര്‍ത്താവുന്നതാണ്. താറാവുകള്‍ കൊയ്ത്ത് കഴിഞ്ഞ നെല്‍പ്പാടങ്ങളിലും മറ്റും പ്രാദേശികമായി ലഭ്യമാകുന്ന കാര്‍ഷിക ഉപോല്‍പ്പന്നങ്ങള്‍, ഗാര്‍ഹിക അവശിഷ്ടങ്ങള്‍, ഉതിര്‍ന്ന നെന്മണികള്‍, ചെറുപ്രാണികള്‍, കൃമികീടങ്ങള്‍, ഒച്ചുകള്‍, ലാര്‍വകള്‍, കൂത്താടികള്‍ എന്നിവയെ ആഹാരമാക്കി ജീവിക്കുന്നതിനാല്‍ തീറ്റച്ചിലവ് കുറയ്ക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ താറാവു കൃഷി ആരംഭിക്കുമ്പോള്‍ പശ്ചാത്തല സൗകര്യമൊരുക്കുന്നതിനും തീറ്റയ്ക്കും മറ്റും വേണ്ടി വരുന്ന പ്രാരംഭ മുതല്‍ മുടക്ക് താരതമ്യേന കുറവായിരിക്കും.
താറാവുകള്‍ രാവിലെ തന്നെ മുട്ടയിടും അതിനാല്‍ ഏകദേശം 98 ശതമാനം മുട്ടകളും രാവിലെ തന്നെ ശേഖരിച്ച് വിപണനം നടത്താവുന്നതാണ്. പൊതുവേ കൂട്ടമായി സഞ്ചരിക്കുന്നതാണ് താറാവുകളുടെ രീതി. ഇത്തരം സ്വഭാവ സവിശേഷതകള്‍ അവയുടെ പരിപാലനം എളുപ്പമാകുന്നു.
ഇതിനെല്ലാം പുറമേ ജൈവമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും അതുവഴി പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിലും താറാവുകള്‍ വളരെ പ്രധാനമായ പങ്ക് വഹിക്കുന്നു. പരിസരത്ത് അടിഞ്ഞു കൂടുന്ന ജൈവമാലിന്യങ്ങള്‍ ഒരു പരിധിവരെ താറാവുകള്‍ തീറ്റയാക്കുന്നു. ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ക്ക് കാരണക്കാരായ വൈറസുകളുടെ വാഹകരായ കൊതുകിന്റെ ലാര്‍വ്വകള്‍ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും സര്‍വ്വസാധാരണമായി വളരുന്നു. ഈ ലാര്‍വ്വകളെയും രോഗവാഹകരായ ഒച്ചുകള്‍ എന്നിവയെയും താറാവുകള്‍ ആഹാരമാക്കുന്നു. താറാവുകളുടെ കരയിലും വെള്ളത്തിലുമുള്ള ഈ ഇരതേടല്‍ സവിശേഷത മൂലം അവ സ്വാഭാവിക ആഹാരശൃംഖലയുടെ ഒരു സുദൃഢമായ കണ്ണിയായി പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം രോഗനിയന്ത്രണവും സാധ്യമാകുന്നു.

വീട്ടുമുറ്റത്തും വളര്‍ത്താം

വീട്ടുമുറ്റത്ത് 10-15 താറാവുകളെ തുറന്നു വിട്ട് വളര്‍ത്തുന്നത് ഏറെ സാധ്യതയുള്ള ഒരു മേഖലയാണ്. പകല്‍ സമയത്ത് തുറന്നു വിടുകയും രാത്രി കൂട്ടില്‍ അടച്ചിടുകയും ചെയ്യുന്നു. താറാവുകളെ വളര്‍ത്താന്‍ ജലാശയം അല്ലെങ്കില്‍ വെള്ളക്കെട്ട് അത്യാവശ്യമാണ് എന്ന ധാരണ തെറ്റാണ്. അവയുടെ തലഭാഗം മുക്കുന്നതിന് സൗകര്യത്തില്‍ വെള്ളപ്പാത്രത്തില്‍ എപ്പോഴും വെള്ളം കരുതിയാല്‍ മതി. ഒരു ബെയ്‌സനില്‍ ആവശ്യത്തിന് വെള്ളം സൂക്ഷിച്ചാല്‍ ഇതു സാധ്യമാകും.
താറാവുകള്‍ക്ക് ഗാര്‍ഹിക അവശിഷ്ടങ്ങള്‍, തവിട്, പിണ്ണാക്ക്, ധാന്യങ്ങള്‍ എന്നിവ തീറ്റയായി നല്‍കാം. അതോടൊപ്പം അവ പറമ്പിലെ ഇരകള്‍, ചെറു പ്രാണികള്‍, കൃമികീടങ്ങള്‍, പച്ചപ്പുല്ല് എന്നിവയും ആഹാരമാക്കുന്നു. മുട്ടയ്ക്കു വേണ്ടി വളര്‍ത്തുന്ന കുട്ടനാടന്‍ താറാവുകള്‍, കാക്കി കാംബല്‍, ഇന്ത്യന്‍ റണ്ണര്‍ എന്നീ ഇനത്തില്‍പ്പെട്ട താറാവുകളെ ഇപ്രകാരം വീട്ടുമുറ്റത്ത് വളര്‍ത്താവുന്നതാണ്. 5-6 മാസ പ്രായത്തില്‍ ഇവ മുട്ടയിട്ടു തുടങ്ങും. സമീകൃതാഹാരം കൂടി തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ മുട്ട ഉല്‍പ്പാദനം മെച്ചപ്പെടുത്താന്‍ കഴിയും.

സമ്മിശ്രകൃഷിയില്‍ താറാവുകള്‍

വിവിധതരം സമ്മിശ്രകൃഷി രീതികളില്‍ താറാവുകളെ ഉപയോഗിക്കാറുണ്ട്. താറാവ്-മീന്‍, താറാവ്-നെല്ല്, താറാവ്-നെല്ല്-മീന്‍, താറാവ്-പന്നി ഇവയൊക്കെ ഉദാഹരണങ്ങളാണ്. ഇപ്രകാരം സമ്മിശ്രകൃഷിയില്‍ താറാവുകളെ വളര്‍ത്തുമ്പോള്‍ ചിലവ് കുറച്ച് മെച്ചപ്പെട്ട ആദായം ഉറപ്പാക്കാന്‍ കഴിയും. ഉദാഹരണത്തില്‍ താറാവ്-മീന്‍ സമ്മിശ്ര കൃഷിയില്‍ താറാവുകള്‍ മീന്‍കുളത്തിലെ പാഴ്‌ചെടികളും മീനുകള്‍ക്ക് ഹാനികരമായ ജീവികളെയും ആഹാരമാക്കുന്നു. അതിനാല്‍ താറാവുകള്‍ക്ക് കുറച്ചു മാത്രം സമീകൃതാഹാരം നല്‍കിയാല്‍ മതിയാകും. താറാവുകള്‍ കുളത്തില്‍ നിക്ഷേപിക്കുന്ന കാഷ്ഠം മീനുകള്‍ ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട വളര്‍ച്ച സാധ്യമാകുന്നു.

ഇറച്ചിക്കായി

മുട്ടയിടീല്‍ കാലാവധി പൂര്‍ത്തിയായ താറാവുകളെ ഇറച്ചിയ്ക്കായി ഉപയോഗിച്ചിരുന്നു. ഇറച്ചിക്കോഴിക്ക് സമാനമായി താറാവുകളെ ഇറച്ചിക്കുവേണ്ടി മാത്രമായി വളര്‍ത്തുന്ന രീതി പ്രചാരമേറി വരുന്നു. ഇതിനായി പ്രത്യേകം ഉരുത്തിരിച്ചെടുത്തിട്ടുള്ള ഇറച്ചിത്താറാവുകള്‍ ഇന്ന് സുലഭമാണ്. ഇറച്ചിത്താറാവുകള്‍ എട്ടാഴ്ച കൊണ്ട് 2-2.5 കിലോ ഗ്രാം തൂക്കം വയ്ക്കും. ഈ സമയത്ത് ഇവയെ വിപണനം നടത്താവുന്നതാണ്. മൃദുവായ എല്ലും, നെഞ്ച്, തുട, കാല് തുടങ്ങിയ ഭാഗങ്ങളിലെ കൂടുതല്‍ മാംസ്യവും ഈയിനം ഇറച്ചിത്താറാവുകളുടെ പ്രത്യേകതയാണ്. വൈറ്റ് പൈക്കിന്‍, മിനിക്കോസ്, ഐല്‍സ്‌ബെറി, മസ്‌ക്കവി തുടങ്ങിയ ഇനം താറാവുകളെ ഇറച്ചിക്കു വേണ്ടി വളര്‍ത്താവുന്നതാണ്. സങ്കരയിനമായ വിഗോവയും ഈ ഗണത്തില്‍പ്പെട്ടതാണ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ (2 മാസം) മുടക്കു മുതല്‍ തിരികെ തരുന്നു എന്നതാണ് ഇറച്ചിത്താറാവ് വളര്‍ത്തലിന്റെ ആകര്‍ഷണീയത.

അരുമപക്ഷികളായി

മുട്ടയ്ക്കും, ഇറച്ചിയ്ക്കും പുറമേ വിനോദത്തിനും അലങ്കാരത്തിനുമായി താറാവിനെ വളര്‍ത്തുന്നവരുമുണ്ട്. വീട്ടു വളപ്പിലെയും ഉദ്യാനത്തിലെയും ചെറുകുളങ്ങളില്‍ നീന്തിത്തുടിക്കുന്ന ഈ ജലപക്ഷികള്‍ കൗതുകവും വിനോദവും പകരുന്നതോടൊപ്പം ആദായവും പ്രദാനം ചെയ്യുന്നു.

തീറ്റപരിപാലനം

മുട്ടത്താറാവുകള്‍ക്ക് മൂന്നു തരത്തിലുള്ള തീറ്റയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആദ്യത്തെ നാലാഴ്ച വരെ താറാവിന്‍ കുഞ്ഞുങ്ങള്‍ക്ക് സ്റ്റാര്‍ട്ടര്‍ തീറ്റയും, അതിനു ശേഷം 16 ആഴ്ച വരെ ഗ്രോവര്‍ തീറ്റയും പിന്നീട് ലെയര്‍ തീറ്റയും കൊടുക്കേണ്ടതാണ്. കേരളത്തില്‍ ലഭ്യമായ അസംസ്‌കൃത തീറ്റ വസ്തുക്കള്‍ ഉപയോഗിച്ച് താറാവുകള്‍ക്ക് മാതൃകാ തീറ്റകള്‍ താഴെപ്പറയുന്ന ചേരുവയില്‍ ഉണ്ടാക്കാവുന്നതാണ്.
മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന 100 കി.ഗ്രാം തീറ്റയില്‍ 25 ഗ്രാം ജീവക മിശ്രിതങ്ങളും ചേര്‍ക്കേണ്ടതാണ്. താറാവു വളര്‍ത്തലിനു വേണ്ടി വരുന്ന മൊത്തം ചിലവില്‍ 60-70 ശതമാനവും തീറ്റയ്ക്ക് മാത്രമാണ് വേണ്ടി വരുന്നത്. അതുകൊണ്ട് തീറ്റ ഉണ്ടാക്കുന്നതിലും തീറ്റ കൊടുക്കുന്നതിലും കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്.
ഇറച്ചിത്താറാവുകള്‍ക്ക് ആദ്യത്തെ 5 ആഴ്ച വരെ സ്റ്റാര്‍ട്ടര്‍ തീറ്റയും അതിനു ശേഷം വില്‍പ്പന പ്രായം വരെ ഫിനിഷര്‍ തീറ്റയും നല്‍കുന്നു. പ്രാദേശികമായി ലഭ്യമായ അസംസ്‌കൃത തീറ്റ വസ്തുക്കള്‍ താഴെ പറയുന്ന അനുപാതത്തില്‍ ചേര്‍ത്ത് മാതൃകാ ഇറച്ചിത്താറാവു തീറ്റ ഉണ്ടാക്കാവുന്നതാണ്.

രോഗങ്ങള്‍

താറാവു വളര്‍ത്തലിനുള്ള പ്രതികൂല ഘടകങ്ങളില്‍ പ്രധാനിയാണ് താറാവു രോഗങ്ങള്‍. കോഴികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ താറാവുകള്‍ക്ക് കുറച്ച് രോഗങ്ങള്‍ മാത്രമേ ബാധിക്കാറുള്ളൂ. പക്ഷേ താറാവു രോഗങ്ങള്‍ മൂലമുള്ള മരണനിരക്ക് വളരെ കൂടുതലാണ് എന്നതാണ് താറാവു കര്‍ഷകരെ പേടിപ്പിക്കുന്നത്. താറാവുകളെ കൃത്യമായി നിരീക്ഷിച്ച് രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് വിദഗദ്ധോപദേശക പ്രകാരം ഔഷധങ്ങള്‍ നല്‍കിയാല്‍ രോഗബാധ പടര്‍ന്നു പിടിക്കാതിരിക്കാന്‍ സഹായിക്കും.
ഡക്ക് കോളറ(ഡക്ക് പാസ്റ്റുറുല്ലോസിസ്), ഡക്ക് പ്ലേഗ്, ഡക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ്, അഫ്‌ളാടോക്‌സിക്കോസിസ്, അസ്പര്‍ജിലോസിസ് എന്നിവയാണ് താറാവുകളെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. ഇവയില്‍ ഡക്ക് കോളറ, ഡക്ക് പ്ലേഗ്, ഡക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് എന്നിവ രോഗാണുക്കള്‍ മൂലമുള്ള പകര്‍ച്ചവ്യാധികളാണ്. ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ്പിലൂടെ ഇവ നിയന്ത്രിക്കാവുന്നതാണ്. തീറ്റയിലെ പ്യൂപ്പല്‍ബാധ മൂലമാണ് അഫ്‌ളാടോക്‌സിക്കോസിസ് എന്ന മാരകരോഗം ഉണ്ടാകുന്നത്.

രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍

1) രോഗം ഇല്ലാത്ത താറാവിന്‍ കൂട്ടത്തില്‍ നിന്നും മാത്രമേ പുതിയവയെ വാങ്ങാവൂ. വാങ്ങുന്ന താറാവുകളെ 2-3 ആഴ്ചക്കാലം പ്രത്യേകം താമസിപ്പിച്ച് രോഗബാധ ഇല്ലെന്ന് ഉറപ്പാക്കി മാത്രമേ കൂട്ടത്തില്‍ ചേര്‍ക്കാവൂ.
2) താറാവുകളുടെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
3) പഴകിയതും പ്യൂപ്പല്‍ ബാധിച്ചതുമായ തീറ്റ താറാവുകള്‍ക്ക് നല്‍കാതിരിക്കുക.
4) സന്ദര്‍ശകരില്‍ നിന്നും പലവിധ രോഗങ്ങളും താറാവുകള്‍ക്ക് ഉണ്ടാകുന്നതിനാല്‍ സന്ദര്‍ശകരെ പരമാവധി ഒഴിവാക്കുക.
5) കോഴികളില്‍ നിന്നും പല രോഗങ്ങളും താറാവുകള്‍ക്ക് പകരുന്നതിനാല്‍ കോഴികളെയും താറാവുകളെയും ഒരുമിച്ച് വളര്‍ത്താതിരിക്കുക.
6) പല പ്രായത്തിലുള്ള താറാവുകളെ പ്രത്യേകം പ്രത്യേകം പാര്‍പ്പിക്കുക.
7) കൃത്യമായ സമയങ്ങളില്‍ വാക്‌സിനേഷന്‍ നടത്തി രോഗപ്രതിരോധ ശേഷി ഉറപ്പു വരുത്തുക.
8) രോഗലക്ഷണങ്ങള്‍ കാണിക്കുന്ന താറാവുകളെ കൂട്ടത്തില്‍ നിന്നും മാറ്റി പ്രത്യേകമായി പാര്‍പ്പിച്ച് ആവശ്യമായ മരുന്നുകള്‍ നല്‍കി പരിപാലിക്കുക.
9) ചത്ത താറാവുകളെ ശാസ്ത്രീയമായി മറവു ചെയ്യുക.
10) സര്‍വ്വോപരി ശാസ്ത്രീയമായ പരിചരണ മുറകള്‍ പാലിക്കുക.
മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി താറാവുകളെ വളര്‍ത്തുന്നത് വ്യാവസായികമായും സ്വയംതൊഴില്‍ സംരഭമായും ആരംഭിക്കാവുന്നതാണ്. അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി താറാവു വളര്‍ത്തല്‍ വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. പ്രത്യേകിച്ച് മുട്ട, മാംസം എന്നിവയുടെ ഉല്പാദന സ്വയം പര്യാപ്തത, ഭക്ഷ്യസുരക്ഷ എന്നീ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍.

ഒരു ശൂരനാടന്‍  താറാവുഗാഥ

വിശാലമായ ജലാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നെല്‍കൃഷിയും താറാവ് വളര്‍ത്തലും ഇഴുകിച്ചേര്‍ന്ന് അധിവസിക്കുന്ന ഭൂപ്രകൃതിയെ കുട്ടനാട് എന്ന് വിളിക്കുമെങ്കില്‍ അത്തരമൊരു ആവാസ വ്യവസ്ഥ കൊല്ലം ജില്ലയിലെ ശൂരനാട് എന്ന കൊച്ചുഗ്രാമത്തില്‍ സംജാതമായിരിക്കുന്നു.
സൈനിക സേവനത്തില്‍ നിന്നു വിരമിച്ച് നാട്ടിലേക്ക് തിരിച്ച വിക്രമന്‍പിള്ളയെ സംബന്ധിച്ചിടത്തോളം ശിഷ്ടകാലം സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പെന്‍ഷന്‍ കൊണ്ട് കഴിഞ്ഞു കൂടി വരികയായിരുന്നു. താറാവ് കര്‍ശകനായ ശശിയുമായുള്ള ചങ്ങാത്തം വിക്രമന്‍പിള്ളയുടെ ജീവിതത്തില്‍ തന്നെ ഒരു വഴിത്തിരിവായി മാറി. മികച്ച താറാവു കര്‍ഷകനായ ശശിയെ കൂടെ കൂട്ടി താറാവു വളര്‍ത്തല്‍ ആരംഭിച്ചു. ഇന്ന് കൊല്ലം ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ അംഗീകാരമുള്ള ഏക താറാവ് നേഴ്‌സറിയാണ് വിക്രമന്‍പിള്ളയുടെ അഖില്‍ താറാവ് നഴ്‌സറി. വര്‍ഷം തോറും മൃഗസംരക്ഷണ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും താറാവ് വളര്‍ത്തലുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്കായി ലക്ഷക്കണക്കിനു താറാവുകളെ വിതരണം ചെയ്യുന്നു.
മികച്ച ഇനം താറാവുകളുടെ മാതൃശേഖരത്തെ (ജമൃലി േേെീരസ) ശാസ്ത്രീയമായി വളര്‍ത്തി അവയുടെ മുട്ടകള്‍ വിരിയിച്ചെടുക്കുന്ന താറാവിന്‍ കുഞ്ഞുങ്ങളെ 45-50 ദിവസം കൃത്യമായ പരിചരണം നല്‍കി വളര്‍ത്തി വിരയിളക്കല്‍, വാക്‌സിനേഷന്‍ എന്നിവയ്ക്ക് ശേഷം വിവിധ സ്‌കീമുകളിലൂടെ വിതരണം ചെയ്യുന്നു. മുട്ടയിടുന്ന താറാവുകളെയും ലഭ്യതയ്ക്കനുസരിച്ച് വിതരണം ചെയ്യുന്നുണ്ട്. വിതരണം ചെയ്യുന്ന താറാവിന്‍ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിലും ഗുണമേന്മയിലും പുലര്‍ത്തുന്ന പട്ടാളകാര്‍ക്കശ്യം കൊണ്ടാകാം തന്റെ താറാവുകള്‍ക്ക് ഓരോ വര്‍ഷവും മറ്റു ജില്ലകളില്‍ നിന്നുപോലും ആവശ്യക്കാര്‍ കൂടിക്കൂടി വരികയാണെന്ന് വിക്രമന്‍പിള്ള സാക്ഷ്യപ്പെടുത്തുന്നു.

Related News