വ്യാപാരികള്‍ക്ക് കോവിഡ് ; എറണാകുളം മാര്‍ക്കറ്റ് അടയ്ക്കാന്‍ തീരുമാനം

Web Desk

കൊച്ചി

Posted on July 01, 2020, 10:42 am

എറണാകുളം മറൈൻ ഡ്രൈവിൽ വ്യാപാരികൾ ആരംഭിച്ച സമാന്തര മാർക്കറ്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. സാമൂഹിക അകലം പാലിക്കാതെ ആളുകൾ തടിച്ചുകൂടിയതോടെയാണ് ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ പൊലീസ് ഇടപെട്ട് ആൾക്കൂട്ടം ഒഴിപ്പിക്കുകയും വ്യാപാരികളോട് കച്ചവടം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ കളക്ടർ എസ് സുഹാസ് മറൈൻ ഡ്രൈവിൽ സമാന്തര മാർക്കറ്റ് പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിറക്കിയത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് എറണാകുളം മാർക്കറ്റിലെ ഇലക്ട്രിക്കൽ കടയിൽ ജോലി ചെയ്യുന്ന രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മുൻപ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവർത്തകരാണ് ഇവർ. ഈ സാഹചര്യത്തിലാണ് വ്യാപാരികളുമായി ചർച്ചകൾക്ക് ശേഷം മാർക്കറ്റ് അടച്ചിടാൻ ഇന്നലെ തീരുമാനിച്ചത്. ഇവിടം കണ്ടെയ്മന്മെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മാർക്കറ്റിലെ പച്ചക്കറി മൊത്തവിതരണ കേന്ദ്രങ്ങൾ എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിലേക്ക് താത്കാലികമായി കച്ചവടം മാറ്റിയത്. ഇന്ന് 12 മണിവരെ താത്കാലികമായി നേരെത്തെ ഓർഡർ കൊടുത്ത പച്ചക്കറികളുടെ വിപണനത്തിനായിട്ടാണ് അനുമതി നൽകിയിരുന്നത്. എന്നാൽ വലിയ ആൾക്കൂട്ടം തടിച്ചുകൂടിയതിനാണ് പെട്ടെന്ന് പൊലീസ് ഇടപെടലിന് ഇടയാക്കിയത്.

മാർക്കറ്റിൽ കൊവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും കളക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വി. എസ് സുനിൽകുമാർ വീഡിയോ കോൺഫറൻസിൽ ഇന്നലെ വ്യക്തമാക്കിയിരുന്നു..

ENGLISH SUMMARY:due to covid ernaku­lam mar­ket closed

You may also like this video