പി.പി. ചെറിയാന്‍

ലൊസാഞ്ചല്‍സ്

January 17, 2020, 8:40 pm

വിമാനത്തില്‍ നിന്നും പുറന്തള്ളിയ ഇന്ധനം സ്കൂള്‍ പരിസരത്ത് പതിച്ച് 60 പേര്‍ക്കു ദേഹാസ്വാസ്ഥ്യം

Janayugom Online
ലൊസാഞ്ചല്‍സില്‍ നിന്നും ചൈനയിലേക്ക് പുറപ്പെട്ട യാത്രാവിമാനം എഞ്ചിന്‍ തകരാറു കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കേണ്ടി വന്നതിനാല്‍ വിമാനത്തിന്റെ ഭാരം കുറക്കുന്നതിന് പുറംന്തള്ളിയ ഇന്ധനം വിമാനത്താവളത്തിന്റെ 19 മൈല്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന വിവിധ സ്കൂളുകളുടെ പരിസരത്ത് പതിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 60 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കാര്യമായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട ചുരുക്കം ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പലരേയും സ്കൂള്‍ പരിസരത്തുവച്ചു തന്നെ പ്രാഥമിക ചികിത്സ നടത്തി. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടനെ ഹസാര്‍ഡ്‌സ് മെറ്റീരിയല്‍ ടീം സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഫ്‌ളൈറ്റ് 89 വിമാനം അടിയന്തിരമായി സുരക്ഷിതത്വത്തോടെ വിമാനത്താവളത്തില്‍ തിരിച്ചിറങ്ങിയതായി ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.
അടിയന്തിരഘട്ടത്തില്‍ വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിന് ഇന്ധനം പുറത്ത് കളയുന്നത് അപൂര്‍വ്വമല്ല. 10,000 അടി ഉയരത്തിലാണ് വിമാനം പറക്കുന്നതെങ്കില്‍ പുറംതള്ളുന്ന ഇന്ധനം ഭൂമിയില്‍ പതിക്കുകയില്ല. എന്നാല്‍ വിമാനം 5000 അടി ഉയരത്തില്‍ പറന്നതാണ് ഇന്ധനം സ്കൂള്‍ പരിസരങ്ങളില്‍ പതിക്കുന്നതിനിടയായതെന്നും അധികൃതര്‍ പറഞ്ഞു. എന്തായാലും വലിയൊരു അപകടം ഒഴിവായ ആശ്വാസത്തിലാണ് വിമാനതാവളാധികൃതര്‍.
 

Eng­lish sum­ma­ry: due to fuel from air­craft peo­ple admit­ted in hospital

You may also like this video