അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ 18 ഓളം തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്ത 30,000ത്തിലധികം പേർക്ക് കോവിഡ് 19 ബാധിച്ചിട്ടുണ്ടാകാമെന്ന് പഠന റിപ്പോർട്ട്. ഇതുമൂലം 700 ലധികം പേരുടെ മരണത്തിനു കാരണമായി എന്ന് കണക്കാക്കപ്പെടുന്നതായി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ട്രംപ് നടത്തിയ റാലികൾ രോഗത്തിന്റെയും മരണത്തിന്റെയും കാര്യത്തിൽ ഉയർന്ന വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.
കോവിഡ് വ്യാപിക്കുമ്പോൾ വലിയ ജനക്കുട്ടത്തെവച്ച് സംഘടിപ്പിച്ച യോഗങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് ബാധിതരുടെ കാര്യത്തിലും മരണ സംഖ്യയുടെ കാര്യത്തിലും ലോകത്ത് ഒന്നാമത് നിൽക്കുന്ന രാജ്യത്തിന്റെ തലവന്റെ ദുർമാതൃകയ്ക്ക് വില കൊടുക്കേണ്ടിവന്നത് യഥാർത്ഥത്തിൽ അണികൾക്കാണ്. ജൂൺ 20 നും സെപ്റ്റംബർ 22 നും ഇടയിൽ ട്രംപ് നടത്തിയ 18 റാലികളെക്കുറിച്ചാണ് വിശകലനം ചെയ്തത്. ഈ റാലികൾ 700 ലധികം മരണങ്ങൾക്ക് കാരണമായിട്ടുണ്ടാകാം. മരണപ്പെടുന്നത് റാലികളിൽ പങ്കെടുത്തവരായിരിക്കണമെന്നില്ല, അവരുമായി സമ്പർക്കത്തിലെത്തിയ അനാരോഗ്യരും പ്രായമുള്ളവരും ആയിരിക്കാം ജനകൂട്ടം ഒത്തുചേരുന്നതിലൂടെ കോവിഡ് 19 പകരാനുള്ള സാധ്യതയെക്കുറിച്ച് പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകളെയും ശുപാർശകളെയും റിപ്പോർട്ടിൽ പിന്തുണയ്ക്കുന്നുണ്ട്.
എന്നാൽ മാസ്കുകളുടെ ഉപയോഗവും സാമൂഹിക അകലവും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ട്രംപിന്റെ അനുയായികൾ പൂർണ്ണമായും വിസമ്മതിക്കുന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഒത്തുചേരലുകൾ തീവ്രവ്യാപനത്തിന് കാരണമായേക്കാമെന്നും ഇത് പകർച്ചവ്യാധിയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതായും ഗവേഷകർ ചൂണ്ടിക്കാട്ടി. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഡെമോക്രാറ്റികിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ ട്രപിനെ വിമർശിച്ച് രംഗത്തെത്തി. ‘പ്രസിഡന്റ് ട്രംപ് നിങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നും സ്വന്തം അനുയായികളുടെ ആരോഗ്യത്തെക്കുറിച്ചൊന്നും ബോധവാനല്ലെന്നും ബൈഡൻ പറഞ്ഞു. പഠനം പ്രസിദ്ധീകരിച്ചതിനു പിന്നാലെ, “അമേരിക്കക്കാർക്ക് കൂട്ടം ചേരാനുള്ള അവകാശമുണ്ട്” എന്ന് ട്രംപിന്റെ പ്രാചാരണ പ്രവർത്തനങ്ങളുടെ വക്താവ് കോർട്ട്നി പരെല്ല പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തവരുടെ ശരീര താപനില പരിശോധിച്ചുവെന്നും പ്രവർത്തകർക്ക് മാസ്കും സാനിറ്റൈസറും നൽകിയെന്നും പരെല്ല വ്യക്തമാക്കി. ഇതുവരെ യുഎസിൽ 9.4 ദശലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്, 2,36,101 ൽ അധികം പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചു.
ENGLISH SUMMARY: DUE TRUMP’S ELECTION RALLY COVID POSITIVE FOR 30000 PERSONS
YOU MAY ALSO LIKE THIS VIDEO