പ്രളയം തകര്‍ത്ത കൈത്തറിക്ക് കരകയറാന്‍ ദുപ്പട്ട

Web Desk
Posted on June 21, 2019, 10:18 pm

പറവൂര്‍: പ്രളയത്തില്‍ പാടെ തകര്‍ന്ന കൈത്തറി മേഖലയെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായി കുര്യാപ്പിള്ളി കൈത്തറി നെയ്ത്ത് സഹകരണ സംഘം ദുപ്പട്ട വിപണിയിലെത്തിച്ചു. നെയ്‌തെടുത്ത ദുപ്പട്ടയുടെ ആദ്യവില്‍പ്പന സിനിമാതാരം മഞ്ജു വാര്യര്‍ നിര്‍വ്വഹിച്ചു.
മഹാപ്രളയം തകര്‍ത്തെറിഞ്ഞ കൈത്തറിയെ കൈപിടിച്ച് കരകയറ്റുകയാണ് ദുപ്പട്ടയുടെ ഉല്‍പാദനം കൊണ്ട് ലക്ഷ്യമാക്കുന്നത്. കുര്യാപ്പിള്ളി കൈത്തറി നെയ്ത്ത് സംഘമാണ് പുതിയതായി ഡിസൈന്‍ ചെയ്ത് ദുപ്പട്ട നെയ്ത്ത് ആരംഭിച്ചത്. സാധാരണ കൈത്തറി സംഘങ്ങള്‍ ഡബിള്‍ മുണ്ടുകള്‍, ഷര്‍ട്ടുകള്‍, സാധാരണ സാരികള്‍, സെറ്റ് സാരികള്‍, ബഡ്ഷീറ്റ്, തോര്‍ത്ത് എന്നിവയാണ് നെയ്‌തെടുക്കുക. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിക്കുന്ന ദുപ്പട്ട ഷാളുകള്‍ നെയ്യുക അപൂര്‍വ്വമാണ്.
സാധാരണ ഓണം, വിഷു ഉത്സവസീസണുകളില്‍ സര്‍ക്കാര്‍ റിബേറ്റ് പ്രഖ്യാപിക്കുമ്പോഴാണ് കൈത്തറി തുണികള്‍ കൂടുതലായി വില്‍ക്കപ്പെടുക. എന്നാല്‍ സ്ത്രീകള്‍ ചുരിദാറിനൊപ്പം ഉപയോഗിക്കുന്ന ദുപ്പട്ടയുടെ വില്‍പന ഏതു സീസണിലും നടക്കുമെന്ന് സംഘം ഭാരവാഹികളും മഞ്ജു വാര്യരും പറഞ്ഞു.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോപാല്‍ജി ഫൗണ്ടേഷനാണ് ദുപ്പട്ട നിര്‍മ്മാണത്തിന് ആവശ്യമായ സാമ്പത്തിക സഹായം സംഘത്തിന് നല്‍കിയത്. ഫൗണ്ടേഷന്‍ ഭാരവാഹികളായ രാജേഷ് രവി, ഡോ. പൂര്‍ണിമ നാരായണന്‍, പ്രമോദ് ശങ്കര്‍, സി കെ നാസര്‍, സുമേഷ് പത്മന്‍, സംഘം പ്രസിഡന്റ് ടി എസ് ഐഷ, സെക്രട്ടറി സി എസ് സരിത, ടി എസ് ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.

YOU MAY LIKE THIS VIDEO