Web Desk

തിരുവനന്തപുരം

January 21, 2021, 8:59 pm

ഒപ്പമുണ്ട്; കോവിഡ് കാലത്ത് സൈക്കോ സോഷ്യൽ സേവനങ്ങൾ നൽകിയത് 66 ലക്ഷം പേർക്ക്

Janayugom Online

കേരളത്തിൽ കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഇതുവരെ 66 ലക്ഷം പേർക്ക് സൈക്കോ സോഷ്യൽ സപ്പോർട്ട് സേവനങ്ങൾ നൽകി. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 1,304 മാനസികാരോഗ്യ പ്രവർത്തകരെയാണ് സജ്ജമാക്കിയത്.

2020 ഫെബ്രുവരി നാലിന് ആരംഭിച്ച സർക്കാർ സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം ആശുപത്രിയിലും വീട്ടിലും നീരിക്ഷണത്തിൽ കഴിഞ്ഞിരുന്ന 28.24 ലക്ഷം പേർക്ക് മാനസികാരോഗ്യ പരിചരണം നൽകി. വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉണ്ടായേക്കാവുന്ന ടെൻഷൻ, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും അവരുടെ ബന്ധുകൾക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നത്.
ലോക്ഡൗൺ സമയത്ത് മാനസിക സാമൂഹിക പ്രശ്നങ്ങൾ കൂടുതലായി അനുഭവിക്കാൻ സാധ്യതയുള്ള ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾ, ഒറ്റയ്ക്ക് താമസിക്കുന്ന വായോജനങ്ങൾ, അതിഥി തൊഴിലാളികൾ, മനോരോഗത്തിന് ചികിൽസയിൽ ഉള്ളവർ എന്നിവരെ പ്രത്യേകമായി വിളിച്ച് ടെലി കൗൺസിലിംഗ് സേവനങ്ങൾ നൽകിയിട്ടുണ്ട്. ഇതിനായി ഡിഇഐസി, എംഐയു തെറാപ്പിസ്റ്റുകൾ, ബഡ്സ് സ്കൂൾ, സ്പെഷ്യൽ സ്കൂൾ അധ്യാപകർ എന്നിവരും സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിൽ പ്രവർത്തിച്ചു.

74,087 ഭിന്നശേഷി കുട്ടികൾക്കും, മനോരോഗ ചികിത്സയിൽ ഇരിക്കുന്ന 31,520 പേർക്കും ഇത്തരത്തിൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണ രംഗത്ത് പ്രവർത്തിക്കുന്നവരിൽ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനും മാനസികാരോഗ്യം നിലനിർത്തുന്നതിനും പദ്ധതി ആവിഷ്കരിച്ചു. 40,543 ജീവനക്കാർക്കാണ് മാനസികാരോഗ്യ പരിചരണം നൽകിയത്.

നീരിക്ഷണത്തിലിരുന്ന 28,24,778 പേർക്ക് ആശ്വാസ കോളുകൾ നൽകി. ഇവർക്ക് 25,77,150 ഫോളോ അപ്പ് കോളുകളും നൽകിയിട്ടുണ്ട്. 55,253 കോളുകളാണ് ഹെൽപ്പ് ലൈൻ നമ്പറിൽ കിട്ടിയിട്ടുള്ളത്. കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്നങ്ങൾ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സേവനങ്ങൾ സ്കൂൾ കുട്ടികളിലേക്കും 2020 ജൂൺ മുതൽ വ്യാപിപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ട് 5,62,390 കോളുകൾ സ്കൂൾ കുട്ടികൾക്ക് നൽകിയിട്ടുണ്ട്. ഇതിൽ 55,882 കുട്ടികൾക്ക് കൗൺസിലിംഗ് സേവനങ്ങളും ലഭ്യമാക്കി. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയിൻ കീഴിൽ സൈക്കോ സോഷ്യൽ ഹെൽപ് ലൈൻ നമ്പറുകൾ ലഭ്യമാണ്. ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തിൽ ദിശ ഹെൽപ് ലൈൻ 1056, 0471 2552056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.

ENGLISH SUMMARY: Dur­ing the covid peri­od psy­cho-social ser­vices were pro­vid­ed to 66 lakh people

YOU MAY ALSO LIKE THIS VIDEO