പരീക്ഷാ നടത്തിപ്പിൽ സർക്കാരിന് ഫുൾ എ പ്ലസ്

Web Desk

തിരുവനന്തപുരം

Posted on June 30, 2020, 9:32 pm

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിലും വിജയകരമായി പരീക്ഷയും മൂല്യനിർണയവും ഫലപ്രഖ്യാപനവും നടത്തിയ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിക്ക് നൂറിൽ നൂറുമാർക്ക്. സിബിഎസ്ഇക്കും രാജ്യത്തെ പല സംസ്ഥാനത്തെ ബോർഡുകൾക്കും പരീക്ഷകൾ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേരളത്തിൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതെന്നത് സർക്കാരിന് അഭിമാനാർഹമായ നേട്ടമാണ്.

വിപുലമായ സുരക്ഷാ ക്രമീകരണങ്ങളോടും ജാഗ്രതയോടെയുള്ള പരീക്ഷാ നടത്തിപ്പും വഴിയാണ് സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും എസ്എസ്എൽസി പരീക്ഷ വിജയകരമായി തീർക്കാനും ഫലപ്രഖ്യാപനം നടത്താനും കഴിഞ്ഞത്.

വെല്ലുവിളികളെ അതിജീവിച്ച് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ പൂർത്തിയാക്കിയത്. ആദ്യ ഘട്ടത്തിൽ നടന്ന പരീക്ഷകളുടെ മൂല്യ നിർണയം മെയ് 18 മുതലും രണ്ടാം ഘട്ടത്തിൽ നടന്ന പരീക്ഷകളുടെ മൂല്യനിർണയം ജൂൺ നാല് മുതലുമാണ് ആരംഭിച്ചത്. കേന്ദ്രീകൃത മൂല്യനിർണയ കാമ്പുകളിൽ ജൂൺ 19 ന് മൂല്യ നിർണയം വിജയകരമായി പൂര്‍ത്തിയാക്കി.

എല്ലാവരുടെയും പിന്തുണയോടെ വളരെ ജനകീയമായി പരീക്ഷ നടത്താനായതായും ജനകീയ വിദ്യാഭ്യാസത്തെ ഉയർത്താൻ എല്ലാവരും വഹിച്ച പങ്കിനെ അഭിനന്ദിക്കുന്നതായും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫലപ്രഖ്യാപന ചടങ്ങിൽ പറഞ്ഞു. കോവിഡ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്ത് എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച എല്ലാ കുട്ടികളെയും ഹൃദയംഗമമായി അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

you may also like this video;