ലോക്ഡൗൺ കാലത്ത് വൻതോതിൽ മദ്യം കാണാതായി

Web Desk

ന്യൂഡൽഹി

Posted on May 07, 2020, 8:47 pm

മധ്യപ്രദേശിലും ഹരിയാനയിലും ലോക്ഡൗൺ കാലത്ത് വൻ തോതിൽ മദ്യം കളവ് പോയി. പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടന്ന ഈ മോഷണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഹരിയാനയിലെ സോണിപ്പത്തിൽ വെയർഹൗസിലും മധ്യപ്രദേശിലെ മിഹോന ടൗൺ പൊലീസ് സ്റ്റേഷനിലുമാണ് കളവ് നടന്നിരിക്കുന്നത്. സോണിപ്പത്തിലെ ഖർക്കോഡ‑മറ്റിന്ഡോ റോഡിലുള്ള വെയർ ഹൗസിൽ നിന്നാണ് മദ്യം കാണാതായിരിക്കുന്നതെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. വെയർഹൗസിന്റെ ചുമതലയുള്ള ജീവനക്കാരുടെ ഒത്താശയില്ലാതെ വൻതോതിലുള്ള മോഷണം സാധ്യമല്ല. കാണാതായ മദ്യത്തിന്റെ അളവ് തിട്ടപ്പെടുത്താനിരിക്കുന്നതേയുള്ളൂ.

മെയ് അഞ്ച് വരെ സംസ്ഥാനത്ത് മദ്യ വിൽപന ഉണ്ടായിരുന്നില്ല. അതിന് ശേഷം തുറന്നപ്പോഴാണ് സൂക്ഷിച്ച മദ്യത്തിൽ കുറവ് കണ്ടത്. ഇതേതുടർന്ന് അന്വേഷണത്തിന് മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. മധ്യപ്രദേശ് മിഹോന പൊലീസ് സ്റ്റേഷനിൽ നിന്ന് 950 കുപ്പി മദ്യമാണ് അപ്രത്യക്ഷമായത്. ലോക്ഡൗൺ കാലത്ത് അനധികൃത വില്പനയ്ക്കായി ഇവിടെ നിന്ന് കടത്തിയെന്നാണ് കരുതുന്നതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് നാഗേന്ദ്ര സിങ് അറിയിച്ചു. സംഭവത്തെ തുടർന്ന് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അമർ സിങ്, കോൺസ്റ്റബിൾ രമേശ് ബൻസൽ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി പിടിച്ചെടുത്ത 3,400 മദ്യക്കുപ്പികളിൽ 2,200 എണ്ണം കോടതിയുടെ സ്ട്രോങ് റൂമിലും 1,200 എണ്ണം പൊലീസ് സ്റ്റേഷനിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. ഇതിൽ 950 കുപ്പികളാണ് മോഷണം പോയിരിക്കുന്നത്. മറ്റിടങ്ങളിൽ സമാന സംഭവം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് നാഗേന്ദ്ര സിങ് പറഞ്ഞു.

Eng­lish Sum­ma­ry: Dur­ing the lock down, large quan­ti­ties of alco­hol were miss­ing

You may also like this video