March 23, 2023 Thursday

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ വാടും, വേനലിന്റെ വരവറിയിച്ച് പൊടിക്കാറ്റ്

കെ രംഗനാഥ്
അബുദാബി
March 1, 2020 11:05 pm

കൊടിയ ശെെത്യം ഗള്‍ഫിനോട് വിടപറയുന്നതിന്റെ നാന്ദിയായി എങ്ങും പൊടിക്കാറ്റ്. മുഖ്യമായും യുഎഇയും സൗദി അറേബ്യയുമാണ് പൊടിക്കാറ്റില്‍ കുളിച്ചു നില്ക്കുന്നത്. ഗള്‍ഫിലെ ഇത്തവണത്തെ ശീതകാലം കാലാവസ്ഥാവ്യതിയാനത്തിന്റെ വിവിധ ഭാവമാറ്റങ്ങള്‍ കാട്ടിയ ശേഷമാണ് അകന്നുപോകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. കടുത്ത മഞ്ഞുകാലത്ത് യുഎഇ-ഒമാന്‍ അതിര്‍ത്തിയിലെ അത്യുന്നതമായ ജബേല്‍ ജഹസില്‍ കനത്ത മഞ്ഞുവീഴ്ചയും ആലിപ്പഴവര്‍ഷവുമുണ്ടായി.

മഴയും കാര്യമായി പെയ്തു. ഇതോടെ മഞ്ഞുരുകിയും മഴയുംമൂലം ചെറുതടാകങ്ങള്‍ പലേടത്തും രൂപപ്പെട്ടതോടെ മരുഭൂമിയില്‍ കാലാവസ്ഥാവ്യതിയാനം ഒരുക്കിയ പ്രകൃതിരമണീയത കാണാന്‍ എങ്ങും വിനോദസഞ്ചാരികളുടെ തിരക്കായി. മഴ പെയ്തു തണുത്ത മരുഭൂമിയ്ക്കടിയില്‍ പുതഞ്ഞുകിടന്ന വിവിധയിനം വിത്തുകള്‍ മുളച്ച് അതിവേഗം പൂവിട്ടതോടെ മരുഭൂമികള്‍ മലര്‍വാടികളാകുന്ന മനോഹര ദൃശ്യങ്ങളും ഉണ്ടായി. എന്നാല്‍ ഗള്‍ഫില്‍ മഞ്ഞുകാലത്തിന് തിരശീല വീഴുന്നുവെന്ന് ഇന്നലെ യുഎഇ കാലാവസ്ഥാ നിരീക്ഷണ കാര്യാലയം അറിയിച്ചു.

എങ്ങും ഉയരുന്ന പൊടിക്കാറ്റ് അതിന്റെ സൂചനയായി. മഞ്ഞില്‍ വിരിഞ്ഞ പൂക്കളും വാടിത്തുടങ്ങി. വിത്തുകളോടെ അവ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വാടിക്കരിയും. അടുത്ത മഞ്ഞുകാലം വരെ മണ്ണിനടിയില്‍ നിദ്രാവസ്ഥയില്‍ കിടക്കുന്ന വിത്തുകള്‍ ശീതകാലത്തു വീണ്ടും കിളിര്‍ത്തു വളര്‍ന്ന് പൂവണിയും. പൊടിക്കാറ്റിന്റെ വേഗതയും വര്‍ധിച്ചതിനാല്‍ പൊടിക്കൊപ്പം മണല്‍ത്തരികളും അന്തരീക്ഷത്തിലേയ്ക്ക് പറന്നുയരുന്നു.

പൊടിക്കാറ്റുമൂലം ദൂരക്കാഴ്ച വല്ലാതെ കുറഞ്ഞു. ഇതുമൂലം വാഹനാപകടങ്ങളും തുടര്‍ക്കഥയാവുന്നു. വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായി കുറയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊടിക്കാറ്റു രൂക്ഷമായ പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അബുദാബിയിലേയും ദുബായിലേയും തീരപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത ഇപ്പോള്‍ മണിക്കൂറില്‍ 45 കിലോമീറ്ററാണ്. കാറ്റിന് ശമനമില്ലാത്തതിനാലാണ് അന്തരീക്ഷത്തിലെ പൊടിയടങ്ങാത്തതെന്നും അധികൃതര്‍ വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.