27 March 2024, Wednesday

Related news

December 26, 2023
December 25, 2023
December 24, 2023
December 24, 2023
December 20, 2023
December 19, 2023
December 19, 2023
December 19, 2023
December 19, 2023
December 18, 2023

വികസനവും പുരോഗതിയും സംരക്ഷിക്കേണ്ടത് കമ്മ്യൂണിസ്റ്റുകാരുടെ ബാധ്യത: കാനം

Janayugom Webdesk
July 23, 2022 11:08 pm

കേരളം നേടിയെടുത്ത വികസനവും പുരോഗതിയും സംരക്ഷിക്കേണ്ടത് കമ്മ്യൂണിസ്റ്റുകാരുടെ പുതിയ ബാധ്യതയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നെടുമങ്ങാട് എം സുജനപ്രിയന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പരിപ്രേക്ഷ്യം എന്തായിരിക്കണം എന്ന് തീരുമാനിച്ചത് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ അന്നത്തെ സെക്രട്ടറിയായിരുന്ന അച്യുതമേനോൻ അവതരിപ്പിച്ച ഒരു രേഖയായിരുന്നു. കേരളത്തിന്റെ ഭാവി നിർണയിക്കുന്നതിലും വികസനത്തിന്റെ ദിശ എന്തായിരിക്കണമെന്ന് നിശ്ചയിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സുപ്രധാന പങ്കുണ്ടായിരുന്നു. ആ പുരോഗതിയും വികസനവും സംരക്ഷിക്കാൻ അതേ കമ്മ്യൂണിസ്റ്റുകാർക്ക് ഇന്നത്തെ സാഹചര്യത്തിൽ പുതിയ ബാധ്യത കൂടി ഉണ്ടാകുന്നു എന്നതാണ് യാഥാർത്ഥ്യമെന്ന് കാനം ചൂണ്ടിക്കാട്ടി. 

വർഗീയതയുടെ പേരിൽ അധികാരത്തിൽ തുടരുകയും ജനങ്ങളെ വിഭജിക്കുകയും സമ്പന്നന്മാർക്കുവേണ്ടി ഭരിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിൽ നിന്നും ബിജെപിയിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രനയങ്ങൾക്ക് ബദലായി, ഇടതുപക്ഷ ആശയം ഉയർത്തിപ്പിടിക്കുകയും മതനിരപേക്ഷതയെ സഹായിക്കുകയും ചെയ്യുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ രക്ഷിക്കാനുള്ള ബാധ്യത കമ്മ്യൂണിസ്റ്റുകാർക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് പരസ്പരം പോരടിച്ച പാർട്ടികൾ ഇടതുപക്ഷ മുന്നണിയുണ്ടാക്കിയത്. ആ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി 1980 മുതൽ 2022 വരെ മുന്നണിയോട് വിശ്വാസ്യതയും കൂറും പുലർത്തി മുന്നോട്ടുപോകാൻ സിപിഐ പ്രത്യേകം ശ്രമിച്ചിട്ടുണ്ട്. മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്താനും ഇടതുപക്ഷ നിലപാടുകളിൽ ഉറപ്പിച്ചുനിർത്താനും നമ്മുടെ പാർട്ടി മുൻകൈയെടുത്തിട്ടുണ്ട്. മുന്നണിയുടെ നേട്ടങ്ങളും കോട്ടങ്ങളും എല്ലാ കക്ഷികളും വീതം വച്ചെടുത്തേ പറ്റൂ. സുഖദുഃഖങ്ങൾ ഘടകകക്ഷികൾക്കെല്ലാം അവകാശപ്പെട്ടതാണ്. 

നേട്ടം വരുമ്പോൾ കൈനീട്ടുകയും കോട്ടം വരുമ്പോൾ ഉത്തരവാദിത്തം ഞങ്ങൾക്കില്ല എന്ന് പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല തങ്ങൾക്കുള്ളതെന്നും കാനം വ്യക്തമാക്കി. സർക്കാരിനെ സംരക്ഷിക്കാനും ജനങ്ങളെ അണിനിരത്തിക്കൊണ്ട് പോരാടാനുമുള്ള പരിശ്രമമാണ് എൽഡിഎഫ് സംസ്ഥാന കമ്മിറ്റി നടത്തുന്നത്. സിപിഐയും സിപിഐ(എം)ഉം രണ്ട് പാർട്ടിയായാണ് പ്രവർത്തിക്കുന്നത്. സൂക്ഷ്മതലത്തിൽ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടാകാം. വിശദാംശങ്ങളിലുള്ള തർക്കങ്ങളെക്കാൾ യോജിപ്പിന്റെ മേഖലകൾ കണ്ടെത്തുകയും, നമ്മെ ഇല്ലായ്മ ചെയ്യാൻ വരുന്ന ശക്തികൾക്കെതിരെ യോജിച്ച് നിൽക്കുകയും ചെയ്യേണ്ട ബാധ്യത നമുക്കുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍ പ്രസംഗിച്ചു. സംസ്ഥാന അസി. സെക്രട്ടറിമാരായ സത്യന്‍ മൊകേരി, കെ പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരന്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ കെ പി രാജേന്ദ്രന്‍, എന്‍ രാജന്‍, റവന്യു മന്ത്രി കെ രാജന്‍, ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

സംസ്ഥാന കൗണ്‍സില്‍ അംഗം ജെ വേണുഗോപാലന്‍ നായര്‍ പ്രതിനിധി സമ്മേളന നഗറില്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ അരുൺ കെഎസ് സ്വാഗതം പറഞ്ഞു. സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും. പുതിയ ജില്ലാ കൗണ്‍സിലിനെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളനത്തിലേക്കുള്ള പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുക്കും. 

Eng­lish Summary:Duty of Com­mu­nists to Pro­tect Devel­op­ment and Progress: Kanam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.