Monday
18 Feb 2019

ഡി വിനയചന്ദ്രന്‍ മാഷിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്

By: Web Desk | Saturday 10 February 2018 9:28 PM IST

ശൂരനാട് :ആധുനീക കവിതാ ലോകത്ത് പുത്തന്‍ സംഭാവനകള്‍ നല്‍കിയ പ്രിയ കവി വിനയചന്ദ്രന്‍ മാഷിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്. മലയാള സാഹിത്യ ലോകത്തില്‍ ഡി വിനയചന്ദ്രന്റെ നികത്താനാകാത്ത വിടവായി ഇന്നും നിലനിലനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ അഞ്ചാം ഓര്‍മ്മ പുതുക്കലില്‍ കാവ്യ ലോകത്തിനു വലിയ സംഭാവന നല്‍കുകയാണ് അദ്ദേഹത്തെയും കലയെയും സ്‌നേഹിക്കുന്ന പടിഞ്ഞാറേ കല്ലടയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. ഇതിന്റെ തുടക്കമെന്നോണം രണ്ടു മാസങ്ങള്‍ക്കു മുമ്പ് കടപുഴ കേന്ദ്രീകരിച്ചു ഡി വിനയചന്ദ്രന്‍ സ്മാരക ഫൗണ്ടേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അദ്ദേഹത്തിന്റെ കുടുംബ വീടായ വിനയ ചന്ദ്രിക സ്മാരക ഭവനമായി നിലനിര്‍ത്തിക്കൊണ്ടു മ്യൂസിയവും, ലൈബ്രറിയും, വായനാമുറിയും നര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫൌണ്ടേഷന്‍. ഇത്തവണത്തെ കേരള ബഡ്ജറ്റില്‍ 50 ലക്ഷം അനുവദിച്ചതോടു കൂടി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

ഡി വിനയചന്ദ്രന്റെ സ്മാരകം പണിയുന്നതിനോടോപ്പം കല, സാഹിത്യം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ ഗവേഷണങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുക, ഡി വിനയചന്ദ്രന്റെ കൃതികളുടെ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക, മലയാളത്തിലെ മികച്ച കാവ്യാ സംഭാവനകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് ഫൗണ്ടേഷന്റെ ലക്ഷ്യങ്ങള്‍. കടപുഴ നവോദയ ഗ്രന്ഥശാലാ പ്രവര്‍ത്തകരും ഫൗണ്ടേഷന്റെ പതിനൊന്നംഗ ഭരണസമിതിയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
1946 മെയ് 16ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലാണ് വിനയചന്ദ്രന്‍ മാഷ് ജനിക്കുന്നത്. ഭൗതിക ശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.തൊണ്ണൂറ്റിമൂന്നില്‍ എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അദ്ധ്യാപകനായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയ സാഹിത്യപ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്ന അദ്ദേഹം വളരെ ലളിതമായ ജീവിത ശൈലി പിന്‍തുടര്‍ന്നിരുന്നു. അവിവാഹിതനായിരുന്ന വിനയചന്ദ്രന്‍ 2013 ഫെബ്രുവരി 11 നു ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്.
മികച്ച കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം തൊണ്ണൂറ്റി രണ്ടില്‍ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. രണ്ടായിരത്തി അറിലെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് മാഷിനെ തേടിയെത്തി.
അദ്ദേഹത്തിന്റെ അഞ്ചാം ചരമവാര്‍ഷിക ദിനമായ ഇന്നു മുതല്‍ നവോദയ ഗ്രന്ഥശാലയുടേയും, ഡി വിനയചന്ദ്രന്‍ ഫൗണ്ടേഷന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ എട്ടിന് അദ്ദേഹത്തിന്റെ സമൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന, തുടര്‍ന്ന് ഡി വിനയചന്ദ്രന്‍ കവിതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ക്കായുള്ള കാവ്യാലാപന മല്‍സരം, പന്ത്രണ്ടിന് നാലു മണിക്ക് നടക്കുന്ന കവിയരങ്ങില്‍ പ്രശസ്ത കവികള്‍ പങ്കെടുക്കും. ആറിന് അനുസ്മരണ സമ്മേളനം എം എ ബേബി ഉദ്ഘാടനം ചെയ്യും. ചവറ കെ എസ് പിള്ള അധ്യക്ഷനാകും. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും.