ബിജെപി വെബ്‌സൈറ്റ് ഡിസൈന്‍ അടിച്ചുമാറ്റിയതെന്ന് ആരോപണം

Web Desk
Posted on March 25, 2019, 10:30 pm

ഹൈദരാബാദ്: അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ട സ്വന്തം വെബ്‌സൈറ്റിന് വേണ്ടി ഭാരതീയ ജനതാപാര്‍ട്ടി കടപ്പാട് വയ്ക്കാതെ വെബ് ഡിസൈന്‍ ഉപയോഗിച്ചുവെന്ന പരാതിയുമായി ആന്ധ്രാപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ്.
ഹാക്ക് ചെയ്യപ്പെട്ട് രണ്ടാഴ്ചകള്‍ക്ക് ശേഷം വെള്ളിയാഴ്ചയാണ് ബിജെപിയുടെ വെബ്‌സൈറ്റ് ‘മെയ്ന്റനന്‍സ്’ മോഡില്‍ നിന്നും മാറി തിരികെയെത്തിയത്. ഒരു പേജ് മാത്രമാണ് വെബ്‌സൈറ്റിലുള്ളത്.
തിരിച്ചെത്തിയ വെബ്‌സൈറ്റില്‍ തങ്ങള്‍ ഡിസൈന്‍ ചെയ്ത വെബ് ടെംപ്ലേറ്റ് ആണ് ഉപയോഗിച്ചിട്ടുള്ളതെന്ന് നെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂ 3 ലേ ഔട്ട് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി പറയുന്നു. ഡബ്ല്യൂ 3 ലേ ഔട്ട് ഡിസൈന്‍ ചെയ്ത ‘പീക്ക്’ എന്ന പേരിലുള്ള ലാന്‍ഡിങ് പേജ് ബൂട്ട്‌സ്ട്രാപ്പ് റെസ്‌പോണ്‍സീവ് വെബ് ടെംപ്ലേറ്റ് ആണ് ബിജെപി വെബ്‌സൈറ്റില്‍ ഉപയോഗിച്ചത്.
ഡിസൈന്‍ സൗജന്യമായി ഉപയോഗിക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണ്. എന്നാല്‍ പേജിന്റെ അവസാനം ടെംപ്ലേറ്റ് ഡിസൈന്‍ ചെയ്ത ഡബ്ല്യൂ 3 ലേ ഔട്ടിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ബാക്ക് ലിങ്ക് നല്‍കിയിരുന്നു. എന്നാല്‍ ഈ ലിങ്ക് നീക്കം ചെയ്താണ് ബിജെപി ടെംപ്ലേറ്റ് ഉപയോഗിച്ചത്. ഈ പ്രശ്‌നം ഡബ്ല്യൂ 3 ലേ ഔട്ട് ട്വിറ്റര്‍ വഴി ബിജെപിയെ അറിയിച്ചിട്ടുണ്ട്.
ലിങ്കിലെ നിബന്ധനകള്‍ വായിക്കാന്‍ വെബ്‌സൈറ്റ് ടീമിനെ നിര്‍ദേശിക്കു എന്നും ഐടി ടീമിന്റെ ഇമെയില്‍ അഡ്രസ് നല്‍കണമെന്നും ഡബ്ല്യൂ 3 ലേ ഔട്ട് ട്വീറ്റില്‍ ആവശ്യപ്പെട്ടു. വെബ്‌സൈറ്റില്‍ ഇപ്പോഴും ഉപയോഗിച്ചിരിക്കുന്നത് തങ്ങളുടെ വെബ് പേജാണെന്നും അവര്‍ പറയുന്നു.
ഡബ്ല്യൂ 3 ലേ ഔട്ടിന്റെ വെബ്‌പേജ് ബിജെപി കടപ്പാട് വയ്ക്കാതെ അതിന്റെ വെബ്‌സൈറ്റില്‍ ഉപയോഗിച്ചുവെന്ന് സൈബര്‍ സുരക്ഷാ ഗവേഷകനായ എല്ലിയോട്ട് അല്‍ഡേഴ്‌സനും ട്വീറ്റ് ചെയ്തു. അതേസമയം ഈ ആരോപണങ്ങളോട് ബിജെപി പ്രതികരിച്ചിട്ടില്ല.