തിരുവനന്തപുരം: സമഗ്രഭൂപരിഷ്കരണനിയമം പൂർണമായി നടപ്പിലാക്കിയത് സി അച്യുതമേനോൻ സർക്കാരായിരുന്നുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. അഖിലേന്ത്യാ കിസാൻസഭാ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭൂപരിഷ്കരണ നിയമം 50-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1957ൽ സി അച്യുതമേനോന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഭൂപരിഷ്കരണ ആശയം മുന്നോട്ട് വച്ചിരുന്നു. കേരളത്തിന്റെ സമഗ്ര പുരോഗതിക്കും കാർഷികമേഖലയുടെ മുന്നേറ്റത്തിനും വഴിതെളിച്ച ഭൂപരിഷ്കരണ നിയമം 1970ൽ യാഥാർഥ്യമായത് അച്യുതമേനോന്റെ ജാഗ്രതാപൂർവമായ നിരന്തര ഇടപെടലുകളിലൂടെയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 1969 മുതൽ 1980 വരെയുള്ള കാലഘട്ടത്തെ കേരളത്തിന്റെ ചരിത്രത്തിൽനിന്ന് ചിലർ ബോധപൂർവം ഒഴിവാക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. അവരുടെ കണക്കിൽപ്പെടാത്ത ആ കാലഘട്ടത്തെ പറ്റിയുള്ള തെറ്റായ കണക്കുകൂട്ടൽ കാര്യമാക്കേണ്ടതില്ല.
നിയമനിർമ്മാണം നടത്തിയ 1957, 1967, 1970 കാലഘട്ടങ്ങളിൽ സർക്കാരിൽ സിപിഐയുണ്ടായിരുന്നുവെന്നും കേരളത്തിൽ അന്നോളമില്ലാത്തവിധം മികച്ച ഭരണം കാഴ്ചവച്ച കാലഘട്ടമായിരുന്നു സി അച്യുതമേനോന്റെതെന്നും അദ്ദേഹം പറഞ്ഞു. ഭൂപരിഷ്കരണത്തെ ഭരണഘടനയുടെ ഒൻപതാംപട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചത് അച്യുതമേനോനായിരുന്നുവെന്നും മന്ത്രി ഓർമ്മപ്പെടുത്തി. ജനങ്ങളുടെ മനസിൽ നിന്ന് അച്യുതമേനോനെ ഒഴിവാക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. ഇഎംഎസ് സർക്കാർ 1967 ൽ അധികാരത്തിൽ വന്നിട്ട് രണ്ടു വർഷം നിയമം നടപ്പാക്കാതെ നഷ്ടപ്പെടുത്തി.
നിയമനിർമ്മാണം നീട്ടികൊണ്ടു പോയി. നിയമം നടപ്പാക്കിയ അച്യുതമേനോൻെറ സംഭാവന തങ്കലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൻ ഭാസുരാംഗൻ അധ്യക്ഷത വഹിച്ചു. കിസാൻസഭ സംസ്ഥാനസെക്രട്ടറി വി ചാമുണ്ണി, സിപിഐ ജില്ലാസെക്രട്ടറി ജി ആർ അനിൽ, കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ, ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻതുടങ്ങിയവർ സംസാരിച്ചു.
English Summary: E Chandraskharan says Achutha Menon government implemented land reform act
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.