23 April 2024, Tuesday

സാക്ഷികള്‍ കൂറുമാറിയത് കേസിന് തിരിച്ചടിയായി: ഇ ചന്ദ്രശേഖരന്‍ എംഎല്‍എ

Janayugom Webdesk
തിരുവനന്തപുരം
March 22, 2023 12:48 am

പൊലീസ് സ്റ്റേഷനില്‍ പ്രതികളെ തിരിച്ചറിഞ്ഞ് മൊഴി കൊടുത്തവര്‍ കോടതിയില്‍ മൊഴി മാറ്റിയതാണ് തന്നെയും എല്‍ഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിച്ചവര്‍ക്ക് സഹായകമായതെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ. വസ്തുതകള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനായി ചട്ടം 208 പ്രകാരം വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.

പ്രസ്താവനയുടെ പൂര്‍ണ രൂപം:
2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു വിജയിച്ച ഞാന്‍ മേയ് 19ന് വോട്ടര്‍മാരോട് നന്ദി പ്രകാശിപ്പിക്കുന്നതിനായി തുറന്ന ജീപ്പില്‍ സഞ്ചരിക്കവെ അ‍ജാനൂര്‍ പഞ്ചായത്തിലെ മാവുങ്കാലില്‍ വച്ച് ഒരു സംഘം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ എന്നെയും എല്‍ഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിച്ച് പരിക്കേല്‍പിച്ചു. എന്റെ പ്രഥമ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് എഫ്ഐആര്‍ നം 471/16 ആയി കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി 143, 147, 148, 341, 323, 324, 326, 427, 307, ആര്‍ഡബ്ല്യു 149 ആയി കുറ്റപത്രം നല്‍കി. അഡീഷണല്‍ സെഷന്‍സ് ജ‍ഡ്ജ് 2 കാസര്‍കോട് മുമ്പാകെ എസ്‌സി/ 170/2019 നം ആയി വിചാരണ ചെയ്തു. ഞാന്‍ പൊലീസില്‍ നല്‍കിയ മൊഴിക്കനുസരിച്ചു തന്നെയാണ് വിചാരണ കോടതിയിലും മൊഴി നല്‍കിയത്. പ്രതികളായി കോടതിയില്‍ നില്‍ക്കുന്നവരെല്ലാം എന്നെ ആക്രമിച്ചവരുടെ മുന്‍ നിരയില്‍ ഉണ്ടായിരുന്നു എന്നാണ് മൊഴി നല്‍കിയത്. എന്നാല്‍ അന്വേഷണ ഘട്ടത്തിന്റെ വിവിധ സമയങ്ങളില്‍ പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസിന് മൊഴി കൊടുത്ത പിഡബ്ല്യു 10, പിഡബ്ല്യു 11, പിഡബ്ല്യു 12 ഉള്‍പ്പെടെ നാലു പ്രോസിക്യൂഷന്‍ സാക്ഷികള്‍ വിചാരണക്കിടെ കൂറുമാറി. ഇക്കാര്യം കോടതി വിധിന്യായത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

പ്രതികളെ തിരിച്ചറി‍യേണ്ടിയിരുന്ന സാക്ഷികള്‍ കൂറുമാറിയത് കേസിന് തിരിച്ചടിയായി. വസ്തുത ഇതായിരിക്കെ സഭാ സമ്മേളനത്തില്‍ ഫെബ്രുവരി രണ്ടിന് കുറ്റ്യാടി അംഗം നയപ്രഖ്യാപനത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ സാക്ഷികളെല്ലാം ഒരേ നിലയിലാണ് മൊഴി നല്‍കിയതെന്നും പ്രതികളെ തിരിച്ചറിയാനാകാത്തതിനാലാണ് കേസ് വിട്ടുപോയതെന്നും പരാമര്‍ശിച്ചത് വസ്തുതാ വിരുദ്ധമാണ്. റൂള്‍ 208 പ്രകാരം നല്‍കിയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിശദീകരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.