Saturday
19 Oct 2019

എന്‍ഡോസള്‍ഫാന്‍; പുനഃപരിശോധന നടത്തി അര്‍ഹരെ കണ്ടെത്തും: സര്‍ക്കാര്‍

By: Web Desk | Friday 1 February 2019 10:20 PM IST


തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ബാധിതരെ കണ്ടെത്താന്‍ എല്ലാ സര്‍ക്കാരുകളും സ്വീകരിച്ച മാനദണ്ഡപ്രകാരം പുനഃപരിശോധന നടത്തി,ഏതെങ്കിലും അര്‍ഹരുണ്ടെങ്കില്‍ അവരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. നിയമസഭയിലെ റവന്യു മന്ത്രിയുടെ ചേംബറില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പ് മന്ത്രി നല്‍കിയത്.

സര്‍ക്കാര്‍ എന്ന നിലയില്‍ ദുരിതബാധിതര്‍ക്കായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും എന്‍ഡോസള്‍ഫാന്‍ മുന്നണി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സമരം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1905 പേരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പാനല്‍ 90 ദിവസത്തിനകം പരിശോധന നടത്തും. നേരത്തെ അര്‍ഹരെ കണ്ടെത്താന്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയപ്പോള്‍ ഹര്‍ത്താല്‍ കാരണം പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കായി പ്രത്യേക ക്യാമ്പ് നടത്താമെന്നും സമരക്കാരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും പങ്കെടുത്തു.

2013 മുതല്‍ ഹൈക്കോടതി അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദുരിതബാധിതരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രവര്‍ത്തിച്ചുവരുന്നത്. ഒരു പ്രത്യേക മെഡിക്കല്‍ സംഘം റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മ പരിശോധന നടത്തിയശേഷമാണ് അര്‍ഹരുടെ പട്ടിക മുന്‍പ് തയ്യാറാക്കിയത്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2017 ഏപ്രില്‍ മാസം നടത്തിയ പ്രത്യേക ക്യാമ്പിനെ തുടര്‍ന്ന് 287 പേരെ പുതുതായി ഉള്‍പ്പെടുത്തി. അതു സംബന്ധിച്ച് ഇരകളുടെ അമ്മമാര്‍ നല്‍കിയ പരാതികള്‍ പരിശോധിച്ച് ജില്ലാതല സെല്ലിന്റെ തീരുമാനപ്രകാരം രോഗാവസ്ഥയിലുള്ള 76 പേരെ കൂടി ഉള്‍പ്പെടുത്തി 363 പേരുടെ പട്ടിക അംഗീകരിച്ചു. പരാതികളെ തുടര്‍ന്ന് പുനഃപരിശോധനയ്ക്കു ശേഷം പിന്നീട് 11പേരെ കൂടി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആകെ 6212 പേരാണ് ദുരിതബാധിതരായി അംഗീകരിച്ച പട്ടികപ്രകാരം നിലവിലുള്ളത്.

ദുരന്തബാധിത കുടുംബത്തിലെ രണ്ടു കുട്ടികളില്‍ ഒരാളെ മാത്രം ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് സമരക്കാരുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകള്‍ പ്രത്യേകം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നു ലക്ഷം രൂപവരെ കടബാധ്യതയുള്ളവരുടെ കടം എഴുതിത്തള്ളുന്നതിനായി 4.63 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നേരത്തെ 50,000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്നതിന് 2.67 കോടി രൂപ അനുവദിച്ചിരുന്നു. പൂര്‍ണമായി കിടപ്പിലായവര്‍, മരണമടഞ്ഞവര്‍, മാനസിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് മൂന്നു ലക്ഷം രൂപയും സാമ്പത്തിക സഹായം നല്‍കിക്കൊണ്ടിരിക്കുകയാണ്.

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ആറ് ബഡ്‌സ് സ്‌കൂളുകള്‍ കാസര്‍കോട് ഉദ്ഘാടനം ചെയ്യും. മൂന്നു ബഡ്‌സ് സ്‌കൂളുകളുടെ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്. ദുരന്തബാധിതരെ ശാസ്ത്രീയമായി പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുളിയാര്‍ പഞ്ചായത്തില്‍ 68 കോടി രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കും. ഇതിനുള്ള വിശദമായ പദ്ധതി രൂപരേഖ ഊരാളുങ്കല്‍ സൊസൈറ്റി തയ്യാറാക്കിക്കഴിഞ്ഞു. ഈ മേഖലയില്‍ ബാക്കിവന്ന എന്‍ഡോസള്‍ഫാന്‍ ശാസ്ത്രീയമായി നിര്‍വീര്യമാക്കുന്നതിന് പെസ്റ്റിസൈഡ് ഇന്ത്യാ ലിമിറ്റഡുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു.
സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, കാസര്‍കോ്ട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.

അതേസമയം, മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സെക്രട്ടേറിയറ്റിനു മുന്നിലെ സമരപന്തലില്‍ തിരിച്ചെത്തിയ നേതാക്കള്‍ സമരം മുന്നോട്ടു കൊണ്ടുപോകുമെന്ന് അറിയിച്ചു. നാളെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കട യാത്ര നടത്തും.

Related News