August 12, 2022 Friday

നവകേരളസൃഷ്ടിയുടെ പുനർവായനയുമായി ഇ ഗോപാലകൃഷ്ണ മേനോൻ ജന്മ ശതാബ്ദി

Janayugom Webdesk
കൊടുങ്ങല്ലൂർ
January 19, 2020 10:59 pm

നവകേരള സൃഷ്ടിയുടെ ചരിത്രവും ഭാവി കേരളത്തിനായി അതിന്റെ പുനർവായനയുമായി ഇ ഗോപാലകൃഷ്ണ മേനോൻ ജന്മശതാബ്ദി സെമിനാർ. കാർഷിക ബന്ധ ബില്ലിന്റെയും ഭൂപരിഷ്കരണ നിയമത്തിന്റെയും മുഖ്യശിൽപികളിൽ ഒരാളായിരുന്ന ഗോപാലകൃഷ്ണ മേനോന്റെ സ്മരണ അതേ അർത്ഥത്തിൽ തന്നെ സെമിനാറിലെ വിഷയങ്ങളിൽ പ്രതിഫലിക്കുന്നുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഗോപാലകൃഷ്ണമേനോൻ, സി അച്യുത മേനോൻ, കെ ആർ ഗൗരിയമ്മ തുടങ്ങിയ മഹാഥൻമാരുടെ ശ്രമങ്ങളുടെയും പോരാട്ടത്തിന്റെയും ഫലമായി ഭൂപരിഷ്കരണ നിയമത്തിന്റെ ഗുണഫലം 75 ലക്ഷം കുടുംബങ്ങൾ അനുഭവിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവിധ ഭൂനിയമങ്ങളുടെ തുടർച്ചയാണ് 1970ലെ ഭൂപരിഷ്കരണ നിയമമെന്ന് ഭൂപരിഷ്കരണ നിയമത്തിന്റെ 50 വർഷങ്ങൾ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ ഡോ. മൈക്കിൾ തരകൻ പറഞ്ഞു. വികേന്ദ്രീകരണവും ഭൂപരിഷ്കരണവും തമ്മിലുള്ള ബന്ധം ഇതുവരെ വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഭൂപരിഷ്കരണം പരാജയമായിരുന്നു എന്ന് ചില കേന്ദ്രങ്ങളുയർത്തുന്ന വാദം ശരിയല്ലെന്നും മൈക്കിൾ തരകൻ പറഞ്ഞു. സുപ്രീം കോടതിയിൽ നിർഭയരും നിഷ്പക്ഷരുമായ ന്യായാധിപന്മാരുടെ അഭാവമാണ് ഭരണഘടന നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് അഡ്വ. എ ജയശങ്കർ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ ഭരണാധികാരികളുടെ ശക്തിയെക്കാളും അപകടകരമാണ് പ്രതിപക്ഷത്തിന്റെ ദൗർബല്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പുരോഗതിക്ക് കാലാവസ്ഥ വ്യതിയാനങ്ങൾ അനുസരിച്ചുള്ള കൃഷിരീതികൾ പരീക്ഷിക്കണം എന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പ്രസ്താവിച്ചു. തോട്ടവിളകളുടെ കൂട്ടത്തിൽ പഴവർഗങ്ങൾ കൂടി ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും ടൂറിസം മേഖലയും കാർഷികമേഖലയും തമ്മിൽ യോജിച്ച പ്രവർത്തനം നടക്കേണ്ടതുണ്ട് എന്നും നവകേരള നിർമ്മിതിയിൽ കാർഷിക മേഖലയുടെ പങ്ക് എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട അദ്ദേഹം കൂട്ടിച്ചേർത്തു. ഇ ഗോപാലകൃഷ്ണ മേനോൻ ജന്മശതാബ്ദി സോവനീറിന്റെ പ്രകാശനം മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു. പൊതു സമ്മേളനം മുൻ കൃഷി മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. കെ ജി ശിവാനന്ദൻ രചിച്ച ചരിത്രം തുടിക്കുന്ന വിപ്ലവ സ്മരണകൾ എന്ന ജീവചരിത്ര ഗ്രന്ഥം ഗോപാലകൃഷ്ണ മേനോന്റെ സഹധർമിണി ഡോ. വി സരസ്വതിക്ക് നൽകി എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രൻ പ്രകാശനം ചെയ്തു.

Eng­lish sum­ma­ry: E Gopalakr­ish­na Menon’s Birth Cen­te­nary With Re-cre­ation of New Ker­ala Creation

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.