രാജ്യത്തിന് മാതൃകയായി സമ്പൂർണ ഇ‑ഗവേണൻസിലേക്ക് കേരളം. 100 ശതമാനം ഡിജിറ്റൽ സംസ്ഥാനമാക്കി കേരളത്തെ ഉയർത്തുന്നതിനോടൊപ്പം കേരള ജനതയെ വിജ്ഞാന സമൂഹമായി മാറ്റുകയും ചെയ്യുന്നതിന്റെ സുപ്രധാന കാൽവയ്പ് കൂടിയായി ഇത് മാറും. ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സ്വീകരിക്കുന്നതിലെ അസമത്വം ഇല്ലാതാക്കാൻ ഇ‑ഗവേണൻസിന് സാധിക്കും. സമ്പൂർണ ഇ‑ഗവേണൻസ് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കും. ഭരണ സംവിധാനത്തിൽ സാങ്കേതികവിദ്യയുടെ സഹായത്താൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുകയുമാണ് സമ്പൂർണ ഇ‑ഗവേണൻസിന്റെ ലക്ഷ്യം. സർക്കാർ സേവനങ്ങൾ പ്രയോജനപ്പെടുത്താനും സാമൂഹിക ഐക്യവും ഉയർന്ന ജീവിത നിലവാരവും കൈവരിക്കാനും ഇത് ജനങ്ങളെ പ്രാപ്തമാക്കും.
അത്യാധുനിക സാങ്കേതികവിദ്യാ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് എല്ലാത്തരം സർക്കാർ സേവനങ്ങളും ഓൺലൈനായി നൽകാൻ ഈ നേട്ടം സഹായിക്കും. ഓൺലൈനായി പണമടയ്ക്കാനുള്ള സംവിധാനമുൾപ്പെടെ 800ൽപ്പരം സർക്കാർ സേവനങ്ങൾ ഇ‑സേവനം ഏകജാലക സംവിധാനത്തിലേക്ക് മാറും. ഫയൽ നീക്കത്തിനായി ഇ‑ഓഫീസ് ഫയൽഫ്ലോ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ വില്ലേജ് ഓഫിസ് തലം വരെ നടപ്പാക്കും. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു, കെട്ടിട രേഖകൾ, പൊതുവിതരണ സംവിധാനം, സാമൂഹ്യസുരക്ഷാ ധനവിനിയോഗം തുടങ്ങിയവ ഇതിനകം തന്നെ ഡിജിറ്റലാക്കിക്കഴിഞ്ഞു. ഇ‑ഡിസ്ട്രിക്ട്, കോർട്ട് കേസ് മാനേജ്മെന്റ് സിസ്റ്റം (ഇ‑കോർട്ട്), കെ-സ്വിഫ്റ്റ്, ഇ‑ഹെൽത്ത്, ഇ‑പിഡിഎസ്, ഡിജിറ്റൽ സർവേ മിഷൻ, ഇആർഎസ്എസ്, സൈബർ ഡോം, കൈറ്റ് എന്നിവയും വിജയകരമായി നടപ്പാക്കി വരികയാണ്.
സർക്കാർ ഐടി സേവനങ്ങൾ നടപ്പാക്കുന്ന കേരള ഐടി മിഷൻ ആരോഗ്യസേവനരംഗത്തുൾപ്പെടെ എല്ലാ ജനങ്ങൾക്കും എളുപ്പം ലഭിക്കുന്ന തരത്തിൽ സേവനങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. സാമൂഹ്യക്ഷേമം, സാമ്പത്തികവളർച്ച എന്നീ രംഗങ്ങളിൽ ഐടി സേവനം ഉറപ്പാക്കുന്നത് സംസ്ഥാന സർക്കാർ പ്രഖ്യാപിത നയമാക്കിയിട്ടുണ്ട്. ഈ ദിശയിലേക്കുള്ള സുപ്രധാനമായ കാൽവയ്പ്പാണ് കെ ഫോൺ അഥവാ കേരള ഫൈബർ ഒപ്ടിക് നെറ്റ് വർക്ക്. ഇന്റർനെറ്റ് സേവനങ്ങൾ പൗരന്റെ അവകാശമായി മാറ്റിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. കേന്ദ്രസർക്കാർ മുൻവർഷങ്ങളിൽ നടത്തിയ ദേശീയ ഇ‑സർവീസ് ഡെലിവറി അസെസ്‌മെന്റ് സർവേകളിൽ കേരളത്തിന്റെ സ്ഥാനം സ്ഥിരമായി മുന്‍നിരയിലുണ്ട്. ഇത് ഒരിക്കല്‍കൂടി ഉറപ്പിക്കുന്നതാകും സമ്പൂര്‍ണ ഇ ഗവേണന്‍സ് പ്രഖ്യാപനം.
English Sammury: Kerala towards full e‑governance; Announcement tomorrow
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.