ഇ‑ഹെല്‍ത്ത് വ്യക്തിഗത വിവരശേഖരണം പുരോഗമിക്കുന്നു

Web Desk
Posted on February 08, 2019, 9:35 pm

ഡാലിയ ജേക്കബ്ബ്

ആലപ്പുഴ: സംസ്ഥാന ആരോഗ്യവകുപ്പ് ഇ‑ഹെല്‍ത്ത് നടപ്പാക്കുന്നതിന്റെ ആദ്യ പടിയായി ആരോഗ്യപ്രവര്‍ത്തകര്‍ ഓരോ വ്യക്തിയുടേയും വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. ടാബ്ലൈറ്റ് കമ്പ്യൂട്ടറിലെ കേന്ദീകൃത സെര്‍വ്വറിലാണ് ഡേറ്റ സൂക്ഷിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് ഒരു കോടി 78 ലക്ഷം പേരുടെ വ്യക്തിഗത ഡേറ്റകള്‍ ഇതുവരെ ശേഖരിച്ചിട്ടുണ്ടെന്ന് ഇ‑ഹെല്‍ത്ത് മാനേജര്‍ അഡൈ്വസര്‍ ബാഹുലേയന്‍ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലാണ് ഇപ്പോള്‍ സര്‍വ്വേ നടക്കുന്നത്.

വ്യക്തിഗത ഐഡിയായ ആധാര്‍ നമ്പറിനെ അടിസ്ഥാനമാക്കിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വയസ്, വിലാസം, താമസിക്കുന്ന വീട്, വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഭൂമിശാസ്ത്ര വിവരങ്ങള്‍, രോഗമുണ്ടെങ്കില്‍ നിലവിലെ അവസ്ഥ എന്നിവയാണ് ശേഖരിക്കുന്നത്. ഇതനുസരിച്ച് ഓരോ വ്യക്തിക്കും സംസ്ഥാനഡാറ്റാ സെന്ററില്‍ ഒരു ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോഡ് രൂപപ്പെടും. സംസ്ഥാനത്ത് എവിടെയും ചികിത്സ തേടുന്ന രോഗിയുടെ ചികിത്സാ വിവരങ്ങള്‍ മുഴുവന്‍ ഡോക്ടറുടെ വിരല്‍തുമ്പില്‍ എത്തുന്നതാണ് ഇ ഹെല്‍ത്ത് പദ്ധതി. ഇതിലൂടെ കാര്യക്ഷമമായ ചികിത്സ വേഗത്തിലാക്കുന്നതിനും ക്ഷേമ പദ്ധതിയിലുള്‍പ്പെടുത്തി ചികിത്സാ ധനസഹായം എളുപ്പത്തില്‍ ലഭിക്കുന്നതിനും സാധിക്കും.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ പ്രധാന സേവന വ്യവസ്ഥയാണ് ഈ ഹെല്‍ത്ത്.

സര്‍ക്കാര്‍ ആശുപത്രികളിലെ നീണ്ട ക്യൂവിന് വിരാമമിടാനും ഇഷ്ടമുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കാനും ആരോഗ്യ വകുപ്പിന്റെ ഇഹെല്‍ത്ത് സംവിധാനം ഇനി തുണയാകും. വ്യക്തികളുടെ പേരും മറ്റു വിവരങ്ങളും രജിസ്‌ട്രേഷന്‍ വഴി ശേഖരിക്കുന്നതിനാല്‍ ആശുപത്രികളില്‍ ഒ പി ടിക്കറ്റ് എടുക്കുന്ന പ്രക്രിയ സുഗമമാകും. ഇ‑ഹെല്‍ത്ത് നടപ്പിലാകുമ്പോള്‍ ഡോക്ടറുടെ കുറിപ്പുകള്‍ നെറ്റ്‌വര്‍ക്ക് വഴി ഫാര്‍മസികളിലും ലാബുകളിലും എക്‌സ്‌റേ തുടങ്ങിയ കൗണ്ടറുകളിലും അപ്പപ്പോള്‍ എത്തും.

രോഗ പരിശോധനാ വിവരങ്ങളും ഡോക്ടര്‍മാരുടെ മുന്നിലെ കംപ്യൂട്ടറുകളില്‍ യഥാസമയം എത്തുകയും ചെയ്യും. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സംവിധാനം പ്രയോജനപ്പെടുകയും ചെയ്യും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, ഇടുക്കി, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്. തലസ്ഥാന നഗരം,പട്ടണ പ്രദേശം, തീരപ്രദേശം, എന്‍ഡോസള്‍ഫാന്‍, വിഷാംശമേഖല എന്നീ വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് ആദ്യഘട്ടത്തിലെ ഏഴു ജില്ലകളെ തെരഞ്ഞെടുത്തത്. രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ ബാക്കി ജില്ലകളിലും ഇ ഹെല്‍ത്ത് വ്യാപിപ്പിക്കും.