ആരോഗ്യ സംസ്കാരത്തിന്റെ മാറ്റങ്ങളുടെ പ്രതീകം; ഇ‑സഞ്ജീവനി

Web Desk
Posted on July 27, 2020, 9:45 pm

തിരുവനന്തപുരം: കേരളീയ ആരോഗ്യ സംസ്കാരത്തിന്റെ മാറ്റങ്ങളുടെ പ്രതീകമായ ഇ‑സഞ്ജീവനിയിലൂടെ 9,092 പരിശോധനകൾ ഇതുവരെ പൂർത്തിയാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് പകർച്ചവ്യാധിക്കാലത്ത് ജീവിതശൈലീ രോഗങ്ങൾക്കായുള്ള പതിവ് കൺസൾട്ടേഷനുകൾക്കായി സർക്കാർ ടെലിമെഡിസിൻ സംരംഭമായ ഇ‑സഞ്ജീവനിയെയാണ് ആളുകൾ കൂടുതലായി ആശ്രയിക്കുന്നത്. കേരളത്തിലെ ആതുരശുശ്രൂഷ രംഗത്തെ മികച്ച പൊതുമേഖല ആരോഗ്യസ്ഥാപനങ്ങളും പ്രഗത്ഭരായ ഡോക്ടർമാരും ഇ‑സഞ്ജീവനിയുമായി സഹകരിച്ച് ഓൺലൈൻ കൺസൾട്ടേഷനുകൾക്കും തുടക്കമിട്ടിട്ടുണ്ട്. ടെലിമെഡിസിൻ സേവനങ്ങൾ പൊതുജനങ്ങൾ കൂടുതലായി ഉപയോഗിച്ചതിന്റെ ഫലമായി ദേശീയതലത്തിൽ തന്നെ കേരളം ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ഇ‑സഞ്ജീവനി സേവനങ്ങൾ പരിശോധിച്ചാൽ കേരളത്തിലെ പരമാവധി വെയിറ്റിംഗ് സമയം നാലു മിനിറ്റ് 25 സെക്കന്റാണ്. ഓരോ വ്യക്തിക്കും ചികിത്സക്കായും വിശദപരിശോധനകൾക്കായും എടുക്കുന്ന ശരാശരി സമയം എട്ടു മിനിട്ട് 45 സെക്കന്റാണ്. ഇ‑സഞ്ജീവനി വഴി രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ എല്ലാദിവസവും സ്ഥിരമായി നടത്തുന്ന കൺസൾട്ടേഷനുകൾ തുടർന്നും ഉണ്ടായിരിക്കും. പ്രമേഹ രോഗികൾക്കായി ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സ് തിരുവനന്തപുരം എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഉച്ചക്ക് രണ്ടു മുതൽ നാലുവരെ കൺസൾട്ടേഷനുകൾ നടത്തും.

കുട്ടികൾക്കുള്ള പ്രത്യേക മാനസികാരോഗ്യ ക്ലിനിക്കുകൾ ഇംഹാൻസ് കോഴിക്കോട് എല്ലാ ചൊവ്വാഴ്ച്ചകളിലും രാവിലെ 10 മുതൽ 12 വരെ ഇ‑സഞ്ജീവനിയുമായി ചേർന്ന് നടത്തും. മുതിർന്നവർക്കുള്ള മാനസികാരോഗ്യ ക്ലിനിക്കുകൾ ഇംഹാൻസ് കോഴിക്കോട് എല്ലാ ബുധനാഴ്ച്ചകളിലും രാവിലെ 10 മുതൽ 12 വരെ നടത്തും. എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും വൈകിട്ട് മൂന്നു മുതൽ നാലുവരെ അർബുദ ചികിത്സാ ക്ലിനിക്കുകൾ മലബാർ കാൻസർ സെന്റർ തലശ്ശേരി നൽകും. കൊച്ചിൻ കാൻസർ സെന്റർ തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ 12 വരെയുള്ള സമയം ഇ‑സഞ്ജീവനിയുമായി ചേർന്ന് ഓൺലൈൻ ചികിത്സക്കായി വിനിയോഗിക്കും.

റീജണൽ കാൻസർ സെന്റർ തിരുവനന്തപുരം ചൊവ്വ വെള്ളി ദിവസങ്ങളിൽ രണ്ട് മുതൽ മൂന്ന് വരെ അർബുദ ചികിത്സയും നല്കും. മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, കുട്ടികൾക്കുള്ള കാൻസർ ചികിത്സ ക്ലിനിക്കുകൾ തുടങ്ങി വിവിധ കാൻസർ ചികിത്സാ വിഭാഗങ്ങൾ ഇ‑സഞ്ജീവനിയിലൂടെ ഇത്തരത്തിൽ പ്രവർത്തിക്കും. മാറിയ ആരോഗ്യ സംസ്കാരത്തിന്റെ പതാകവാഹകരാകാനും ആശുപത്രിസന്ദർശനങ്ങൾ പരമാവധി ഒഴിവാക്കാനും ഇ‑സഞ്ജീവനി സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

* ഇ‑സഞ്ജീവനി സേവനങ്ങൾ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലേക്കും

ഇ‑സഞ്ജീവനി സേവനങ്ങൾ ഇനിമുതൽ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലേക്കും. ഇതുവഴി സിഎഫ്എൽടിസികൾക്ക് വിദഗ്ധാഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അനുബന്ധ കോവിഡ് ചികിത്സ കേന്ദ്രങ്ങളുമായി ടെലിമെഡിസിൻ പ്ലാറ്റ്ഫോമിലൂടെ ബന്ധപ്പെടാനാകും. ഡോക്ടർമാർക്ക് മാത്രമായി പരസ്പരം ബന്ധപ്പെടാവുന്ന ഇ‑സഞ്ജീവനി സിഎഫ്എൽടിസി പ്ലാറ്റ്ഫോം ഉപയോഗത്തിലൂടെ റഫറൽ സർവീസുകൾ വളരെ കാര്യക്ഷമമായി നടത്താനാകും. തിരുവനന്തപുരത്ത് ഇത്തരത്തിൽ ആദ്യ പരിശീലന പരിപാടികൾ പൂർത്തിയാക്കി. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ നിന്നും അനുബന്ധ സിഎഫ്എൽടിസികളിലേക്ക് ഇ ‑സഞ്ജീവനിയിലൂടെ സേവനം വ്യാപിപ്പിച്ചു. മറ്റു ജില്ലകളിലും ഇ‑സഞ്ജീവനി സിഎഫ്എൽടിസി പരിശീലന പരിപാടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. സിഎഫ്എൽടിസികളിൽ ഇന്റർനെറ്റ് സൗകര്യവും, ലാപ്ടോപ്/കംപ്യൂട്ടർ ലഭ്യമാകുന്ന മുറയ്ക്ക് സേവനം ലഭ്യമാകും.