മിഥിലാ മിഥുൻ

January 28, 2020, 10:45 am

ആദ്യകാല വിപ്ലവ പ്രസ്ഥാനങ്ങളും വിപ്ലവകാരികളും

Janayugom Online

ത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിലും ഇന്ത്യയുടെ രാഷ്ട്രീയാന്തരീക്ഷത്തിൽ ഇടിമിന്നലുകളായി പ്രത്യക്ഷപ്പെടുകയും കണ്ണഞ്ചിപ്പിക്കുന്ന പ്രഭാപടലമായി മേഘക്കീറുകൾക്കുള്ളിൽ ലയിക്കുകയും ചെയ്ത അതിസാഹസികരായ ഒരു കൂട്ടം വിപ്ലവകാരികൾ നമുക്ക് പൂർവികരായുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിലെ വർണോജ്വല കഥാപാത്രങ്ങളെന്നാണവരെ വിശേഷിപ്പിക്കേണ്ടത്.

സ്വദേശി പ്രസ്ഥാനവും വിദേശ വസ്ത്ര ബഹിഷ്കരണവും നിയന്ത്രണാതീതമാവുകയും ലാത്തികൊണ്ടും വെടിയുണ്ടകൊണ്ടും ഭരണം അതിനെ ക്രൂരമായി നേരിടുകയും ചെയ്തു തുടങ്ങിയപ്പോൾ എഴുതിവയ്ക്കപ്പെട്ട ഒരു ഭരണഘടനയ്ക്കനുസൃതമായി ഭരിക്കേണ്ടവരാണ് തങ്ങൾ എന്ന ധാർമ്മിക ബോധം ബ്രിട്ടീഷുകാർ നിശേഷം കൈവെടിഞ്ഞു. നേതാക്കളെപ്പോലും അവർ മർദ്ദിച്ചവശരാക്കി.

“സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. അതെനിക്ക് ലഭിച്ചേ തീരൂ” എന്ന് ഉറക്കെ പ്രഖ്യാപിച്ച ദേശീയതയുടെ വക്താവായ ബാല ഗംഗാധര തിലകന്റെ പേരിൽ കള്ളക്കേസുണ്ടാക്കി. ആറു വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് മാണ്ട്ലെയിലേക്കദ്ദേഹത്തെ നാടുകടത്തി.

പൗരാവകാശങ്ങൾ കാറ്റിൽ പറത്തി.

നിയമം ലംഘിക്കുകയും പൗരാവകാശങ്ങൾ കാറ്റിൽ പറത്തുകയും ചെയ്യുന്ന ഭരണത്തെ പുറത്താക്കാൻ ബലം പ്രയോഗിക്കണമെന്നു വിശ്വസിക്കുന്നവരായിരുന്നു അതി സാഹസികരായ വിപ്ലവകാരികൾ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതിഞ്ഞ പ്രവർത്തന ശൈലിയും ഭീകര പ്രസ്ഥാനക്കാർക്ക് അരോചകമായിത്തീർന്നു.

ഇന്ത്യയിൽ അധിവസിക്കുന്ന മുപ്പതു കോടി ജനങ്ങളുടെ അറുപതു കോടി കൈകളിലും തോക്കുണ്ടാവണമെന്നവർ വിശ്വസിച്ചു. ശക്തിയെ ശക്തികൊണ്ടുതന്നെ ചെറുത്തു തോൽപ്പിക്കണമെന്നും അവർ വിശ്വസിച്ചു.

ആയുധങ്ങൾ ശേഖരിച്ചു തുടങ്ങി

മുകളിൽ സൂചിപ്പിച്ച ലക്ഷ്യങ്ങൾ ഉള്ളിൽ വച്ചുകൊണ്ടാണവർ ആയുധം ശേഖരിക്കാൻ തുടങ്ങിയത്. പടിപടിയായവർ മുന്നേറിത്തുടങ്ങി. യുദ്ധമുറ പരിശീലിപ്പിച്ചു. ഉന്നം തെറ്റാതെ വെടിവയ്ക്കാൻ പഠിച്ചു. ബോംബു നിർമ്മിച്ചു. യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് വിപ്ലവപ്രസ്ഥാനങ്ങളുണ്ടാക്കി. പൊലീസിന്റെ ശ്രദ്ധതിരിക്കാനായി അത്തരം പ്രസ്ഥാനങ്ങൾക്ക് ആരോഗ്യകേന്ദ്രമെന്നോ കായിക പരിശീലന കേന്ദ്രമെന്നോ ഭാരത സംഘമെന്നോ കള്ളപ്പേരുകൾ നൽകി. ഇത്തരക്കാരെ സഹായിക്കാൻ വിദേശങ്ങളിൽ പ്രവാസികളായി കഴിഞ്ഞു കൂടുന്ന ഇന്ത്യക്കാരും സമാന സംഘടനകളുണ്ടാക്കി ഫണ്ടു പിരിച്ചു. ആയുധ ശേഖരം നടത്തി. ഇന്ത്യയിലേക്ക് ആയുധങ്ങളയച്ചു. ഇടിവെട്ടലും മിന്നലുമായി കടന്നു വരുന്ന വർഷകാല മേഘം പോലെ അവർ ഭാരതത്തിന്റെ അന്തരീക്ഷത്തിൽ നടുക്കം സൃഷ്ടിച്ചു.

കൊലമരത്തിലേക്ക് തീർത്ഥയാത്ര നടത്തിയ ധാരാളം വിപ്ലവപ്രസ്ഥാനങ്ങൾ ഇന്ത്യയിലും വിദേശങ്ങളിലും അക്കാലത്ത് സജീവമായിരുന്നു. ഇംഗ്ലണ്ടിൽ അത്തരത്തിലൊരു പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനി ഗുജറാത്തുകാരനായ ശ്യാംജി കൃഷ്ണവർമ്മയായിരുന്നു.