കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി, ഒന്നര വർഷം കൊണ്ട് സമ്പാദിച്ചത് 185 കോടി രൂപയുടെ സ്വത്ത്

Web Desk
Posted on November 18, 2019, 1:00 pm

ബംഗളൂരു: മുൻ കോണ്‍ഗ്രസ് വിമതനും ഇപ്പോൾ കര്‍ണാടകയിലെ ഹോസകോട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയുമായ എംടിബി നാഗരാജൻ പതിനെട്ട് മാസം കൊണ്ട് സമ്പാദിച്ചത് 185 കോടി രൂപ. ആകെയുള്ള 419.28 കോടിയിൽ 104.53 കോടി രൂപയാണ് ഈ വർഷം വർദ്ധിച്ചത്. കർണാടകയിൽ അയോഗ്യരാക്കപ്പെട്ട എംഎൽഎമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പുതിയ സ്വത്തുവിവരം ഇദ്ദേഹം വെളിപ്പെടുത്തിയത്. കോൺഗ്രസ്– ജെഡിഎസ് മന്ത്രിസഭയിലെ ഭവന വകുപ്പ് മന്ത്രിയായിരുന്നു നാഗരാജ്.

നാഗരാജ് ഉൾപ്പെടെ 17 എംഎൽഎമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. നാഗരാജിനും ഭാര്യയ്ക്കും കൂടി 1201 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സത്യവാങ്ങ് മൂലത്തിൽ പറയുന്നത്. നാഗരാജിന്റെ ഭാര്യയുടെ പേരിലുള്ള ജംഗമസ്വത്ത് ഒരു വർഷം കൊണ്ട് 44.9 കോടിയിൽ നിന്ന് 164.34 കോടിയിലേയ്ക്കാണ് ഉയർന്നത്. എച്ച്ഡി കുമാര സ്വാമിയുടെ സഖ്യ സർക്കാരിനെ താഴെയിറക്കിയതിന് തൊട്ടു പിന്നാലെയാണ് ഈ സ്വത്ത് വർദ്ധന. വിദ്യാഭ്യാസ സ്ഥപനങ്ങളും കല്യാണ മണ്ഡപങ്ങളും വ്യവസായ സ്ഥാപനങ്ങളും ബംഗളൂരുവിലെ വിവിധയിടങ്ങളിലായുള്ള കൃഷിയേതര സ്ഥലങ്ങളും സ്വത്ത് വകകളിൽ ഉൾപ്പെടുന്നു. 2.46 കോടി വിലമതിക്കുന്ന വാഹനങ്ങള്‍ നാഗരാജിനും ഭാര്യയ്ക്ക് 1.72 കോടിയുടെ പോർഷെ കാറും ഉണ്ട്.