Saturday
23 Mar 2019

ഭൂമിയിലെ വിള്ളല്‍ ഭൂഗര്‍ഭ മണ്ണൊലിപ്പെന്ന് എന്‍സിഇഎസ്എസ്

By: Web Desk | Wednesday 16 May 2018 7:09 PM IST


ചിത്രം: സുധാകരന്‍ കോട്ടക്കല്‍

കോട്ടക്കല്‍: മലപ്പുറം ജില്ലയിലെ പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരിയില്‍ കണ്ടെത്തിയ ഭൂമിയിലെ വിള്ളല്‍ ഭൂഗര്‍ഭ മണ്ണൊലിപ്പാണെന്ന് (സേയില്‍ പൈപ്പിങ്) നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ (എന്‍സിഇഎസ്എസ്) സീനിയര്‍ സയന്റിസ്റ്റ് ജി ശങ്കര്‍. പെരുമണ്ണ പഞ്ചായത്തില്‍ മാത്രമല്ല, മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, തേഞ്ഞിപ്പലം, ആലത്തൂര്‍പ്പടി ഭാഗങ്ങളിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില പ്രദേശങ്ങളിലും ഈ പ്രതിഭാസത്തെ കണ്ടെത്തിയിട്ടുണ്ട്.

ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റി സര്‍വേ യന്ത്രമുപയോഗിച്ചുള്ള പരിശോധനയില്‍ ഈ പ്രദേശത്ത ഭൂഗര്‍ഭ മണ്ണൊലിപ്പിന്റ ഭാഗമായുണ്ടായ മൂന്നോളം ഭൂഗര്‍ഭ ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിദഗ്ധ പരിശോധനകള്‍ക്കു ശേഷം വ്യാഴാഴ്ച വൈകിട്ടോടെ മാത്രമെ പൂര്‍ണമായ വിവരവും വിള്ളലിന്റെ വ്യാപ്തിയും തിട്ടപ്പെടുത്താന്‍ കഴിയൂ. ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വിള്ളലുണ്ടായ സ്ഥലത്ത് പ്രാഥമിക പരിശോധകള്‍ നടത്തുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്.

രാവിലെ പത്തോടെ സ്ഥലത്തെത്തിയ വിദഗ്ധ സംഘം തുടക്കത്തില്‍ വിള്ളലുണ്ടായ ഭൂമിയും തകരാറായ സമീപത്തെ വീടും പരിശോധിച്ച ശേഷമാണ് ജിയോ ഫിസിക്കല്‍ മെത്തേഡില്‍ പരിശോധകള്‍ ആരംഭിച്ചത്. ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റി സര്‍വേ യന്ത്രമുപയോഗിച്ച് മുന്നൂറോളം മീറ്റര്‍ ചുറ്റളവില്‍ നടത്തിയ പരിശോധയിലാണ് തകരാറായ വീടിന്റെ അടിയിലുള്‍പ്പെടെ മൂന്ന് ഗുഹകള്‍ കണ്ടെത്തിയത്. 192 മീറ്റര്‍ ഇത്തരം പ്രതിഭാസങ്ങളുണ്ടാകുന്ന പ്രദേശങ്ങളില്‍ ഭൂമിയുടെ ഘടന മേല്‍ഭാഗത്ത് ചെങ്കല്ലും (ലാറ്ററേറ്റ്) അതിനടിയില്‍ ചെകിടി മണ്ണ് (ക്ലേ), ശേഷം പാറ എന്നിവയാണുളളത്. കാലവര്‍ഷത്തില്‍ മണ്ണിനടിയിലേക്ക് വെള്ളം താഴ്ന്നിറങ്ങുന്നതോടെ ചെകിടിമണ്ണ് ചെങ്കല്ലിനും പാറക്കും ഇടയില്‍ പൈപ്പിലൂടെ ഒഴുകിപോകുന്നതുപോലെ ഒരിടത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറും. ഈ വിടവിലേക്ക് മുകള്‍ ഭാഗത്തെ ഭൂഭാഗം ഇരിക്കുന്നതോടെയാണ് വിള്ളലുള്‍പ്പെടെയുള്ള പ്രതിഭാസങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. മറ്റൊരു സ്ഥലത്തേക്ക് മാറുന്ന ചെകിടിമണ്ണ് എവിടെയാണ് നിക്ഷേപിക്കപ്പെടുന്നുവെന്നത് പരിശോധനയില്‍ കണ്ടെത്താനാകും.

പരിശോധനകള്‍ പൂര്‍ത്തിയാകുന്നതോടെ ഭൂമിയലുണ്ടായ വിള്ളലിനെക്കുറിച്ചും ഇതിന്റെ വ്യാപ്തിയെകുറിച്ചും വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. മുന്നൂറു മീറ്റര്‍ ചുറ്റളവില്‍ നടത്തിയ പരിശോധനയില്‍ മുന്‍കരുതലെടുക്കേണ്ട കാര്യങ്ങളെ കുറിച്ച് റവന്യു വകുപ്പിനും റിപ്പോര്‍ട്ട് നല്‍കും. വിള്ളല്‍ കണ്ടെത്തിയ ഭൂപ്രദേശത്ത് ജനങ്ങള്‍ പ്രവേശിക്കുന്നതും ഭാരമേറിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നതും ഒഴിവാക്കണമെന്ന് ജി ശങ്കര്‍ പറഞ്ഞു. പുതിയ വീടുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുമ്പോള്‍ ഭൂഗര്‍ഭ മണ്ണൊലിപ്പിന് സാധ്യതയുള്ള പ്രദേശമാണോ എന്നുകൂടി പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി അബ്ദുള്‍ റഷീദ്, തഹസില്‍ദാര്‍ എം എസ് സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സി കെ ആഷിഖ്, ജില്ലാ ഹൈഡ്രോ ജിയോളജിസ്റ്റ് അനീഷ് എം അലി, ജിയോളജിസ്റ്റ് കെ വി ജിതിന്‍ വിജയ്, ഫിസാറ്റ് എന്‍ജിനിയറിങ് കോളേജിലെ പ്രൊഫ. കെ പഞ്ചമി എന്നിവരും സഥലത്തെത്തിയിരുന്നു.

കഞ്ഞിക്കുഴിങ്ങരയിലെ പരുത്തിക്കുന്നന്‍ സൈനുദീന്റെ പറമ്പിലാണ് വിള്ളല്‍ കണ്ടെത്തിയത്. സമീപമുള്ള പൊട്ടംചോല റഹീമിന്റെ വീട് വിള്ളലിന്റെ ഭാഗമായി തകര്‍ന്നു വീഴാറായ നിലയിലാണ്. കലക്ടറുടെ ഇടപെടലില്‍ പൊട്ടംചോല റഹീമിന്റെ കുടുംബാംഗങ്ങളെ മറ്റൊരു വീട്ടിലേക്ക് മാറ്റാന്‍ നടപടിയെടുത്തിട്ടുണ്ട്.

Related News