എ ആർ റഹ്മാന്‍റെ സംഗീതനിശയുടെ മറവിൽ തൃപ്പുണിത്തുറയിൽ വയൽ നികത്തുന്നു

Web Desk
Posted on May 10, 2018, 12:48 pm
ആർ ഗോപകുമാർ 

തൃപ്പുണിത്തുറ: ഇരുമ്പനത്ത് 26 ഏക്കർ പാട ശേഖരം സംഗീതനിശയുടെ മറവിൽ മണ്ണിട്ട് നികത്തുന്നതായും പുറമ്പോക്ക് കൈയേറുന്നതായും പരാതി. ചോറ്റാനിക്കര സ്വദേശിയാണ് ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം 12 ന് വൈകിട്ട് ഈ സ്ഥലത്താണ് ഒരു പ്രമുഖ ചാനലിന്‍റെ നേതൃത്വത്തിൽ എ ആർ റഹ്മാൻ സംഗീത നിശ സംഘടിപ്പിച്ചിട്ടുള്ളത്. ഈ സംഗീത നിശയുടെ മറവിൽ കണയന്നൂർ താലൂക്ക് തിരുവാങ്കുളം വില്ലേജിലെ 184/34, 184/21,184/22, 184/23, 184/24, 184/25, 184/31, 185/1, 185/2, 185/3,185/4,185/5, 185/17 തുടങ്ങിയ റീ സർവ്വേ നമ്പറുകളിലുള്ള സ്ഥലമാണ് നികത്തിക്കൊണ്ടിരിക്കുന്നത്.

ഏറെക്കാലമായി നികത്തൽ വിവാദത്തിലും കേസിലും ഉൾപ്പെട്ട ഭൂമിയാണിത്. പാടശേഖരം നികത്തുന്നതോടപ്പം പുറമ്പോക്ക് കൈയേറ്റം നടക്കുന്നതായും, ആറ് മീറ്റർ വീതിയിൽ ഒരു കിലോമീറ്ററോളം തോട് ഇല്ലാതാക്കിയതാ‍യും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ജെസിബി, ട്രാക്റ്റർ തുടങ്ങിയ യന്ത്രങ്ങൾ ഉപോയോഗിച്ചാണ് നികത്തൽ. മുൻപ് എറണാകുളത്തെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ സ്ഥലത്ത് നടത്താനായിരുന്നു ആലോചിച്ചിരുന്നത്. പിന്നീട് വിവാദ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കൃഷി ഭൂമി കൃഷിയാവശ്യത്തിനല്ലാതെ നികത്താൻ പാടില്ലന്ന നിയമം നിലനിൽക്കെയാണ് ഇതെല്ലാം കാറ്റിൽപ്പറത്തി ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പാടശേഖരം നികത്തുന്നത്.

പാടശേഖരം നികത്തി കരഭൂമിയാക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. സാധാരണക്കാരന് വീട് വയ്ക്കാൻ പോലും കൃഷി ഭൂമിയിൽ അനുവാദം ലഭിക്കുന്നതിന് നിരവധി കടമ്പകൾ താണ്ടണമെന്നിരിക്കെ ഭൂമി നികത്തൽ ശ്രദ്ധയിൽ പെടാതിരിക്കാനാണ് സംഗീതനിശയെ മറയാക്കിയത്. പാടശേഖരം നികത്തുന്നത് പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കും. നികത്തൽ പ്രദേശത്തെ കുടിവള്ള ലഭ്യതയെ തകരാറിലാക്കും. 26 ഏക്കറോളം വരുന്ന വലിയ പ്രദേശം പട്ടാപ്പകൽ മണ്ണിട്ടു നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും മൗനവ്രതം തുടരുന്ന പരിസ്ഥിതിപ്രവർത്തകരുടെ നിലപാടിലും ദുരൂഹത ആരോ പിക്കപ്പെടുന്നുണ്ട്.

അതിനാൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പാടശേഖരം നികത്തുന്നത് നിർത്തിവയ്പ്പിക്കണമെന്നും നികത്തിയ ഭൂമി പൂർവ്വ സ്ഥിതിയിലാക്കണെമെന്നും കർശന ശിക്ഷാനടപടികൾ സ്വീകരിക്കണെമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 2 നാണ് ചോറ്റാനിക്കര സ്വദേശി ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രി , റവന്യൂ മന്ത്രി, കൃഷി മന്ത്രി, ചീഫ് സെക്രട്ടറി, വിജിലൻസ് ഡയറക്റ്റർ, ജില്ലാ കലക്റ്റർ എന്നിവർക്കു രേഖാമൂലം പരാതി നൽകിയത്.

 

പ്രതീകാത്മക ചിത്രം