ചൈനയില്‍ ഭൂചലനം; 11 മരണം, 122 പേര്‍ക്ക് പരിക്ക്

Web Desk
Posted on June 18, 2019, 8:51 am

ബെയ്ജിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈനയെ പിടിച്ചുകുലുക്കി വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്നു ചൈന എര്‍ത്ത്ക്വയ്ക്ക് നെറ്റ്!വര്‍ക്‌സ് സെന്റര്‍ അറിയിച്ചു. 11 പേര്‍ മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 122 പേര്‍ക്കു പരിക്കേറ്റു.

സിച്ചുവാന്‍ പ്രവിശ്യയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 10.55ഓടെയാണു ഭൂചലനമുണ്ടായത്. ഭൂമിക്കടിയില്‍ ഏകദേശം 16 കിലോമീറ്റര്‍ ആഴത്തിലാണിത്. നാലോളം തുടര്‍ ചലനങ്ങളും ഉണ്ടായി. യിബിനിലെ നഗരത്തിലെ ചാംഗ്‌നിംഗ്, ഗോംഗ്ഷിയാന്‍ കൗണ്ടികളില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടെന്നാണു റിപ്പോര്‍ട്ട്. നഗരത്തിലെ കെട്ടിടങ്ങളും വീടുകളും തകര്‍ന്നതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളിലും ചിത്രങ്ങളിലും നാശനഷ്ടങ്ങളുടെ സൂചനയുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.