Friday
22 Feb 2019

വയനാട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു: പഠനം നടത്തുമെന്ന് കൃഷിമന്ത്രി

By: Web Desk | Friday 7 September 2018 7:58 PM IST

കല്‍പറ്റ: പ്രളയക്കെടുതി കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ വയനാട്ടില്‍ പലയിടത്തും മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.ബത്തേരിക്കടുത്ത് മൂന്നാം മൈല്‍,മാനന്തവാടിക്കടുത്ത് വെള്ളമുണ്ട കല്‍പറ്റക്കടുത്ത് കൊളവയല്‍ മേഖലയില്‍ ദിവസേന നൂറുകണക്കിന് മണ്ണിരകളാണ് മണ്ണില്‍ നിന്ന് പുറത്തേക്കു വന്ന് ചത്തൊടുങ്ങുന്നത്.ഇതിനു മുമ്പ്് ഇങ്ങനെയൊന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് കൊളവയല്‍ സെയ്ന്റ് ജോര്‍ജ് എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ പി അബ്ദുള്‍ ജലീല്‍ പറഞ്ഞു.2016 ഒക്ടോബറിലാണ് ഇതിന് മുമ്പ് ജില്ലയില്‍ ഈ പ്രതിഭാസമുണ്ടായത്.തുടര്‍ന്ന് കാര്‍ഷിക,കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ഈ സ്ഥലങ്ങള്‍ പരിശോധിച്ച് മണ്ണു ചുട്ടുപൊള്ളുന്നതാണ് കാരണമെന്ന് കണ്ടെത്തി.അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു.കൊടും വരള്‍ച്ചയുടെ സൂചനയാണിതെന്ന നിഗമനവും അന്ന് ശരിയായി. സമാനസാഹചര്യമാണ് ഇപ്പോഴുമെന്ന് അന്ന് പഠനത്തിന് നേതൃത്വം നല്കിയ അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡേ. പി. രാജേന്ദ്രന്‍ പറഞ്ഞു.ഈര്‍പ്പം കുറഞ്ഞ മണ്ണ് വിണ്ടുകീറുന്നിടത്താണ് രണ്ടുവര്‍ഷംമുമ്പ് മണ്ണിരകള്‍ കൂടുതല്‍ ചത്തൊടുങ്ങിയത്. മഴ മാറി വെയില്‍ വന്നപ്പോഴേക്കും ഭൂമി പലയിടത്തും അസ്വാഭാവികമായ രീതിയില്‍ വിണ്ടുകീറാന്‍ തുടങ്ങി.

വരള്‍ച്ചയുടെ കാലത്തുണ്ടായിരുന്ന അവസ്ഥയാണിത്. പ്രവചനാതീതമായ മാറ്റമാണ് വയനാട്ടിലെ കാലാവസ്ഥയിലും മണ്ണിന്റെ ഘടനയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.കനത്ത പേമാരിയും പ്രളയവും കഴിഞ്ഞ് ഒരാഴ്ചയായി ചാറ്റല്‍ മഴ പോലും പെയ്യാതെയുളള ഇപ്പോഴത്തെ പ്രതിഭാസത്തെ ഭയക്കുക തന്നെ വേണമെന്ന് കര്‍ഷകര്‍ പറയുന്നു.ഇതേക്കുറിച്ച് ഗൗരവതരമായ പഠനം ആവശ്യമാണെന്നും കര്‍ഷകര്‍ പറഞ്ഞു.എക്കാലത്തെയുംക്കാള്‍ മികച്ച മഴയാണ് ഇത്തവണ വയനാട്ടില്‍ പെയ്തത്. 2017-ല്‍ ആഗസ്റ്റ് 14 വരെ 1019.42 മി.മീറ്ററായിരുന്നു മഴ.എന്നാല്‍ 2018.ല്‍ ആഗസ്റ്റ് 14 വരെ 2906 .19 മില്ലിമീറ്റര്‍ മഴയും ആഗസ്റ്റ് 18 വരെ 3303.72 മില്ലീമീറ്റര്‍ മഴ വയനാട്ടില്‍ പെയ്തു .ആഗസ്റ്റ് 9-നാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്.245.37 മില്ലിമീറ്റര്‍ മഴയാണ് അന്ന് പെയ്തത്.കനത്ത മഴയ്ക്കുശേഷം വയനാട്ടില്‍ കഴിഞ്ഞ ഒരാഴ്ചയായി പകല്‍ നല്ല ചൂടും രാത്രി നല്ല തണുപ്പുമാണ്.16.9 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 28.6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വയനാട്ടില്‍ കഴിഞ്ഞ ദിവസങ്ങളിലെ താപനില.

കൊടുംചൂട് അനുഭവപ്പെട്ട 2017 ഫെബ്രുവരി അവസാനം 31.5 മുതല്‍ 33.4 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരുന്നു വയനാട്ടിലെ ചൂട്.രാത്രിയിലെ ചൂടിന്റെ ഇരട്ടിയാണ് പകല്‍ കുറേക്കാലമായി വയനാട്ടില്‍ അനുഭവപ്പെടുന്നത്. ഇത് ഡെക്കാന്‍ പീഠഭൂമി പ്രദേശത്തെ സവിശേഷതയാണ്. ഡെക്കാന്‍ പീഠഭൂമി പ്രദേശത്തെ കാലാവസ്ഥ കടന്നു കയറുന്നത് വയനാടിന്റെ ജൈവവൈവിധ്യത്തെ തകിടം മറിക്കുമെന്ന് നേരത്തേ വിദഗ്ധര്‍ മുന്നറിയിപ്പു നല്കിയിരുന്നു.ഇത് മണ്ണിര ഉള്‍പ്പടെയുള്ള സൂക്ഷ്മജീവികളുടെ നാശത്തിലേക്ക് നയിക്കും.ഇങ്ങനെയൊരു സംഭവം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടെന്നും പഠനം നടത്തുമെന്നും കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു.മണ്ണിന്റെ ഘടനമാറ്റത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി രൂപരേഖ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.