സുനില്‍ കെ.കുമാരന്‍

നെടുങ്കണ്ടം

March 15, 2020, 6:52 pm

ഭൂചലനങ്ങള്‍ അറിയാതെ ചോറ്റുപാറയിലെ ഭൂകമ്പമാപിനി നിലയം

Janayugom Online

ചോറ്റുപാറ ഭൂകമ്പമാപിനി നിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. 2018‑ല്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റല്‍  സിസ്മോഗ്രാഫിന്റെ ലൈസന്‍സിന്റെ കാലവധി അവസാനിച്ചതോടെയാണ് ഇതിന്റെ പ്രവര്‍ത്തനം നിലച്ചത്. ഇവ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഭൂചലനം ഉണ്ടാകുമ്പോള്‍ ലഭിക്കുന്ന ഡിജിറ്റല്‍ സിഗ്‌നലുകളുടെ അടിസ്ഥാനത്തില്‍  കെഎസ്ഇബിയ്ക്കും തിരുവനന്തപുരത്തെ കേരളാ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയ്ക്കും വിശകലനം നടത്തുവാന്‍ കഴിയുമായിരുന്നു.   1988‑ല്‍ ഉണ്ടായ ഭൂകമ്പത്തിനെ തുടര്‍ന്ന് മുല്ലപെരിയാര്‍, ഇടുക്കി അടങ്ങുന്ന ഡാമുകളുടെ സമീപം ഭൂകമ്പമാപിനി സ്ഥാപിക്കുവാന്‍ കേരളാ ഇലക്ട്രിസിറ്റി ബോര്‍ഡ് തീരുമാനം എടുക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ 1993ൽ ചോറ്റുപാറയില്‍ കെഎസ്ഇബി ബോര്‍ഡിന്റെ അഞ്ച് സെന്റ് ഭൂമിയില്‍ അനലോഗ് ഭൂകമ്പമാപിനി സ്ഥാപിച്ചു. കാലക്രമേണ അനലോഗിന്റെ കൂടെ ഡിജിറ്റല്‍ കൂടി സ്ഥാപിച്ചു. ഇന്ത്യയില്‍ ഡിജിറ്റല്‍ സിസ്മോഗ്രാഫിന്റെ നിര്‍മ്മാണം ഇല്ലാത്തതിനാല്‍ യൂ.കെ ആസ്ഥാനമായ ഒരു കമ്പനിയുമായി കെ.എസ്.ഈ.ബി കരാറില്‍ ഏര്‍പ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ചോറ്റുപാറ അടക്കം ആറ് സ്ഥലങ്ങളില്‍ 2013‑ല്‍ ഡിജിറ്റല്‍ സിസ്മോഗ്രാഫ് സ്ഥാപിച്ചു. 2018-വരെയുള്ള കാലവധിയാണ് ഇംഗ്ലണ്ടിലെ കമ്പനി പറഞ്ഞിരുന്നത്. എന്നാല്‍ പുതുക്കേണ്ട സമയമായപ്പോള്‍ ഇംഗ്ലണ്ടിലെ കമ്പനിയുടെ ഇന്ത്യയിലെ ഒരേ ഒരു ഡീലര്‍ക്ക് ഡീലര്‍ഷിപ്പ് നഷ്ട്ടപ്പെട്ടു. ഡീലര്‍ഷപ്പ് എടുത്ത മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുവാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

2019 ഓഗസ്റ്റ്, ഡിസംബര്‍ എന്നി മാസങ്ങളില്‍ കമ്പനി പ്രതിനിധികള്‍ ജില്ലയില്‍ എത്തി ഭൂകമ്പമാപിനി പരിശോധിച്ചു.  നാല് സിസ്മോഗ്രാഫുകളുടെ കാലവധി തീര്‍ന്ന ഭാഗങ്ങള്‍ മാത്രം മാറ്റി സ്ഥാപിക്കാനും, മീന്‍കട്ട്, പമ്പ എന്നിവിടങ്ങളിലെ സിസ്മോഗ്രാഫുകള്‍ പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കുവാനുമുള്ള ഏകദേശ ധാരണയില്‍ എത്തിയതായി അധികൃതര്‍ പറഞ്ഞു. പ്രവര്‍ത്തനം നിലച്ച ചോറ്റുപാറയിലെ അടക്കം എല്ലായിടങ്ങളിലേയും ഭൂകമ്പമാപിനി നിലയത്തിന്റെ പ്രവര്‍ത്തനം പുനരാംഭിക്കുന്നതോടെ ജില്ലയിലെ ഭൂചലനങ്ങളെക്കുറിച്ച് കൂടുതല്‍ സമഗ്രമായ നിരീക്ഷണം നടത്തുന്നതിന് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിനും, കേരളാ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയ്ക്കും സാധ്യമാകും

Eng­lish Sum­ma­ry: Earth­quake mea­sur­ing plant at Chotupara

You may also like this video