Thursday
14 Nov 2019

ആനബോറന്‍ ഭര്‍ത്താവായാല്‍ ശകുന്തളാ ബെന്‍ ആയി തലയൂരാം

By: Web Desk | Sunday 19 May 2019 10:04 PM IST


devika

‘ചില നേരങ്ങളില്‍ ചില മനിതര്‍കള്‍’ എന്ന ജയകാന്തന്റെ തമിഴ് നോവലും സിനിമയും പോലെ ചിലരുണ്ട്. ഇത്തരക്കാര്‍ ഒരു ദിവസം അങ്ങുകയറി സംബന്ധം കഴിക്കും. മൂന്നാം പക്കം അടിച്ചുപിരിയും. അടിയും കിട്ടി പോക്കറ്റും വലിച്ചുകീറിയ മട്ടില്‍ കാണപ്പെട്ട പുതുമണവാളനോട് ട്രാജഡിയായ കല്യാണത്തെക്കുറിച്ച് നാട്ടാര്‍ ആരാഞ്ഞാല്‍ ടിയാന്‍ പറയുക കല്യാണം തനിക്ക് അത്ര ശരിയാകുന്ന സംഗതിയാകില്ല എന്നായിരിക്കും. അപ്പോള്‍ കവിളത്തെ അടിയുടെ പാടുകളും കീറിയ കീശയും എങ്ങനെയെന്ന് ചോദിച്ചാല്‍ കല്യാണമല്ല തന്റെ ജീവിത നിയോഗെമന്നു മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഇത്തരത്തില്‍ ഒര സംബന്ധക്കാരനാണെന്ന് നാട്ടാര്‍ ധരിച്ചുവച്ചിരിക്കുന്നു. പക്ഷേ മോഡി പരിണയിച്ചു പരിത്യജിച്ച ശകുന്തളാ ബെന്‍ എന്ന പാവം ഗുജറാത്തി മഹിളയുടെ ബന്ധുക്കളോടു തിരക്കൂ, അവര്‍ ഈ സംബന്ധ ബന്ധത്തിന്റെ നിജസ്ഥിതി പറഞ്ഞുതരും; മോഡിയെപോലെ ഒരു ആനബോറനെ കല്യാണം കഴിച്ച് ജീവിതം തുലയ്ക്കാന്‍ തങ്ങളുടെ കൊച്ചിനെ കിട്ടില്ലെന്ന്.
വിവാഹം കഴിച്ച് ആദ്യരാത്രിയില്‍ത്തന്നെ ശകുന്തളാ ബെന്നിനു മനസിലായി, കണവന് കാര്യമായ കുഴപ്പമുണ്ടെന്ന്. സൂര്യനെ കണ്ടുപിടിച്ചതു താനാണെന്നും അതിനാല്‍ തന്റെ പത്‌നി എന്നും ആദിത്യഹൃദയമന്ത്രം ചൊല്ലി സൂര്യനമസ്‌കാരം നടത്തണമെന്നും പ്രിയതമയെ ഉപദേശിച്ചപ്പോള്‍ത്തന്നെ ആ മത്തില്‍ കെട്ടിയിടേണ്ട ജന്‍മത്തെയാണ് തന്റെ തലയില്‍ കെട്ടിവച്ചിരിക്കുന്നതെന്ന് ആ പാവത്തിനു ബോധ്യമായി. തുടര്‍ന്ന് അരവിന്ദ് കെജ്‌രിവാളിന്റെ ചിഹ്നം തപ്പിയെടുത്ത് മോഡിയെ തല്ലോടുതല്ലായി. ജീവനുംകൊണ്ട് രക്ഷപ്പെട്ട മോഡി തെരുവിലിറങ്ങി മാലോകരോട് പറഞ്ഞു; ‘ശാദി മേരാ കാം നയി, മുഛേ ഈശ്വര്‍ ദൂസരാ നിയോഗ് ഹൈ’ (കല്യാണം തനിക്ക് ചേര്‍ന്ന പണിയല്ലെന്നും ഈശ്വരനിയോഗം മറ്റൊന്നാണെന്നും.)
ശകുന്തളാ ബെന്‍ അന്നു ചെയ്ത കൊലച്ചതി ഇന്നനുഭവിക്കുന്നത് 126 കോടി ഭാരതീയര്‍. ആനബോറനും ആനമഠയനും മഹാമന്ദബുദ്ധിയുമായ മോഡിയെ സഹിക്കാന്‍ ഇന്ത്യക്കാരുടെയെല്ലാം ജാതകത്തില്‍ കമ്പനികളുടെ ഓഹരിപരസ്യത്തിലെ ‘നഷ്ടസാധ്യതകള്‍’ എന്ന പോലെ തീരെ കുഞ്ഞന്‍ അക്ഷരത്തില്‍ കണ്ണില്‍പ്പെടാത്ത മട്ടില്‍ എഴുതിവച്ചിരിക്കുന്ന കാര്യം ഇപ്പോഴല്ലേ വായിക്കാനായത്. ഡിജിറ്റല്‍ ക്യാമറയും ഇന്റര്‍നെറ്റും കണ്ടുപിടിക്കാത്ത കാലത്ത് താന്‍ ഇത്തരം ക്യാമറയില്‍ അഡ്വാനിയുടെ പടമെടുത്ത് ഇ-മെയില്‍ വഴി അഡ്വാനിക്ക് അയച്ചുവെന്ന മോഡിയുടെ അഭിമുഖം കേട്ടപ്പോള്‍ അയാളുടെ ചെവിയില്‍ ചെമ്പരത്തിപ്പൂ ചൂടിയിരുന്നുവോ അഭിമുഖ വേളയിലെന്ന് ശകുന്തളാ ബെന്‍ ചോദിച്ചുവത്രെ. ‘അഞ്ജനമെന്നതെനിക്കറിയാം, മഞ്ഞളുപോലെ വെളുത്തിരിക്കും. എന്നു പറഞ്ഞതുപോലെയായിരുന്നു ഡിജിറ്റല്‍ ക്യാമറയെക്കുറിച്ച് മോഡിയുടെ അഭിമുഖത്തിലെ വര്‍ണന. ‘ഇത്‌നാ ബഡാ ഹൈ’. വലിപ്പത്തെക്കുറിച്ച് ആംഗ്യം കാട്ടിയപ്പോള്‍ തന്റെ 56 ഇഞ്ച് നെഞ്ചും കവിഞ്ഞ് ഒരു പത്തായത്തിന്റെയത്ര വലിപ്പമുണ്ടാവും ഡിജിറ്റല്‍ ക്യാമറയ്‌ക്കെന്നാണ് മോഡിയുടെ സാക്ഷ്യം. ഊളമ്പാറയില്‍ ഡോക്ടര്‍മാര്‍ എത്രപേരെ സഹിച്ചാണ് പച്ചരി വാങ്ങാന്‍ പാടുപെടുന്നത്. ഇന്ത്യക്കാര്‍ക്ക് ഇത്തരമൊരു ബഡാപാഗലിനെ മാത്രം സഹിച്ചാല്‍ മതിയല്ലോ. ഈശ്വരോ രക്ഷതു എന്നു മനസില്‍ ചൊല്ലി 23 വരെ ഈ മാരണത്തെയും സഹിക്കുക. നമ്മുടെയൊക്കെ ജാതകത്തില്‍ നഷ്ടസാധ്യതകള്‍ എന്ന കാണാനാവാത്ത അക്ഷരങ്ങളില്‍ മോഡി എന്നെഴുതിവച്ചു പോയല്ലോ.

മരനായര്‍ക്കൊത്ത മണ്ണച്ചി എന്നല്ലേ ചൊല്ല്. മാലേഗാവ് ഭീകര സ്‌ഫോടന കേസില്‍ പ്രതിയായ പ്രജ്ഞാ ഠാക്കൂറിന്റെ ഭ്രാന്ത് വേറൊരു സൈസ്. രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്ന ഗോഡ്‌സെ ദേശഭക്തനാണെന്നാണ് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയായ പ്രജ്ഞയുടെ പ്രജ്ഞാരഹിതമായ പ്രതികരണം. ഇതിനെതിരെ രോഷം കത്തിക്കറുന്നതിനിടെ മോഡി തിരുവായ് തുറന്നു, താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും പ്രജ്ഞയ്ക്ക് മാപ്പു നല്‍കില്ലെന്ന്. പക്ഷെ സീറ്റു നല്‍കുമെന്ന്! പ്രജ്ഞയുടേത് വ്യക്തിപരമായ അഭിപ്രായമെന്ന് അമിത്ഷായുടെ തിരുമൊഴി. മോഡിയുടെയും അമിത്ഷായുടെയും തന്തയ്ക്കും തള്ളയ്ക്കുമെതിരെ ആരെങ്കിലും പച്ചത്തെറി വിളിച്ചാലും അതും വ്യക്തിപരമായ അഭിപ്രായമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുമ്പോഴും പറയണം. രുചിയോടെ പത്തുതെറി ഇരുവരെയും വിളിക്കാന്‍ എത്ര ബിജെപിക്കാരാണ് നാവിന് മൂര്‍ച്ച കൂട്ടി കാത്തിരിക്കുന്നതെന്ന് 23 കഴിയുമ്പോള്‍ അറിഞ്ഞുകൊള്ളും.
പാലക്കാട് തൂതപൂരം മഹോത്സവത്തിന് 18 നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരെ അണിനിരത്തിയെന്ന് വാര്‍ത്ത. പതിനെട്ടും തലയെടുപ്പുള്ള കൊമ്പന്‍മാര്‍. പൂരം കഴിഞ്ഞു ചമയങ്ങള്‍ അഴിച്ചിറക്കിയപ്പോള്‍ ഒരാനയുടെ രണ്ട് കൊമ്പുകളും ദേ കിടക്കുന്നു നിലത്ത്. ആനകളെക്കുറിച്ചുള്ള ‘മാതംഗലീല’ എന്ന ആധികാരിക ഗ്രന്ഥത്തില്‍ പോലും കാണാത്ത അത്ഭുതം. ആനയെ പരിശോധിച്ചപ്പോഴല്ലേ അറിയുന്നത് അവന്‍ അവനല്ല അവളാണെന്ന്. കൊമ്പന്‍മാരുടെ എണ്ണം 18 തികയ്ക്കാന്‍ ലക്കിടി ഇന്ദിരയെന്ന പിടിയാനയെ രണ്ട് ഫൈബര്‍ കൊമ്പുകള്‍ ഫിറ്റു ചെയ്ത് എഴുന്നെള്ളത്തിന് സ്റ്റൈലില്‍ ഇറക്കിയതായിരുന്നത്രേ. ആളെക്കൊല്ലി പിടിയാനയായ പ്രജ്ഞാസിങിനെ ബിജെപിയുടെ വ്യാജ കൊമ്പ് ഘടിപ്പിച്ച് ഭോപ്പാലില്‍ എഴുന്നള്ളത്തിനിറക്കിയപോലെ.

സൂര്യന്‍ കിഴക്കുദിക്കുന്നതിനും പടിഞ്ഞാറ് അസ്തമിക്കുന്നതിനുമെതിരെ ആരെങ്കിലും പൊലീസില്‍ പരാതിപ്പെടുമോ! അതെല്ലാം ഒരു പ്രകൃതിനിയമം. നടന്‍ സുരേഷ് ഗോപിയുടെ ഭാഷയില്‍ ഇതെല്ലാം അയ്യന്റെ നൈഷ്ഠികാചാരം. എന്നാല്‍ കോണ്‍ഗ്രസില്‍ ഇതാ ഒരു ഫണ്ട് മോഷണ കഥ പുറത്തുവരുന്നു. കാസര്‍കോടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനാണ് പരാതിക്കാരന്‍. കാസര്‍കോട്ടെ തന്റെ വാടകയ്‌ക്കെടുത്ത താമസസ്ഥലത്തു നിന്ന് തെരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്ന കുണ്ടറ പൃഥ്വിരാജ് എട്ട് ലക്ഷം രൂപ അടിച്ചുമാറ്റിയെന്നാണ് ഉണ്ണിത്താന്‍ പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഫണ്ട് കക്കാനും മുക്കാനുമുള്ളതാണെന്ന നാട്ടുനടപ്പറിയാവുന്ന ഉണ്ണിത്താന്‍ സത്യം മറച്ചുവച്ച് പരാതി നല്‍കിയത് മഹാകഷ്ടമായിപോയി. കോണ്‍ഗ്രസുണ്ടായ കാലം മുതല്‍ തന്നെ ഒപ്പം പിറന്ന ഇരട്ടക്കുട്ടിയാണ് ഫണ്ട് മോഷണമെന്ന പ്രകൃതി നിയമത്തെ ഹൈക്കമാന്‍ഡ് എന്ന സുപ്രീംകോടതിയില്‍ ചോദ്യം ചെയ്താല്‍ പോലും കേസ് ചെലവുസഹിതം തള്ളിപ്പോവുകേയുള്ളു.
പി സി കണ്ഠരര് ജോര്‍ജീവര് ബിജെപി നയിക്കുന്ന എന്‍ഡിഎയിലെത്തിയതോടെ അവിടെ ആളനക്കവും തെറിയനക്കവും കേട്ടുതുടങ്ങി. ഇനി ചെണ്ടപോലുള്ള ‘ണ്ട’ വാക്കുകള്‍ പൂരവെടിക്കെട്ടുപോലെ ഉയരും. അതിന്റെ സാമ്പിള്‍ വെടിക്കെട്ടു തന്നെ ബിജെപിയുടെ കോട്ടയത്തെ നേതാക്കളുടെ തന്തയ്ക്കു വിളിച്ചുകൊണ്ടു ജോര്‍ജ്ജ് ഗംഭീരമാക്കി. തന്റെ പാര്‍ട്ടിക്കു പുതിയ പേരിടീല്‍ കര്‍മം ആശാന്റെ ആണ്ടുതോറുമുള്ള പരിപാടിയായി. ജനപക്ഷം (സെക്യുലര്‍) എന്ന പുതിയ നാമകരണം ചെയ്ത ശേഷം മകന്‍ ഷോണിനെ കെ എം മാണി മരിച്ച ഒഴിവില്‍ പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ബിജെപിക്കാര്‍ ഇളകിവശായി. ഇതു കേട്ടപാടെ പി സി സ്വതസിദ്ധമായ സ്റ്റൈലില്‍ തിരിച്ചടിച്ചു; തന്തയില്ലാത്തവന്‍മാര്‍, എരപ്പാളികള്‍, തെമ്മാടികള്‍, തോന്ന്യവാസികള്‍ എന്നൊക്കെ തന്റെ ‘ചതുരക്ഷര’ നിഘണ്ടുവിലെ മാന്യമായ പദങ്ങള്‍ മാത്രം ഉപയോഗിച്ച്. അടുത്ത ഘട്ടമായി എന്തെല്ലാം തെറിവാക്കുകള്‍ നിഘണ്ടുവില്‍ നിന്ന് പുറത്തുചാടാനിരിക്കുന്നു. കൂട്ടിനു വിളിച്ചയാള്‍ പെരുവഴിയില്‍ നിര്‍ത്തി തന്തയ്ക്കു തെറിവിളിക്കുമെന്നു ഭയന്ന് കുമ്മനവും സുരേന്ദ്രനും വെണ്മണി ശ്രീധരന്‍പിള്ളയും ശോഭാസുരേന്ദ്രനും ഇപ്പോള്‍ മാരാര്‍ജി ഭവനില്‍ കതകടച്ചു വിറച്ചിരിപ്പാണ്. വേലിയിലിരുന്ന പാമ്പിനെയെടുത്ത് വേണ്ടാത്തിടത്തുവച്ച വേവലാതിയോടെ. ജോര്‍ജാകട്ടെ താന്‍ നൈഷ്ഠിക തെറിയഭിഷേകക്കാരനാണെന്ന പോര്‍വിളിയുമായി മദയാനയെപോലെ പാഞ്ഞുനടപ്പും. ശനിദശയില്‍ ജോര്‍ജും പാമ്പായി വന്നു കടിച്ചിടാമെന്ന ചൊല്ലന്റെ അര്‍ഥം ഇപ്പോഴല്ലേ ബിജെപിക്ക് ബോധ്യമായത്. വാവാ സുരേഷിനെ വിളിക്കൂ ബിജെപിയെ രക്ഷിക്കൂ എന്നല്ലാതെ തല്‍ക്കാലം ബിജെപിക്ക് മറ്റൊരു മുദ്രാവാക്യവുമില്ലെന്ന ദയനീയമായ പടുതി.