Web Desk

ന്യൂഡൽഹി

June 29, 2020, 9:41 pm

കിഴക്കൻ ലഡാക്കിൽ ഒരുങ്ങുന്നത് അത്യാധുനിക വ്യോമത്താവളം

യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും വിന്യസിച്ചു ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഒരുക്കമെന്ന് വ്യോമസേന
Janayugom Online

ചൈനയ്ക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കിഴക്കൻ ലഡാക്കിൽ ഇന്ത്യയ്ക്കായി അത്യാധുനിക വ്യോമത്താവളം ഒരുങ്ങുന്നു. ലഡാക്കിലെ സൈനികവിന്യാസം സ്ഥിരമാക്കുന്നതിന് നേരത്തെ കേന്ദ്ര സർക്കാർ സൈന്യത്തിന് അനുമതി നൽകിയിരുന്നു. സി ‑17 ഗ്ലോബ് മാസ്റ്റർ, സി ‑130 സൂപ്പർ ഹെർക്കുലീസ്, സിഎച്ച് ‑47 ചിനൂക്ക് തുടങ്ങിയവയുടെ വരവോടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൈനികരെയും ഉപകരണങ്ങളെയും എത്തിക്കുന്നതിന് സേന വളരെയധികം ശക്തി പ്രാപിച്ചിട്ടുണ്ട്.

ഇന്ത്യ‑ചൈന സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തരഘട്ടത്തെയും നേരിടുന്നതിനായുള്ള എല്ലാവിധ സജ്ജീകരണങ്ങളും വ്യോമസേന ഒരുക്കിയിട്ടുണ്ട്. എല്ലാതരത്തിലുള്ള സൈനിക ഉപകരണങ്ങളും യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇതിനോടകം തന്നെ സേന എത്തിച്ചു കഴിഞ്ഞു. 1980 മുതൽ വ്യോമസേനയുടെ ഭാഗമായുള്ള എഎൽ-76, എഎൻ-32 തുടങ്ങിയ വിമാനങ്ങളും എൽഎസിയിൽ എത്തിച്ചിട്ടുണ്ട്.

ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യയുടെ ഏറ്റവും ശക്തിയുള്ള വ്യത്യസ്തമായ മിസൈൽവേധ ടാങ്കുകൾ സൈനിക വിന്യാസത്തിന്റെ ഭാഗമായി ലഡാക്ക് അതിർത്തിയിൽ എത്തിച്ചുവെന്നതാണ്. ചൈനയും എൽഎസിയിൽ ഇത്തരത്തിലുള്ള ടാങ്കുകൾ വിന്യസിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. വായു മാർഗമല്ലാതെ ശ്രീനഗർ‑ലെ, മനാലി-ലെ റോഡിലൂടെയാണ് സന്നാഹങ്ങൾ ലഡാക്കിൽ എത്തിക്കുന്നത്. ടി-90 വ്യോമമാർഗം എത്തിക്കാൻ കഴിഞ്ഞത് 77 ടൺ വഹിക്കാൻ ശേഷിയുള്ള സി-17 വിമാനം ഉപയോഗിച്ചാണെന്ന് ഒരു വ്യോമസേന ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു ടി-90 ടാങ്കിന്റെ ഭാരം 46 ടൺ ആണ്. 45 ടൺ വഹിക്കാൻ കഴിയുന്ന ഐഎൽ-76നേക്കാൾ ഇരട്ടി ശേഷിയാണ് സി-17ന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ടി-72 പഴയ ടാങ്കുകളുടെ മൂന്ന് വ്യൂഹങ്ങളാണ് സേനയ്ക്കുള്ളത്. 40 ടൺ ഭാരംവരുന്ന ഇവയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. 1990 മുതൽ സേനയുടെ ഭാഗമായുള്ള എൽ-76 ഉപയോഗിച്ച് ബിഎംപി-2 യന്ത്രവൽകൃത പോരാട്ട വാഹനങ്ങൾക്കൊപ്പമാണ് ടാങ്കറുകൾ ലഡാക്കിൽ എത്തിച്ചത്. ട്രാക്ടർ ട്രെയിലറിന്റെ ഭാരവും നീളവും കണക്കിലെടുക്കുമ്പോൾ ലഡാക്കിലെ ഉയർന്ന പർവത പാതകൾ, ചുരങ്ങൾ, ഇടുങ്ങിയ വഴികൾ എന്നിവയിലൂടെ ഇവ എത്തിക്കുക എന്നത് പ്രായോഗികമല്ല. തദ്ദേശീയമായ ധ്രുവ്, റഷ്യൻ നിർമ്മിത എംഐ‑17, യുഎസ് നിർമ്മിത ചിനൂക്ക് ഹെലികോപ്ടറുകളും വ്യോമസേനയ്ക്ക് സൈനികവിന്യാസം ഒരുക്കുന്നതിൽ കരുത്താകുന്നുണ്ട്.

ചില സൈനിക വിന്യാസങ്ങൾ ഒഴിവാക്കിയാൽ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ 2001 ലെ പാർലമെന്റ് ആക്രമണത്തിനു ശേഷം ദെസ്‌പാങ് സമതലം, ദൗമചോക്ക്, ദോക്ക്‌ലാം എന്നിവിടങ്ങളിലും 2018 ൽ നിയന്ത്രണ രേഖയിലുണ്ടായ മിന്നലാക്രമണം, 2019ലെ ബാലകോട്ട് വ്യോമാക്രമണം തുടങ്ങിയ ഹോട്ട്‌സ്പോട്ടുകളിലും മാത്രമാണ് ഇന്ത്യ മുഖാമുഖം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിനിടയിലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാരം വഹിക്കാനുള്ള ശേഷി വ്യോമസേന വർധിപ്പിച്ചത്. തുടർന്ന് സൈന്യത്തേയും സൈനിക ഉപകരണങ്ങളേയും ദുർഘടമേഖലകളിലേക്ക് എത്തിക്കുന്നതിൽ വലിയ കുതിച്ചുചാട്ടം തന്നെയാണ് കഴിഞ്ഞ ദശകങ്ങൾക്കുള്ളിൽ ഉണ്ടായിട്ടുള്ളതെന്നും വ്യോമസേന പറയുന്നു.

ENGLISH SUMMARY:Eastern Ladakh gets ready for sophis­ti­cat­ed airport
You may also like this video