February 4, 2023 Saturday

പ്രമേഹ ചികിത്സയിൽ പുതിയ കാൽവെപ്പ്; കോഴിക്കോട് ആസ്റ്റർ മിംസിൽ ‘ഈസി കെയർ’ പ്രവർത്തനം ആരംഭിച്ചു

Janayugom Webdesk
കോഴിക്കോട്
November 15, 2020 11:24 am

പ്രമേഹ ചികിത്സയിൽ പുതിയ കാൽവെപ്പുമായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ. ആസ്റ്റർ മിംസ് ഈസി കെയർ എന്ന ഈ നൂതന പരിചരണ പദ്ധതിയിലൂടെ പ്രമേഹരോഗ ചികിത്സയിലെ പൊതുവായ വെല്ലുവിളികളെ അതിജീവിച്ച് ആരോഗ്യകരമായ ജീവിതം ഫലപ്രദമായി തിരിച്ച് പിടിക്കാനുള്ള സംവിധാനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

പ്രമേഹരോഗബാധിതനാണെന്ന് തിരിച്ചറിഞ്ഞ് ഡോക്ടറെ സന്ദർശിച്ച ശേഷം ലഭിക്കുന്ന പൊതുവായ നിർദ്ദേശങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണ്. ഡോക്ടറെ സന്ദർശിച്ച ശേഷമുള്ള ആദ്യ ദിവസങ്ങളിൽ ഈ നിർദ്ദേശങ്ങളെയെല്ലാം ഫലപ്രദമായി പിൻതുടരാൻ മിക്കവാറും എല്ലാവരും തന്നെ ശ്രദ്ധിക്കാറുമുണ്ട്. എന്നാൽ ദിവസങ്ങൾ പിന്നിടുന്നതോടെ പലവിധ കാരണങ്ങളുടെ ഭാഗമായി ഭക്ഷണ നിയന്ത്രണം, വ്യായാമം, മരുന്ന് മുതലായവയെല്ലാം കൃത്യതയില്ലാതായി മാറുകയും അസുഖം പൂർണ്ണ നിയന്ത്രണത്തിലല്ലാതാവുകയും ചെയ്യുന്നു. പ്രമേഹം സങ്കീർണ്ണമായി മാറുന്ന മഹാഭൂരിപക്ഷം പേരും അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.

ഈ അവസ്ഥയ്ക്ക് കൃത്യമായ പരിഹാരമാണ് ആസ്റ്റർ മിംസ് ഈസികെയർ പദ്ധതി. ദീർഘകാല ചികിത്സ ആവശ്യമുള്ള രോഗമാണ് പ്രമേഹം. മാത്രമല്ല പ്രമേഹത്തിന്റെ അനുബന്ധമായി ഹൃദ്രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, കിഡ്നി രോഗങ്ങൾ എന്നിവയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഫാമിലെ മെഡിസിൻ, എൻഡോക്രൈനോളജി, ജനറൽ മെഡിസിൻ, കാർഡിയോളജി, നെഫ്രോളജി, പൾമനോളജി, ഡയറ്റീഷ്യൻ, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളുടെ സംയുക്ത നേതൃത്വത്തിലാണ് ആസ്റ്റർ മിംസ് ഈസികെയർ യാഥാർത്ഥ്യമായിരിക്കുന്നത്. ഫാമിലി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ രോഗിയ തുടക്കത്തിൽ പരിശോധിക്കുകയും ഇതര വിഭാഗങ്ങളിലേക്ക് ആവശ്യാനുസരണം തുടർ പരശോധനകൾ നിർദ്ദേശിക്കുകയുമാണ് ചെയ്യുന്നത്.

കൃത്യമായ പരിശോധനകളും മാർഗ്ഗനിർദ്ദേശങ്ങളും നൽകിയ ശേഷവും ആശുപത്രിയിൽ നിന്ന് രോഗിയുടെ അവസ്ഥകൾ കൃത്യമായ ഇടവെളകളിൽ ഫോളോ അപ്പ് ചെയ്യുന്നു എന്നതാണ് ഈസി കെയറിന്റെ പ്രധാന സവിശേഷത. ഓരോ ദിവസത്തെയും രോഗിയുടെ അവസ്ഥ അവലോകനം ചെയ്ത് ആവശ്യമായ ക്രമീകരണങ്ങളും മാറ്റങ്ങളും നിർദ്ദേശിക്കുന്നു. ഇതിലൂടെ രോഗിക്ക് ചികിത്സാ നിർദ്ദേശങ്ങൾ കൃത്യമായി തുടരുവാനും, വളരെ വേഗം തന്നെ മരുന്നിന്റെ അളവ് കുറയ്ക്കുവാനും സാധിക്കുന്നു.

ആസ്റ്റർ മിംസ് ഈസികെയർ ലോഗോ ഡോ. വിമൽ എം. വി (സീനിയർ കൺസൽട്ടന്റ്, എന്റോക്രൈനോളജി)യിൽ നിന്ന് ഡോ. എബ്രഹാം മാമൻ (ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ്) ഏറ്റുവാങ്ങിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ. സജിത്ത് നാരായണൻ (നെഫ്രോളജി വിഭാഗം മേധാവി), ഡോ. മഞ്ജുനാഥ് (ജനറൽ മെഡിസിൻ വിഭാഗം മേധാവി), ഡോ. മനോജൻ (സീനിയർ കൺസൽട്ടന്റ്, ജനറൽ മെഡിസിൻ), ഡോ. ജഷീറ മുഹമ്മദ് കുട്ടി (കൺസൽട്ടന്റ്, ഫാമിലി മെഡിസിൻ), ഷെറിൻ തോമസ് (ഹെഡ്, ഡയറ്റീഷ്യൻ), അഷ്കർ അലി (ഹെഡ്, ഫിസിയോതെറാപ്പി), ഡോ. പ്രവിത (എ. ജി. എം, ഓപ്പറേഷൻസ്) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.