ട്വിറ്ററിൽ വർഗ്ഗീയ പരാമർശം: ബിജെപി സ്ഥാനാർത്ഥിയ്ക്ക് പ്രചാരണ വിലക്ക്

Web Desk

ന്യൂഡൽഹി

Posted on January 25, 2020, 9:53 pm

ബിജെപി സ്ഥാനാർത്ഥി കപിൽ മിശ്രയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 48 മണിക്കൂർ വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ. ട്വിറ്ററിൽ വർഗ്ഗീയ പരാമർശം നടത്തിയതിനെത്തുടർന്നാണ് വിലക്കെന്ന് കമ്മിഷൻ അറിയിച്ചു. ഡൽഹിയിലെ മോഡൽ ടൗണ്‍ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ് കബിൽ മിശ്ര. ഡൽഹി തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരമാണെന്നായിരുന്നു മിശ്രയുടെ വിവാദ ട്വീറ്റ്. പൗരത്വനിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്ന ഷഹീന്‍ബാഗ് പാകിസ്ഥാനിലേക്കുള്ള പ്രവേശനകവാടമാണെന്നും മിശ്ര ട്വിറ്ററില്‍ കുറിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം ഈ ട്വീറ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. സെഷൻ 125 പ്രകാരം മിശ്രയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം ബിജെപിയുടെ മറ്റൊരു സ്ഥാനാർത്ഥിയായ തജീന്ദർ പാൽ സിങ് ബഗ്ഗയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്റെ ചെലവ് വെളിപ്പെടുത്താത്തതിനെത്തുടർന്നാണ് നോട്ടീസ്. ബഗ്ഗയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് മിനിറ്റുകൾക്ക് പിന്നാലെ ‘ബഗ്ഗ ബഗ്ഗ ഹർ ജഗ’ എന്ന ഗാനം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഡൽഹിയിലെ ഹരി നഗറിലെ സ്ഥാനാർത്ഥിയാണ് ബഗ്ഗ. 48 മണിക്കൂറിനകം നോട്ടീസിൽ വിശദീകരണം നൽകണമെന്നാണ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Eng­lish Sum­ma­ry: EC acts against BJP’s Kapil Mishra for ‘India vs Pak’ tweet, impos­es 48-hour cam­paign­ing ban

You may also like this video