ദൂരദര്‍ശന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ്

Web Desk
Posted on April 03, 2019, 9:16 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ ‘മേം ഭീ ചൗക്കിദാര്‍’ സംപ്രേഷണം ചെയ്തതിനു ദൂരദര്‍ശന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്.

മാര്‍ച്ച് 31നു നടന്ന പരിപാടിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം ചാനലിലും യൂട്യൂബിലും തത്സമയം സംപ്രേഷണം ചെയ്തതിനാണ് നോട്ടീസ്. ഇതിനെതിരെ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതു മാധ്യമത്തെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നത് ലജ്ജാകരവും അംഗീകരിക്കാനാകാത്തതുമാണെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പുതുതായി സംപ്രേഷണം തുടങ്ങിയ നമോ ടിവി സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. പ്രധാനമന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ചു തുടങ്ങിയ നമോ ടിവി തെരഞ്ഞെടുപ്പു ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ആംആദ്മി പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയത്.

ഇത് ലൈസന്‍സുള്ള ചാനല്‍ അല്ലെന്നും പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഡിടിഎച് സംവിധാനമാണെന്നുമാണ് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മറുപടി. നമോ ടിവി വഴി പ്രക്ഷേപണം ചെയ്യുന്ന പരസ്യങ്ങളുടെ ചെലവ് വഹിക്കുന്നത് ബിജെപി ആണെന്നും മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറൂം മോഡിയുടെ തെരഞ്ഞെടുപ്പു പ്രസംഗങ്ങളും പരിപാടികളും പ്രക്ഷേപണം ചെയ്യുന്ന നമോ ടിവി മൂന്ന് ദിവസം മുമ്പാണ് പ്രവര്‍ത്തനം തുടങ്ങിയത്.

എല്ലാ പാര്‍ട്ടികള്‍ക്കും തുല്യമായ ഇടം സൃഷ്ടിക്കണമെന്ന തത്വത്തിനെതിരാണ് ഈ ചാനലെന്ന് ആംആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയും തെരഞ്ഞെടുപ്പു കമ്മീഷനും അടിവരയിടുന്ന ഈ തത്വം ലംഘിച്ചാണ് ബിജെപി 24 മണിക്കൂര്‍ ചാനല്‍ തുടങ്ങിയിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. നമോ ടിവിക്കെതിരെ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.