മീന്‍പിടുത്തത്തിന് പരിസ്ഥിതി സൗഹാര്‍ദ പ്രൊപ്പല്‍ഷന്‍, വിതരണത്തിന് സുസ്ഥിര കോള്‍ഡ് ചെയിന്‍

Web Desk

കൊച്ചി

Posted on November 21, 2020, 5:11 pm

മത്സ്യബന്ധന മേഖലയെ കാര്‍ബണ്‍ വിമുക്തമാക്കി പരിസ്ഥിതിസൗഹാര്‍ദമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയും കൊച്ചി ആസ്ഥാനമായ യെസെന്‍ സസ്‌റ്റെയിനും ധാരണാപത്രത്തില്‍ ഒപ്പിട്ടു. പങ്കാളിത്ത ഗവേഷണങ്ങളോടെ സുസ്ഥിരമായ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്ത് മത്സ്യബന്ധനരംഗത്തും സമുദ്രോല്‍പ്പന്ന വിതരണരംഗത്തും വന്‍മാറ്റങ്ങള്‍ നടപ്പാക്കുന്നതാണ് പദ്ധതി. ഇതനുസരിച്ച് നെറ്റ്-റ്റു-പ്ലേറ്റ്, ഹാര്‍ബര്‍-റ്റു-പ്ലേറ്റ് എന്നീ ബ്രാന്‍ഡുകളില്‍ മത്സ്യബന്ധനരംഗത്ത് ഹൈബ്രിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റങ്ങളുും വിതരണരംഗത്ത് സുസ്ഥിരമായ കോള്‍ഡ് ചെയിന്‍ സൊലൂഷനുകളും ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ ട്രാക്കിംഗും ലഭ്യമാക്കും.

കൊച്ചിയിലെ സിഫ്റ്റ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സിഫ്റ്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ എം എം പ്രസാദും യെസെന്‍ സസ്റ്റെയിന്‍ സിഇഒ ജോര്‍ജ് മാത്യുവും ധാരാണാപത്രത്തില്‍ ഒപ്പുവെച്ചു. സിഫ്റ്റ് എന്‍ജി. ഡിവിഷന്‍ തലവന്‍ മനോജ് പി സാമുവല്‍, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ജോര്‍ജ് നൈനാന്‍, സീനിയര്‍ സയന്റിസ്റ്റ് ബൈജു എം വി, യെസെന്‍ സസ്‌റ്റെയിന്‍ ആര്‍ ആന്‍ഡ് ഡി തലവന്‍ ഗോവിന്ദ് എസ് മേനോന്‍ എന്നിവര്‍ സംബന്ധിച്ചു.

പരിസ്ഥിതിക്ക് വിനാശമായ വന്‍തോതിലുള്ള കാര്‍ബണ്‍ പ്രസരണവും കോള്‍ഡ് ചെയിനിലെ അപാകതകളുമാണ് മത്സ്യബന്ധന-ഉല്‍പ്പന്ന സംസ്‌കരണ മേഖല ഇന്ന് നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികളെന്ന് ചടങ്ങില്‍ സംസാരിച്ച യെസെന്‍ സസ്റ്റെയ്ന്‍ സിഇഒ ജോര്‍ജ് മാത്യു പറഞ്ഞു. ഓരോ ടണ്‍ മീന്‍ പിടിയ്ക്കുമ്പോഴും 0.59 ടണ്‍ മുതല്‍ 2.4 ടണ്‍ വരെ കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളുന്നു. വിതരണമേഖലയും ഓരോ ടണ്ണിന് ഓരോ ടണ്ണും പുറന്തള്ളുന്നു. പെട്രോളിയം അടിസ്ഥാന ഇന്ധനങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന മേഖലയാണ് മത്സ്യബന്ധന മേഖല. ഒപ്പം വലിയ അളവില്‍ ഗ്രീന്‍ഹൗസ് വാതകങ്ങളും ഈ മേഖല പുറന്തള്ളുന്നു. ശരിയായ കോള്‍ഡ് ചെയിന്‍ ലഭ്യമല്ലാത്തതു മൂലം പിടിക്കുന്ന മത്സ്യവിഭവങ്ങളുടെ 20% പാഴാകുന്നതും മറ്റൊരു പ്രശ്‌നമാണ്. ഈ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വികസിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളിലൂടെ മേഖലയെ കാര്യക്ഷമവും സുസ്ഥിരവും ഓണ്‍ലൈന്‍ ട്രേസിംഗിലൂടെ ഉത്തരവാദിത്തമുള്ളതുമാക്കും. പാലുല്‍പ്പന്നങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മാംസോല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളിലേയ്ക്കും ഈ വിതരണ ചാനല്‍ വ്യാപിപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടത്തിലെ ആദ്യ ഉല്‍പ്പന്നമായ ഹാര്‍ബര്‍ റ്റു പ്ലേറ്റ് ഡിസംബറോടെ വിപണിയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യെസെന്‍ എനര്‍ജിയുടേയും ടീംസസ്‌റ്റെയിനിന്റേയും സംയുക്തസംരംഭമാണ് യെസെന്‍ സസ്‌റ്റെയിന്‍.

ENGLISH SUMMARY:Eco-friendly propul­sion for fish­ing, sus­tain­able cold chain for distribution
You may also like this video