ആപത്ത് വരുമ്പോഴും നാടകം കളിക്കുന്നു

Web Desk
Posted on August 23, 2019, 10:10 pm

പ്രപഞ്ചം ഒരിക്കലും ഇരുട്ട് മാത്രം നിറഞ്ഞ ഒന്നല്ല, നാട് ഉണര്‍ന്നിരിക്കുന്നതെപ്പോഴും നല്ല വെളിച്ചത്തില്‍ തന്നെയാണ്. മനഃപൂര്‍വം മൂടിവയ്ക്കാന്‍ ശ്രമിച്ചാലും പഴുതുകളുണ്ടാക്കി പ്രകാശം കണ്ണിലേക്ക് പതിക്കും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. എത്രമെച്ചപ്പെട്ടതാണെന്ന് ധനമന്ത്രിയെക്കൊണ്ട് ആവര്‍ത്തിപ്പിച്ചാലും യാഥാര്‍ഥ്യം മറഞ്ഞുനില്‍ക്കില്ല. ചെറിയ സൂത്രപ്പണികള്‍ കൊണ്ട് ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ബ്രൂക്കിങ് ഇന്ത്യ റിസര്‍ച്ച് ഡയറക്ടര്‍ ഷമിക രവി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളിലൊരാളാണ്. സമ്പദ്ഘടനയിലെ പ്രശ്നങ്ങള്‍ ധനമന്ത്രാലയത്തിന് മാത്രം പരിഹരിക്കാന്‍ കഴിയില്ലെന്നും കടുത്ത പരിഷ്‌കാരങ്ങള്‍ ഇതിന് വേണ്ടിവരുമെന്നാണ് ഷമികയുടെ ഉപദേശം. അപ്പോഴും ധനമന്ത്രി നിര്‍മല സീതാരാമന്‍ വീമ്പിളക്കുന്നത് ആഗോള സാമ്പത്തിക വളര്‍ച്ചാനിലവാരത്തില്‍ ഇന്ത്യയുടെ സ്ഥിതി അമേരിക്കയേക്കാളും ചൈനയേക്കാളും മെച്ചപ്പെട്ടതെന്നാണ്.

നരേന്ദ്ര മോഡി രണ്ടാം തവണ അധികാരം ഏറ്റെടുത്തതിന്റെ പിറകെ തന്നെ സംഘപരിവാര്‍ സര്‍ക്കാരിനെ സാമ്പത്തിക ഭൂതം പിടികൂടിയിരുന്നു. ഭാണ്ഡക്കെട്ടിനുള്ളിലെ ബജറ്റ് പുസ്തകം നിവര്‍ത്തിവച്ചതിനെ പുകഴ്ത്തുന്ന കീര്‍ത്തനങ്ങള്‍ ചിലര്‍ ഒരാഴ്ചയോളം നിര്‍മലമായി ഉരുവിട്ടുവെങ്കിലും വേദവേദാന്തങ്ങള്‍ പഠിച്ച സാക്ഷാല്‍ സുബ്രഹ്മണ്യം സ്വാമി അതിനെയെല്ലാം ഖണ്ഡിച്ചു. സ്വാമി പഠിച്ച സാമ്പത്തിക ശാസ്ത്ര മന്ത്രങ്ങളാണ് പിന്നെ രാജ്യത്തെ കുത്തക കോര്‍പ്പറേറ്റുകളും ഉരുവിടാന്‍ തുടങ്ങിയത്. സ്വാമിയടക്കം പറഞ്ഞുവന്നത് ധനകാര്യം കൈകാര്യം ചെയ്യുന്നതില്‍ തികച്ചും പരാജയമാണ് നിര്‍മല സീതാരാമനെന്നും ധനമന്ത്രിസ്ഥാനം വിഷയത്തില്‍ അവഗാഹമുള്ള ആരെയെങ്കിലും എത്രയും പെട്ടെന്ന് ഏല്‍പിക്കേണ്ടതുണ്ടെന്നുമാണ്. ഇതിനെ നിര്‍മല സീതാരാമന്റെ കഴിവുകേടായി മാത്രം കാണാനാവില്ല. നരേന്ദ്ര മോഡിയുടെ സാമ്പത്തിക നയത്തിനെ തുഴഞ്ഞൊരു കരയ്‌ക്കെത്തിക്കാനുള്ള ജോലി മാത്രമാണ് നിര്‍മല സീതാരാമനിലുള്ളത്. അതിനുള്ള കഴിവുപോലും നിര്‍മലയ്ക്കില്ലെന്ന വെളിപ്പെടുത്തലാണ് കോര്‍പ്പറേറ്റുകളുടെ കുഴലൂത്തുകാരനായ സുബ്രഹ്മണ്യം സ്വാമിയുടെ വാക്കുകളിലൂടെ ഉണ്ടായത്.
കേന്ദ്ര സര്‍ക്കാരിന്റെ സോവറിന്‍ ബോണ്ട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആര്‍എസ്എസിന്റെ ചില സാമ്പത്തികകാര്യ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. 103 ബില്യണ്‍ ഡോളര്‍ മൊത്തം കടമെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നിട്ടും കരകയറ്റാന്‍ നരേന്ദ്ര മോഡിക്കും നിര്‍മല സീതാരാമനും കേന്ദ്ര സര്‍ക്കാരിനും കഴിയുന്നില്ലെന്നതാണ് വസ്തുത. അതിനര്‍ഥം സാമ്പത്തിക ശക്തിയായി രാജ്യത്തെ വളര്‍ത്തിയെടുക്കാന്‍ നിര്‍മല സീതാരാമനുമാത്രമല്ല, നരേന്ദ്ര മോഡിക്കും കഴിവില്ല എന്നതാണ്.

ഇന്നുപക്ഷെ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുകയാണെന്ന വിലയിരുത്തലുകള്‍ വിദേശത്തുള്ള നരേന്ദ്ര മോഡിയെയും സ്വദേശത്തുള്ള നിര്‍മല സീതാരാമനെയും ഉലച്ചിട്ടുണ്ട്. കുറച്ചുനാളായി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം നിരീക്ഷണങ്ങള്‍ ഉയര്‍ന്നെങ്കിലും അതിനെയെല്ലാം തകിടം മറിക്കാന്‍ അടിയന്തരമായ ചില ഓപ്പറേഷനുകള്‍ നരേന്ദ്ര മോഡിയും കൂട്ടരും നടപ്പാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് ഷമികയുടെ ഉപദേശം ട്വീറ്റിലൂടെയും രാജീവ് കുമാറിന്റെ വെളിപ്പെടുത്തല്‍ പൊതുവേദിയിലൂടെയും പുറത്തുവന്നിരിക്കുന്നത്. രാജ്യം സാമ്പത്തികമായി അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് പോകുന്നുവെന്ന് മാലോകരോട് തുറന്നുപറഞ്ഞ നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പക്ഷെ പെട്ടെന്ന് ഭീതി ആയോഗ് വൈസ് ചെയര്‍മാനായി മാറി. വൈകാതെ ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പച്ചനുണകളുമായി വെളിച്ചത്തുവരികയും ചെയ്തു.
രാജ്യത്തിന്റെ ധനകാര്യ മേഖലയില്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുളള അഭൂതപൂര്‍വമായ സമ്മര്‍ദ്ദമാണ് കാണാന്‍ കഴിയുന്നതെന്നായിരുന്നു നിതി ആയോഗ് വെളിപ്പെടുത്തിയത്. രാജ്യത്ത് ആരും മറ്റാരെയും വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല. ഇതോടെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായ പ്രതിസന്ധിയെ നേരിടാന്‍ അസാധാരണമായ നടപടികളിലേക്ക് പോകേണ്ടി വന്നേക്കും എന്നും നിതി ആയോഗ് വ്യക്തമാക്കിയതാണ്. നിമിഷങ്ങള്‍ കൊണ്ട് നിതി ആയോഗിനുമേല്‍ ഉണ്ടായ സമ്മര്‍ദ്ദം ആശങ്കയുടേതായിമാറി. ജനങ്ങളുടെ ഈ ആശങ്കയേക്കാള്‍ ഭരണകൂടത്തിന്റെ ഭയമാണ് രാജ്യത്തിന് ദോഷമായി പരിണമിക്കുക. ജനകീയാഭിപ്രായങ്ങള്‍ സ്വരൂപിച്ച് നാടിനെ നയിക്കുന്ന ഭരണസംവിധാനമല്ല ഇന്ന് എന്നതാണ് കാരണം.
തങ്ങളുടെ കുറവുകൊണ്ട് ഉണ്ടായേക്കാവുന്ന പ്രതിസന്ധികളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ജമ്മു കശ്മീര്‍ പോലെ, പി ചിദംബരത്തിന്റെ അറസ്റ്റുപോലെ, കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പോലെ അസ്ഥിക്കുപിടിക്കുന്ന വിഷയങ്ങള്‍ ബോധപൂര്‍വം കെട്ടഴിച്ചുവിടുകയായിരുന്നു ഇവര്‍. മനസുകളിലേക്ക് സംഘര്‍ഷങ്ങള്‍ കുത്തിനിറയ്ക്കാന്‍ വേണ്ടി ആവശ്യമായ ഇത്തരം വിഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിളമ്പുന്ന കോര്‍പ്പറേറ്റ് ബുദ്ധിയാണ് സംഘപരിവാര്‍ ഭരണകൂടത്തിന്റേതെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. പക്ഷേ രാജ്യത്തെ അരാജകത്വത്തിലേക്കും അക്രമങ്ങളിലേക്കും പട്ടിണിയിലേക്കും തള്ളിവിടുമെന്ന മുന്നറിയിപ്പാണ് സാമ്പത്തിക പ്രതിസന്ധി.