September 28, 2022 Wednesday

Related news

September 26, 2022
September 20, 2022
August 31, 2022
August 27, 2022
August 21, 2022
August 20, 2022
August 19, 2022
August 5, 2022
August 3, 2022
July 28, 2022

സാമ്പത്തിക പ്രതിസന്ധി ഗുരുതരം; ആർബിഐയെ പിഴിയാനൊരുങ്ങി കേന്ദ്രം

പ്രത്യേക ലേഖകൻ
ന്യൂഡൽഹി:
July 8, 2020 10:03 pm

പ്രത്യേക ലേഖകൻ

രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ആർബിഐയെ പിഴിയാനൊരുങ്ങി മോഡി സർക്കാർ. ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ ഏഴ് ശതമാനം ഉയർന്നതോടെ വിവിധ പദ്ധതികൾക്കായി ചെലഴിക്കാൻ പണമില്ലെന്ന പേരിലാണ് ആർബിഐ പഴിയാനുള്ള നടപടികൾ മോഡി സർക്കാർ സ്വീകരിക്കുന്നത്. കൊറോണ വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് യുഎസ്, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ സർക്കാരിനെ സഹായിച്ചുവെന്ന വാദം നിരത്തിയാണ് കേന്ദ്രത്തിന്റെ വിത്തെടുത്ത് കുത്തുന്ന നടപടി.

അധിക വരുമാനത്തിനായി സോവറിൻ ബോണ്ടുകൾ നേരിട്ട് വാങ്ങാനുള്ള നടപടികളാണ് മോഡി സർക്കാർ നിർദ്ദേശിക്കുന്നത്. ഒന്നുകിൽ ബോണ്ടുകൾ നേരിട്ട് വാങ്ങാൻ അനുവദിക്കുക, അല്ലെങ്കിൽ കൂടുതൽ ലാഭവിഹിതം നൽകുക എന്നിവയാണ് നടപടികൾ. ആർബിഐയെ നോക്കുകുത്തിയാക്കുന്ന ഈ രണ്ട് നടപടികളും സമീപഭാവിയിൽ സമ്പദ്‌വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്.

ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുന്നതിനായി പദ്ധതികളിൽ കൂടുതൽ നിക്ഷേപം നടത്തണം. എന്നാൽ ഇത് ആർബിഐയെ കരുവാക്കിയുള്ളതാകരുതെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആന്റ് പോളിസി ചെയർ പ്രൊഫസർ സബ്യസാചി കർ പറയുന്നത്. യുഎസ്, ജപ്പാൻ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളുടെ മാതൃകയിൽ ബോണ്ടുകൾ വാങ്ങാനുള്ള മോഡി സർക്കാരിന്റെ തീരുമാനം പണപ്പെരുപ്പം വർധിപ്പിക്കാൻ കാരണമാകും. വികസിത രാജ്യങ്ങളിൽ നിന്നും വ്യത്യസ്ഥമായ സമീപനമാണ് വികസ്വര രാജ്യങ്ങൾ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതെന്നും കർ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് മൊറട്ടോറിയം ഉൾപ്പെടെയുള്ള നടപടികൾ ആർബിഐ സ്വീകരിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ വായ്പാ പരിധി 12 ലക്ഷം കോടി രൂപയായി വർധിപ്പിച്ചു. ഇപ്പോഴുള്ള ഇന്ത്യൻ ഫിസ്കൽ റെസ്പോൺസിബിലിറ്റി ആന്റ് ബജറ്റ് മാനേജുമെന്റ് ചട്ടങ്ങൾ പ്രകാരം ആർബിഐയ്ക്ക് സർക്കാരിൽ നിന്നും നേരിട്ട് ബോണ്ടുകൾ വാങ്ങാൻ കഴിയില്ല. കഴിഞ്ഞ കാലത്തെ സർക്കാരുകൾ ഈ ചട്ടം കൃത്യമായി പാലിക്കുകയും ചെയ്തു. എന്നാൽ രാജ്യം അസാധാരണമായ പ്രതിസന്ധി നേരിടുമ്പോൾ ഈ ചട്ടം ബാധകമല്ലെന്ന ഉപാധി ഈ വകുപ്പിലുണ്ട്. ഇതിനെ ഉപയോഗിച്ച് ആർബിഐയുടെ സാമ്പത്തിക ഭദ്രതയേയും സ്വയംഭരണാവകാശത്തേയും തകർക്കാനുള്ള നടപടികളാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യത്തെ ധനക്കമ്മി ജിഡിപിയുടെ 11 ശതമാനമായി ഉയരും. കൊറോണ വ്യാപനം തുടങ്ങിയ സാഹചര്യത്തിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ബോണ്ടുകൾ വൻതോതിൽ വാങ്ങികൂട്ടിയിരുന്നു. തങ്ങൾ വാങ്ങിയ ബോണ്ടുകൾക്ക് ആർബിഐ സംരക്ഷണമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കങ്ങൾ പൊതു മേഖലാ ബാങ്കുകളുടെ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കും. ഇതോടെ ഒരിക്കലും കരകയറാൻ കഴിയാത്ത അവസ്ഥയിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നടിയുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

40 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് റേറ്റിങ്

ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി ആഗോള തലത്തിൽ രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങിനേയും ബാധിക്കും. കഴിഞ്ഞ 40 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് റേറ്റിങാണ് ഇപ്പോഴുള്ളത്. ജിഡിപിയിൽ 1994ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണ് ഇപ്പോഴുള്ളത്. അടുത്ത കലണ്ടർ വർഷത്തിൽ രാജ്യത്തിന്റെ പൊതുകടം ജിഡിപിയുടെ 87.5 ശതമാനമായി ഉയരുമെന്നാണ് ഐഎംഎഫിന്റെ റിപ്പോർട്ട്. നിലവിൽ ജിഡിപിയുടെ 70 ശതമാനമാണ് രാജ്യത്തിന്റെ പൊതുകടം. ഇപ്പോഴത്തെ സ്ഥിതിയിൽ ആർബിഐയുടെ മേൽ സമ്മർദ്ദം ചെലുത്തി കൂടുതൽ പണം നേടാനുള്ള മോഡി സർക്കാരിന്റെ തീരുമാനം വിലക്കപ്പെട്ട കനി കഴിക്കുന്ന അവസ്ഥയാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.\

ENGLISH SUMMARY:

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.