സാമ്പത്തിക പ്രതിസന്ധി: രാജ്യത്തെ ജനങ്ങള്‍ കടുത്ത ആശങ്കയിലെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്

Web Desk
Posted on August 11, 2019, 1:09 pm

ന്യൂഡല്‍ഹി:  ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ ജനങ്ങള്‍ കടുത്ത ആശങ്കയിലെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. ഉപഭോഗ വസ്തുക്കളുടെ ആവശ്യകതയിലുള്ള കുറവ്, തൊഴില്‍ മേഖലയിലെ അരക്ഷിതാവസ്ഥ, വരുമാനത്തിലുണ്ടായ കുറവ് തുടങ്ങിയ ഘടകങ്ങളാണ് അതൃപ്തിക്കുള്ള കാരണമെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൊഴില്‍, ചെലവ്, പൊതു സാമ്പത്തിക സാഹചര്യം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ സര്‍വേ നടത്തുന്നത്. സര്‍വേയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലുള്ള നയങ്ങളും പരിപാടികളും നടപ്പാക്കാനാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്. എന്നാല്‍ ഇതൊന്നും ഗൗരവത്തിലെടുക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ ആറുമാസമായി ഉപഭോഗ സാധനങ്ങളുടെ ആവശ്യകത ഗണ്യമായി കുറയുന്നതായി കമ്പോള വിദഗ്ധര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തെ അപേക്ഷിച്ച് ഉപഭോക്തൃ സൂചികയില്‍ 16 ശതമാനം കുറവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. കൂടാതെ സമീപ ഭാവിയില്‍ ഉപഭോക്തൃ സൂചികയില്‍ വര്‍ധന ഉണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. തൊഴില്‍ മേഖല നേരിടുന്ന തകര്‍ച്ചയും അതിന്റെ ഫലമായി വരുമാനത്തിലുണ്ടാകുന്ന കുറവുമാണ് ഈ പ്രശ്‌നത്തിനുള്ള കാരണം.
അവശ്യസാധനങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത ഫര്‍ണിച്ചര്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവുടെ വില്‍പ്പനയും ഗണ്യമായി ഇടിഞ്ഞു.

ജിഎസ്ടി ഉള്‍പ്പെടെയുള്ള സാമ്പത്തിക നയങ്ങളുടെ കെടുതികള്‍ ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തില്‍ ഫര്‍ണിച്ചര്‍, ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ വില്‍പ്പനയില്‍ 15.9 ശതമാനം വര്‍ധനയുണ്ടായി. ഇക്കുറി അത് 6.9 ശതമാനമായി കുറഞ്ഞു. ജനങ്ങളുടെ ജീവന പ്രതീക്ഷാ തോതിലുള്ള കുറവാണ് ഇതിനുള്ള മുഖ്യ കാരണമെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് അടിവരയിടുന്നു.

you may also like this video