June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കേന്ദ്രബജറ്റ് ജനക്ഷേമകരമാകില്ല

By Janayugom Webdesk
January 28, 2020

രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിൽ കേന്ദ്രസര്‍ക്കാരിന് ഇക്കുറി ജനക്ഷേമ ബജറ്റ് അവതരിപ്പിക്കാൻ കഴിയില്ലെന്ന് സാമ്പത്തിക വിദഗ്ധർ. പൊതുബജറ്റ് അവതരിപ്പിക്കാൻ കേവലം ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിലവിലുള്ള സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാതെ ഇരുട്ടിൽ തപ്പുന്ന അവസ്ഥയിലാണ് കേന്ദ്രസർക്കാർ.

കോർപ്പറേറ്റ് മേഖലകൾക്ക് ഇളവുകൾ അനുവദിക്കുന്നതിൽ മോഡി സർക്കാർ പ്രകടിപ്പിക്കുന്ന താൽപ്പര്യം, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി തുടങ്ങിയ ആഭ്യന്തര ഘടകങ്ങളും അന്താരാഷ്ട്ര വിപണിയിൽ ഇന്ധനങ്ങളുടെ വിലയിൽ വരുന്ന വ്യതിയാനം, രൂപയുടെ മുല്യച്യുതി തുടങ്ങിയ ആഗോള സാഹചര്യങ്ങളും ജനപ്രീയ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കും. പ്രഖ്യാപിച്ചാൽ തന്നെ ഇതൊന്നും നടപ്പാക്കാൻ കഴിയാത്ത അവസ്ഥയാകും സംജാതമാകുന്നത്.

കോർപ്പറേറ്റ് നികുതി വെട്ടികുറച്ചത് ഉൾപ്പെടെയുള്ള തീരുമാനങ്ങളെ തുടർന്ന് നികുതി വരുമാനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. റവന്യൂ വരുമാനത്തിലും കുറവുണ്ടായി. ഇതാണ് മോഡി സർക്കാർ നേരിടുന്ന പ്രതിസന്ധിയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
2019–20 സാമ്പത്തിക വർഷത്തിൽ 13.4 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതി വരുമാനമായി ലക്ഷ്യമിട്ടത്. ജനുവരി 23 ലെ കണക്കുകൾ പ്രകാരം 7.3 ലക്ഷം കോടി രൂപമാത്രമാണ് ലഭിച്ചത്. പ്രത്യക്ഷ നികുതി വരുമാനത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ആവശ്യകതയിലുള്ള കുറവ്, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് പ്രത്യക്ഷ നികുതി വരുമാനം കുറയാനുള്ള കാരണം. കോർപ്പറേറ്റ് നികുതി വെട്ടികുറച്ചതിലൂടെ 1.45 ലക്ഷം കോടി രൂപയുടെ കുറവാണ് ഉണ്ടായത്.

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പകുതിയിലേറെ വാഗ്ദാനങ്ങളും നടപ്പാക്കാൻ കഴിയാത്ത സാഹചര്യം മോഡി സർക്കാരിനെതിരെയുള്ള വിമർശനങ്ങൾക്ക് കാരണമായിരുന്നു. കൂടാതെ വിവിധ ഏജൻസികളുടെ സാമൂഹ്യ- സാമ്പത്തിക സൂചികയിലും ഇന്ത്യ ഏറെ പിന്നിലായി. ഐഎംഎഫ് ഉൾപ്പെടെയുള്ള ആഗോള സാമ്പത്തിക സ്ഥാപനങ്ങൾ രാജ്യത്തിന്റെ വളർച്ചാ നിരക്ക് വെട്ടിക്കുറച്ചിരുന്നു. ഈ സാഹചര്യത്തിൽ ജനപ്രീയ പ്രഖ്യാപനങ്ങൾ നടത്തിയാൽ തന്നെ അത് ചാപിള്ളയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
അമേരിക്ക- ചൈന എന്നീ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര യുദ്ധവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നു. കഴിഞ്ഞ അഞ്ച് മാസമായി രാജ്യത്തെ കയറ്റുമതിയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കയറ്റുമതിയിലുള്ള കുറവ് രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനം, നികുതി വരുമാനം എന്നിവയെ ഗണ്യമായി ബാധിക്കും.

അമേരിക്കയുടെ താൽപര്യങ്ങൾക്ക് അനുസൃതമായ വിധത്തിലുള്ള ലോക വ്യാപാര ചട്ടങ്ങളുടെ ഭേദഗതി ഇന്ത്യയുടെ കയറ്റുമതി വരുമാനത്തെയും ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സാധാരണക്കാരന് ഉതകുന്ന വിധത്തിലുള്ള ബജറ്റായിരിക്കില്ല നിർമ്മലാ സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Eng­lish sum­ma­ry: Eco­nom­ic cri­sis; The cen­tral bud­get will not be welfare

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.