ന്യൂഡൽഹി: സാമ്പത്തികമാന്ദ്യം പിടിമുറുക്കിയതോടെ തൊഴിൽ രഹിതരുടെ രാജ്യമായി ഇന്ത്യ മാറുന്നു. ഡിസംബറിൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.7 ശതമാനമായി ഉയർന്നു. നവംബറിൽ ഇത് 7.4 ശതമാനമായിരുന്നു. സെന്റർ ഫോര്‍ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഒക്ടോബറിൽ 8.45 ശതമാനം ആയിരുന്നു തൊഴിലില്ലായ്മാ നിരക്ക്. നവംബറിൽ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷം വീണ്ടും വർധിക്കുകയായിരുന്നു. നഗര പ്രദേശങ്ങളിലും, ഗ്രാമ പ്രദേശങ്ങളിലും തൊഴിലില്ലായ്മ ഉയരുന്നതായി സിഎംഐഇയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. നഗര പ്രദേശങ്ങളിൽ തൊഴിൽ ഇല്ലാത്തവരുടെ നിരക്ക് 8.91 ശതമാനം ആണ്. ഗ്രാമ പ്രദേശങ്ങളിൽ 7.13 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്. നവംബറിൽ ഇത് 6.82 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ രണ്ടു പാദങ്ങളിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അഞ്ച് ശതമാനത്തിൽ താഴെയായതും തൊഴിലില്ലായ്മാ നിരക്ക് ഉയരുന്നതിന് കാരണമായി. തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്ന് നിൽക്കുന്ന പത്തിൽ ആറു സംസ്ഥാനങ്ങളിലും ഭരണം നടത്തുന്നത് ബിജെപിയോ ബിജെപിയുടെ സഖ്യ കക്ഷികളോ ആണെന്നും സിഎംഐഇ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
ത്രിപുര, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ആണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മാ നിരക്കുള്ളത്. 0.9 ശതമാനമുള്ള കർണാടകയും അസമുമാണ് ഏറ്റവും കുറവ് തൊഴിലില്ലായ്മ രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ. തെലങ്കാന, മേഘാലയ എന്നിവ യഥാക്രമം 2.2, 2.5 ശതമാനം രേഖപ്പെടുത്തുന്നു. സിക്കിമിൽ 3.3 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ത്രിപുരയിൽ 28.6 ശതമാനവും ഹരിയാനയിൽ 27.6 ശതമാനവും തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തുന്നു. 20 ന് മുകളിൽ തൊഴിലില്ലായ്മ രേഖപ്പെടുത്തിയ മൂന്നാമത്തെ സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ഝാർഖണ്ഡിൽ 17.7 ശതമാനവും രാജസ്ഥാനിൽ 15.9 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. ഉത്തർപ്രദേശിൽ 2018ൽ ശരാശരി തൊഴിലില്ലായ്മ 5.91 ശതമാനമായിരുന്നു. എന്നാൽ അത് 2019ലെത്തിയപ്പോൾ 9.95 ശതമാനമായി വർധിച്ചു. 2011ലെ സെൻസസ് പ്രകാരം യുപിയിൽ 20 കോടി ജനങ്ങളുണ്ട്. അതായത് മൊത്തം ഇന്ത്യൻ ജനതയുടെ 16 ശതമാനത്തേക്കാളേറെ വരുമിത്. മഹാരാഷ്ട്രയിൽ 2018ൽ 3.81 ശതമാനമായിരുന്നത് 2019ൽ 4.87 ശതമാനമായി കൂടി. പശ്ചിമ ബംഗാളിൽ കഴിഞ്ഞവർഷം 7.05 മായിരുന്നു തൊഴിലില്ലായ്മ നിരക്കെങ്കിൽ ഈ വർഷം അത് 6.36 ശതമാനമായി കുറഞ്ഞു. ബിഹാറിൽ 2018 ലെ 7.84 ശതമാനത്തിൽ നിന്നും 11.47 ശതമാനമായി ഉയർന്നിട്ടുണ്ട്. ജനസംഖ്യയിൽ അഞ്ചാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശിൽ 2018 ലെ 4.6 ശതമാനത്തിൽ നിന്നും 4.71 ശതമാനമായി തൊഴിലില്ലായ്മ നിരക്ക് ഉയർന്നിട്ടുണ്ട്.
English summary: economic crisis; unemployment rate increases
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.